Saturday, July 27, 2024
Homeപ്രണയത്തില്‍ നിന്നും പിന്‍മാറി; യുവതിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍
Array

പ്രണയത്തില്‍ നിന്നും പിന്‍മാറി; യുവതിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

തിരുവല്ല | യുവതിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ തിരുവല്ല പോലീസിന്റെ പിടിയിലായി. തിരുവല്ല കോട്ടത്തോട് മഠത്തില്‍ പറമ്പില്‍വീട്ടില്‍ വിഷ്ണു (26), കോട്ടത്തോട് വാഴക്കുന്നത്ത് വീട്ടില്‍ അക്ഷയ് (25) എന്നിവരാണ് പിടിയിലായത്. കോയിപ്രം സ്വദേശിയായ 28കാരിക്കാണ് പരുക്കേറ്റത്.

വ്യാഴാഴ്ച വൈകീട്ട് 6.45ഓടെ തുകലശ്ശേരി മാക്ഫാസ്റ്റ് കോളജിന് സമീപമായിരുന്നു സംഭവം. വിഷ്ണുവും യുവതിയും രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. രണ്ടുമാസം മുമ്പ് യുവതി ബന്ധത്തില്‍ നിന്ന് പിന്മാറി. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി മാതൃസഹോദരിയുടെ വീട്ടിലാണ് കുറേക്കാലമായി താമസിക്കുന്നത്. പതിവുപോലെ ജോലിക്ക് പോയി മടങ്ങും വഴി മദ്യലഹരിയില്‍ കാറില്‍ എത്തിയ വിഷ്ണു യുവതിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശരീരമാസകലം പരുക്കേറ്റ യുവതിയെ സമീപവാസികള്‍ ചേര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

യുവതിയുടെ തലക്ക് ഉള്‍പ്പെടെ കാര്യമായ പരുക്കേല്‍ക്കുകയും വലതുകൈക്ക് പൊട്ടലുണ്ടാവുകയും ചെയ്തിട്ടുണ്ട്. സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ വെള്ളിയാഴ്ച വൈകീട്ടോടെ കുറ്റപ്പുഴയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

- Advertisment -

Most Popular