Wednesday, September 11, 2024
Homeകാസർകോട് ഭക്ഷ്യവിഷബാധ: കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു, മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി
Array

കാസർകോട് ഭക്ഷ്യവിഷബാധ: കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു, മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി

കാസർകോട്- കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ പെൺകുട്ടി മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കാസർകോട് തലക്ലായിൽ അഞ്ജുശ്രീ പാർവ്വതി (18) ആണ് മരിച്ചത്. അംബികയുടെയും പരേതനായ കുമാരൻ നായരുടെയും മകളാണ്. ഹോട്ടലിൽ നിന്ന് ഓൺലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് ശാരീരിക അസ്വാസ്ഥതകളുണ്ടായത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇവിടെ വെച്ച് ശനിയാഴ്‌ച‌ ‌രാവിലെയാണ് മരണം.

മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിൽ രണ്ടാം വർഷ വിദ്യാർഥിനിയാണ്. പുതുവത്സരത്തലേന്നാണ് അഞ്ജുശ്രീ ഓൺലൈനായി കുഴിമന്തി വാങ്ങിയത്. വീട്ടിൽവെച്ച് കുടുംബത്തിനൊപ്പം ഭക്ഷണം കഴിച്ചവർക്കെല്ലാം ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. അഞ്ജുശ്രീ പാർവതിയുടെ നിലമോശമായിരുന്നു. തുടർന്ന് കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവരും. ഇവിടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പരിയാരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ‌മോർട്ടത്തിനായി കൊണ്ടുപോകും. കുടുംബം മേൽപ്പറമ്പ് പോലീസിന് നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.

അതേസമയം കാസർകോട് പെൺകുട്ടി ഭക്ഷ്യ വിഷബാധയേറ്റ് മരണമടഞ്ഞു എന്ന റിപ്പോർട്ടുകളെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി. ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്യുന്ന സ്ഥാപനത്തിന്റെ എഫ് എസ് എസ് എ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.

- Advertisment -

Most Popular