Wednesday, September 11, 2024
HomeNewshouseസത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല; പറഞ്ഞത് ഗോള്‍വാള്‍ക്കര്‍ പറഞ്ഞ കാര്യം തന്നെ; കുന്തവും കൊടച്ചക്രവും എന്ന...

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല; പറഞ്ഞത് ഗോള്‍വാള്‍ക്കര്‍ പറഞ്ഞ കാര്യം തന്നെ; കുന്തവും കൊടച്ചക്രവും എന്ന നിലപാടില്‍ മാറ്റമുണ്ടോ? സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് അധാർമ്മികം: വി.ഡി. സതീശൻ

കൊച്ചി: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് അധാർമ്മികമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോടതി പരിഗണനയിലുള്ള വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് സിപിഎമ്മല്ല. സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കാൻ സർക്കാർ തയാറാകണമെന്നും പറവൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സതീശൻ ആവശ്യപ്പെട്ടു.
ഭരണഘടനാ ശിൽപികളെ അവഹേളിക്കുകയും ഭരണഘടന കുന്തവും കൊടച്ചക്രമവുമാണെന്ന് അധിക്ഷേപിക്കുകയും ചെയ്ത സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം യുഡിഎഫ് അംഗീകരിക്കില്ല. പൊലീസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി കൈകടത്തിയാണ് സജി ചെറിയാന് അനുകൂലമായ റിപ്പോർട്ട് ഉണ്ടാക്കിയെടുത്തത്. കേസിൽ ഒരു കോടതിയും തീർപ്പ് കൽപ്പിച്ചിട്ടില്ല.

കോടതി തീരുമനത്തിന് വിധേയമായി മാത്രമെ സജി ചെറിയാന് വീണ്ടും മന്ത്രിയാകാൻ സാധിക്കൂ. കോടതി കുറ്റവിമുക്തനാക്കാതെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിനെ യുഡിഎഫ് ശക്തിയായി എതിർക്കും. ഭരണഘടനയോട് കൂറും വിശ്വാസ്യതയും പുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ മന്ത്രി ഭരണഘടനയെയും അതിന്റെ ശിൽപികളെയും അധിക്ഷേപിച്ചതിനെ തുടർന്നാണ് രാജി വച്ചത്. ഇതിൽ നിന്നും എന്ത് മാറ്റമാണ് ഇപ്പോഴുണ്ടായതെന്നു സതീശൻ ചോദിച്ചു.
മന്ത്രി സ്ഥാനം രാജിവച്ചിട്ടും ഭരണഘടനയെ അവഹേളിച്ചുള്ള പരാമർശം പിൻവലിക്കാൻ സജി ചെറിയാനോ സി.പി.എമ്മോ സർക്കാരോ പിൻവലിക്കാത്ത അസാധാരണ സാഹചര്യമാണ് നിലനിൽക്കുന്നത്. ആർഎസ്എസ് ആചാര്യനായ ഗോൾവാൾക്കർ ഭരണഘടനയെ കുറിച്ച് പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് സജി ചെറിയാനും പറഞ്ഞത്. ഇതിനോട് സിപിഎം യോജിക്കുന്നുണ്ടോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കണം. ഭരണഘടനയെയും ഭരണഘടനാ മൂല്യങ്ങളെയും തകർക്കാർ സംഘപരിവർ ശക്തികൾ ശ്രമിക്കുന്നെന്ന് ദേശീയതലത്തിൽ പ്രതിപക്ഷ കക്ഷികൾ ആരോപണം ഉന്നയിക്കുന്ന കാലത്താണ് സി.പി.എം മന്ത്രിയായിരുന്ന ഒരാൾ ഗോൾവാൾക്കറെ അനുകൂലിച്ചത്. സജി ചെറിയാന്റെ പ്രസംഗം എം.വി ഗോവിന്ദൻ അംഗീകരിക്കുന്നുണ്ടെങ്കിൽ ഗോൾവാൾക്കർ പറഞ്ഞതിനെ സി.പി.എം അംഗീകരിക്കുന്നുവെന്നാണ് അർത്ഥം. പ്രസംഗം ഭരണഘടനാ വിരുദ്ധമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് എം.വി ഗോവിന്ദനല്ല, കോടതിയാണ്. ഇത് പാർട്ടി കോടതി തീരുമാനിക്കേണ്ട വിഷയമല്ലെന്നും സതീശൻ പറഞ്ഞു.


ശശി തരൂരിന്റെ പ്രസ്താവന മാധ്യമങ്ങൾ ഇഷ്ടം പോലെ വ്യാഖ്യാനിക്കുകയാണ്. അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. വി.ഡി സതീശന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടെന്നാണ് ഒരു മാധ്യമം വാർത്ത നൽകിയത്. എന്നെ ആ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുമില്ല, ഇതുവരെ അവിടെയൊരു പരിപാടിയിൽ പങ്കെടുത്തിട്ടുമില്ല. ഈ വിഷയത്തിലേക്ക് എന്നെ മനഃപൂർവം വലിച്ചിഴയ്ക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. പരാജയത്തിന്റെ പടുകുഴിയിൽ വീണ പ്രസ്ഥാനത്തെയും മുന്നണിയെയും തിരിച്ച്‌കൊണ്ടുവരാൻ 24 മണിക്കൂറും കഠിനാധ്വാനം ചെയ്യുന്നവരാണ് ഞങ്ങളൊക്കെ. എന്റെ നാവിൽ നിന്നും എന്തെങ്കിലും വീണ് ഒരു വിവാദം ഉണ്ടാക്കാൻ ശ്രമിക്കേണ്ട. എന്റെ നാവിൽ നിന്നും പാർട്ടിയെ ബാധിക്കുന്ന ഒരു വിവാദവും ഉണ്ടാകില്ല. നേതൃതലത്തിൽ ഇരിക്കുന്നവർ വിമർശനം കേൾക്കാൻ ബാധ്യസ്ഥരാണ്. അത്തരം വിമർശനങ്ങളോട് ക്രിയാത്മകമായി സ്വീകരിക്കുമെന്നും അദ്ദേഹം വിശദമാക്കി.

- Advertisment -

Most Popular