Wednesday, September 11, 2024
HomeNewshouseമതിയായ പരിശോധനയില്ലാതെ പ്രവര്‍ത്തനാനുമതി; ഒരുമാസം മുമ്പ് ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധ; ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍;...

മതിയായ പരിശോധനയില്ലാതെ പ്രവര്‍ത്തനാനുമതി; ഒരുമാസം മുമ്പ് ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധ; ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍; കോട്ടയത്തെ ഭക്ഷ്യവിഷബാധയില്‍ കടുത്ത നടപടി

കോട്ടയത്ത് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍. മതിയായ പരിശോധനകൾ നടത്താതെ പ്രവർത്തനാനുമതി നൽകിയ ഹെൽത്ത് സൂപ്പർവൈസറെ നഗരസഭ സസ്പെൻഡ് ചെയ്തു. കോട്ടയം സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച യുവതിയാണ് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. 

കഴിഞ്ഞ ഡിസംബർ 29 നാണ് കോട്ടയം കിളിരൂർ സ്വദേശി രശ്മി രാജ് പാർക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ഇവർക്കൊപ്പം ഭക്ഷണം കഴിച്ച ഇരുപതോളം പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ഇപ്പോഴും ആശുപത്രികളിൽ കഴിയുകയാണ്. രശ്മിയുടെ ശരീര ശ്രവങ്ങൾ രാസ പരിശോധനയ്ക്കായി തിരുവനന്തപുരം റീജണൽ ലാബിലേക്ക് അയക്കും.

ഒരു മാസം മുമ്പും ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്ന് നഗരസഭ ഹോട്ടലിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ കണ്ണടച്ചതോടെ പിന്നീടും  ഹോട്ടല്‍ പ്രവര്‍ത്തനം നിർബാധം തുടരുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. 

അതേ സമയം, സംക്രാന്തിയിലെ ഹോട്ടലിനെതിരെ കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ട്. ഇരുപതോളം പേർക്കാണ് ഡിസംബർ 29 ന് ഹോട്ടലിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റത്. എല്ലാവരും അപകടനില തരണം ചെയ്തെങ്കിലും പലരും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയേറ്റ കോട്ടയം സ്വദേശി ഇമ്മാനുവേലിന് ഇപ്പോഴും ചികിത്സയിലാണ്.

- Advertisment -

Most Popular