അമരാവതി- തെലുങ്കുദേശം പാർടി നേതാവ് എൻ ചന്ദ്രബാബു നായിഡുവിന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ അന്വേഷണ കമീഷനെ നിയമിച്ച് ആന്ധ്ര സർക്കാർ.
മുൻ ഹൈക്കോടതി ജഡ്ജി ബി ശേഷശയന റെഡ്ഡി ഏകാംഗമായുള്ള അന്വേഷണ കമീഷനെയാണ് സർക്കാർ നിയമിച്ചത്. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ കമീഷനോട് ആവശ്യപ്പെട്ടു. ചന്ദ്രബാബു നായിഡു പങ്കെടുത്ത ടിഡിപിയുടെ രണ്ടു സമ്മേളനത്തിലാണ് കൂട്ടമരണമുണ്ടായത്. കഴിഞ്ഞ 28ന് നെല്ലൂരിലെ കണ്ടുക്കൂരിൽ എട്ടുപേരും ഒന്നിന് ഗുണ്ടൂരിൽ മൂന്നുപേരുമാണ് മരിച്ചത്. ഇതിലേക്കെത്തിയ സാഹചര്യവും ഇതിന് ഉത്തരവാദികളായവരെയും കണ്ടെത്തണമെന്ന് അന്വേഷണ കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.