Saturday, July 27, 2024
HomeNewshouseപ്രവീൺ റാണയ്‌ക്കായുള്ള തെരച്ചിൽ ഊർജിതം; കേസുകളുടെ എണ്ണം വർധിക്കുന്നു

പ്രവീൺ റാണയ്‌ക്കായുള്ള തെരച്ചിൽ ഊർജിതം; കേസുകളുടെ എണ്ണം വർധിക്കുന്നു

തൃശൂർ- സാമ്പത്തിക തട്ടിപ്പ്‌ കേസുകളിൽപ്പെട്ട്‌ ഒളിവിൽ കഴിയുന്ന സേഫ് ആൻഡ് സ്‌ട്രോങ് കമ്പനിയുടെ ചെയർമാൻ കെ പി പ്രവീണിനായുള്ള പൊലീസ്‌ അന്വേഷണം ഉർജിതമാക്കി. പ്രവീണിന്റെ സംസ്ഥാനത്തെ മുഴുവൻ സ്ഥാപനങ്ങളിലും ശനിയാഴ്‌ച പൊലീസ്‌ റെയ്‌ഡ്‌ നടത്തി. ഡോ. പ്രവീൺ റാണ എന്ന പേരിൽ സ്വയം പരിചയപ്പെടുത്തിയ പ്രവീൺ വൻ പലിശ വാഗ്‌ദാനം നൽകി കോടികളുടെ തട്ടിപ്പ്‌ നടത്തിയാണ്‌ മുങ്ങിയത്‌. നേരത്തേതന്നെ പ്രവീൺ സംസ്ഥാനത്തെ  തന്റെ മിക്കവാറും സ്ഥാപനങ്ങൾ  പൂട്ടിയിരുന്നു. തുറന്നിരുന്ന മറ്റു സ്ഥാപനങ്ങൾ പൊലീസ്‌ അടച്ച്‌  സീൽ ചെയ്‌തു.

വിവിധ സ്റ്റേഷനുകളിൽ ലഭിച്ച പരാതികളിലായി 25 ഓളം കേസുകൾ ഇയാൾക്കെതിരെയുണ്ട്. പ്രവീണിന്റെ സ്ഥാപനങ്ങളിലും വെളുത്തൂരിലെ വീട്ടിലും പൊലീസ് നടത്തിയ പരിശോധനയിൽ നിക്ഷേപകരുമായി ബന്ധപ്പെട്ട ഇടപാട് രേഖകൾ കണ്ടെടുത്തി. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ മാത്രം 15 കേസുകളുണ്ട്. കൂടാതെ, തൃശൂർ വെസ്റ്റ്, കുന്നംകുളം, പീച്ചി തുടങ്ങിയ സ്‌റ്റേഷനുകളിലായാണ്‌ കേസുകൾ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. 

‘സേഫ് ആൻഡ്‌ സ്‌ട്രോങ്‌ നിധി’ എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളിൽ ഫ്രാഞ്ചൈസി നൽകാമെന്ന് വിശ്വസിപ്പിച്ചും നിക്ഷേപങ്ങളിലൂടെ പ്രവീൺ റാണ നാലുവർഷംകൊണ്ട് നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫ്രാഞ്ചൈസിയിൽ ചേർന്നാൽ 48 ശതമാനം പലിശയും കാലാവധി കഴിയുമ്പോൾ മുതലും തിരികെ ലഭിക്കുമെന്ന വാഗ്‌ദാനത്തിലായിരുന്നു നിക്ഷേപകർ റാണയുടെ വലയിൽ കുടുങ്ങിയത്‌.

റാണയുടെ വീട്ടിലും സ്ഥാപനങ്ങളിലും പൊലീസ് അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ ഫോണും സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്.

- Advertisment -

Most Popular