Saturday, July 27, 2024
Homeകുത്തിത്തിരിപ്പുണ്ടാക്കാന്‍ പ്രതിപക്ഷവും മാധ്യമങ്ങളും; ഗവര്‍ണറെ പിരി കയറ്റാന്‍ നിയമോപദേശവാര്‍ത്തകളും നിറച്ചു; ഒരുകൈനോക്കാന്‍ ഗവര്‍ണറും ഇറങ്ങിത്തിരിച്ചു; ഒടുവില്‍...
Array

കുത്തിത്തിരിപ്പുണ്ടാക്കാന്‍ പ്രതിപക്ഷവും മാധ്യമങ്ങളും; ഗവര്‍ണറെ പിരി കയറ്റാന്‍ നിയമോപദേശവാര്‍ത്തകളും നിറച്ചു; ഒരുകൈനോക്കാന്‍ ഗവര്‍ണറും ഇറങ്ങിത്തിരിച്ചു; ഒടുവില്‍ പത്തിമടക്കി കീഴടങ്ങി; സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ തന്നെ

മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം തള്ളിക്കൊണ്ട് സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്കുള്ള അപേക്ഷ ഗവര്‍ണര്‍ മടക്കുമെന്ന സകല മാധ്യമ, പ്രതിപക്ഷ പ്രചാരണങ്ങള്‍ പൊളിഞ്ഞു. മണിക്കൂറുകള്‍ മാത്രം നീണ്ട പ്രത്യേകനിയമോപദേശ, കുത്തിത്തിരിപ്പ് വാര്‍ത്തകള്‍ക്ക് വിരാമമായി. സജി ചെറിയാന്‍ മന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണറുടെ അനുമതി സര്‍ക്കാരിന് ലഭിച്ചു. വൈകീട്ട് നാല് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. ഗവര്‍ണര്‍ സത്യപ്രതിജ്ഞ വൈകിക്കുന്നതിനെതിരെ പലകോണുകളില്‍നിന്നും വിമര്‍ശനം വന്ന സാഹചര്യത്തില്‍ വൈകിപ്പിക്കാനുള്ള ആലോചനകളില്‍ നിന്ന് ഗവര്‍ണര്‍ തന്നെ പിന്‍മാറുകയായിരുന്നു.

ഒരുജനാധിപത്യസംവിധാനത്തില്‍ അനാരോഗ്യകരമായ സാഹചര്യങ്ങള്‍ക്കാണ് ഗവര്‍ണറും പ്രതിപക്ഷവും മാധ്യമങ്ങളും കോപ്പുകൂട്ടിയിരുന്നത്. ഭരണഘടനാലംഘനം പ്രസംഗത്തിലൂടെ നടത്തിയ സജി ചെറിയാന്‍ എന്നതായിരുന്നു മാധ്യമചിത്രീകരണം. എന്നാല്‍ ഗവര്‍ണറെ ഔദ്യോഗികമായോ അല്ലാതയെ ഒരുമന്ത്രിയുടെ രാജികാരണം അറിയിക്കേണ്ടതില്ല. അതുകൊണ്ട് എന്താണ് കാരണം എന്നത് യഥാര്‍ത്ഥത്തില്‍ ഗവര്‍ണറെ ബാധിക്കുന്ന പ്രശ്‌നമേയല്ല. എന്നാല്‍ ഇതിനിടയില്‍ പ്രതിപക്ഷം ഒരുപരാതി നല്‍കിക്കൊണ്ട് ഗവര്‍ണറെ സഹായിക്കാനിറങ്ങിപ്പുറപ്പെട്ടു.

പരാതിയില്‍ സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധപ്രസംഗം എന്ന പരാമര്‍ശം ഉള്‍പ്പെടുത്തി. ബിജെപിയും ഈ ഘട്ടത്തില്‍ ഗവര്‍ണര്‍ക്കൊപ്പം നിന്നു. നിയമോപദേശത്തിന്റെ വിശാലമായ സാധ്യതകളെന്ന നിലയില്‍ മനോരമ, മാതൃഭൂമിയാദി പത്രങ്ങളും വാര്‍ത്താചാനലുകളും ഗവര്‍ണറെ ആവോളം പ്രോത്സാഹിപ്പിച്ചു. എന്നാല്‍ ഒരുഗവര്‍ണര്‍ക്കും ഒരിക്കലും ചെയ്യാനാകാത്ത കാര്യമാണ് സകലരും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്നതിനാല്‍ സത്യപ്രതജ്ഞയ്ക്ക് അനുമതി നല്‍കാതിരിക്കുക എന്ന പ്രായോഗികമല്ല. അതുകൊണ്ട് ഒടുക്കം ഗവര്‍ണര്‍ തന്റെ ഡ്യൂട്ടി നിര്‍വഹിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്.

ജൂലൈ ആറിനാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചത്.  സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചത്. സജി ചെറിയാനെതിരെ ഭരണഘടനാ വിരുദ്ധ പ്രസംഗം സംബന്ധിച്ച് തിരുവല്ല കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്.സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിരുന്നു. മുഖ്യമന്ത്രി നിർദേശിക്കുന്ന മന്ത്രിയുടെ പേര് ഗവർണർക്ക് തള്ളാനാകില്ല. സത്യപ്രതിജ്ഞ ഒരുക്കേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നാണ് നിയമോപദേശം ലഭിച്ചത്.

- Advertisment -

Most Popular