മന്ത്രിസഭയിലേക്ക ഇന്ന് തിരിച്ചെത്തുന്ന സജി ചെറിയാന് പഴയ വകുപ്പുകള്‍ തന്നെ നല്‍കിയേക്കും. നേരത്തെ മന്ത്രിസ്ഥാനമൊഴിഞ്ഞപ്പോള്‍ വകുപ്പുകള്‍ ഇതരമന്ത്രിമാര്‍ക്ക് വീതം വച്ചുനല്‍ക്കുയായിരുന്നു. വിഎന്‍വാസവന്‍, വി അബ്ദുറഹ്‌മാന്‍, മുഹമ്മദ്‌റിയാസ് എന്നിവര്‍ക്കാണ് വകുപ്പുകള്‍ വീതം വച്ചത്. മടങ്ങിയെത്തുമെന്ന പാര്‍ട്ടിയുടെ വിലയിരുത്തല്‍ പ്രകാരം ഒഴിഞ്ഞുപോയ മന്ത്രിമാരോടുള്ള സമീപം മുഖ്യമന്ത്രി സജി ചെറിയാനോട് സ്വീകരിച്ചിരുന്നില്ല. വകുപ്പുകള്‍ക്കൊപ്പം പേഴ്‌സണല്‍ സ്റ്റാഫിനെയും മറ്റുമന്ത്രിമാരുടെ വകുപ്പുകളിലാണ് ക്രമീകരിച്ചിരുന്നത്. പേഴ്‌സണല്‍ സ്റ്റാഫുകളുടെയും സത്യപ്രതിജ്ഞ കഴിയുന്നതോടെ പുനക്രമീകരണം നടക്കും. അതേ സമയം സജി ചെറിയാന്‍ നേരത്തെ താമസിച്ചിരുന്ന ഔദ്യോഗിക വസതി ലഭിക്കാനിടയില്ല. മന്ത്രി വി അബ്ദുറഹ്‌മാന്‍ കഴിഞ്ഞ ദിവസമാണ് കവടിയാര്‍ ഹൗസിലേക്ക് താമസം മാറ്റിയത്. അതുകൊണ്ട് സജി ചെറിയാന് വാടക വീട് കണ്ടെത്തേണ്ടി വരും. അല്ലെങ്കില്‍ ഏറെ നാളിന് ശേഷം അവിടെ താമസമാക്കിയ അബ്ദുറഹ്‌മാനെ ഒഴിപ്പിക്കേണ്ടിവരും. അതിന് സാധ്യത കുറവാണ് എന്നതിനാല്‍ വാടവീട് കണ്ടെത്തി ഔദ്യോഗിക വസതിയാക്കുക എന്നതാണ് പെട്ടെന്നുണ്ടാകാനിടയുള്ള തീരുമാനം.
സജി ചെറിയാനെ അപമാനിതനാക്കി പറഞ്ഞയക്കരുത് എന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് മടങ്ങിവരവിന് കാരണമായതെന്നാണ് വിലയിരുത്തല്‍. എംവിഗോവിന്ദനും ആ നിലപാടെടുത്തു. ബന്ധുനിയമനാരോപണത്തെ തുടര്‍ന്ന് ഇപി ജയരാജന് അനുവദിച്ച ഇളവ് സജി ചെറിയാനും നല്‍കണമെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. കടുത്ത നിലപാടുകള്‍ കണ്ണുംപൂട്ടി പറയുന്ന രീതി സജി ചെറിയാന്‍ പുനപ്പരിശോധിക്കണമെന്നും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടുകള്‍ പരസ്യമായ കൈക്കൊള്ളുന്നത് നിയന്ത്രിക്കണമെന്നും കഴിഞ്ഞ സെക്രട്ടേറിയേറ്റ് യോഗത്തില്‍ പാര്‍ട്ടി നിര്‍ദേശിച്ചു. ബിജെപി കേന്ദ്രംഭരിക്കുകയും ആരിഫ് മുഹമ്മദ് ഖാനെ പോലൊരു ഗവര്‍ണര്‍ കേരളത്തിലുണ്ടാകുകയും ചെയ്യുന്ന സാഹചര്യം ഓര്‍ത്തുവേണം പ്രതികരണങ്ങളും ഇടപെടലുകളും നടത്താനെന്നും സെക്രട്ടേറിയേറ്റില്‍ നിര്‍ദേശമുണ്ടായി.