Saturday, September 14, 2024
Homeരാജീവ് ചന്ദ്രശേഖറും വി.മുരളീധരനും മഹാന്മാരോ? അബ്ദുള്‍ വഹാബിനെ വെറുതെ വിടില്ല; ശിഹാബ് തങ്ങള്‍ നേരിട്ട്...
Array

രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും മഹാന്മാരോ? അബ്ദുള്‍ വഹാബിനെ വെറുതെ വിടില്ല; ശിഹാബ് തങ്ങള്‍ നേരിട്ട് വിശദീകരണം ചോദിച്ചു

വി.മുരളീധരന്‍ ഉള്‍പ്പെടെയുള്ള ബിജെപി മന്ത്രിമാരെ പുകഴ്ത്തിയ പിവിഅബ്ദുള്‍ വഹാബിന്റെ നിലപാട് തള്ളി മുസ്ലിംലീഗ് നേതൃത്വം. വഹാബിന്റെ പരാമര്‍ശം പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഏതു സാഹചര്യത്തിലാണ് പരാമർശം എന്നതിനെക്കുറിച്ച് വഹാബിനോട് വിശദീകരണം തേടുമെന്നും മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു. പാർട്ടി അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ പേരിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വാർത്തക്കുറിപ്പ് ഇപ്രകാരമാണ്- ” കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച് രാജ്യസഭയിൽ പി വി അബ്ദുൽ വഹാബ് എംപി നടത്തിയ പരാമർശത്തോടെ പാർട്ടി യോജിക്കുന്നില്ല. ഏതു സാഹചര്യത്തിലാണ് പ്രസ്തുത പരാമർശം എന്നതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കും. ”

വഹാബിന്റെ പരാമർശത്തിൽ മുസ്ലിം ലീഗിൽ അതൃപ്തി രൂക്ഷമാണ്. സാദിഖ് അലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗം ചേർന്നാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതിനുശേഷമാണ് വാർത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുള്ളത്.

വഹാബിന്റെ വ്യക്തി താൽപര്യവും പാർട്ടി താൽപര്യങ്ങളും രണ്ടാണെന്ന് ആക്ഷേപം മുൻപ് തന്നെ പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. വി മുരളീധരനെയും രാജീവ് ചന്ദ്രശേഖരനെയും പുകഴ്ത്തിക്കൊണ്ടുള്ള വഹാബിന്റെ പരാമർശം കൂടി ഉണ്ടായതോടെ വഹാബിനെതിരെ മുസ്ലിം ലീഗിനുള്ളിൽ നിന്ന് തന്നെ കുറ്റപ്പെടുത്തൽ ശക്തമായി. കോൺഗ്രസിന്റെ ഭാഗത്തുള്ള സമ്മർദ്ദം കൂടി വന്നതോടെ മുസ്ലിം ലീഗ് നേതാക്കൾക്ക് വഹാബിനെതിരെ പരസ്യപ്രസ്താവന പുറപ്പെടുവിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ആ സാഹചര്യത്തിലാണ് സാദിഖലി ശിഹാബ് തങ്ങൾ തന്നെ നേരിട്ട് വഹാബിനോട് വിശദീകരണം ചോദിക്കുമെന്ന് വാർത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

വഹാബിന്റെ പരാമർശത്തിൽ മുസ്ലിം ലീഗ് ആദ്യം നിലപാട് പറയട്ടെ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിവാദത്തിൽ പ്രതികരിച്ചത്.

മുരളീധരന്‍ മുഖ്യമന്ത്രിയെയും കേരളത്തെയും ചീത്തവിളിക്കുന്നു എന്ന് പറഞ്ഞ ബ്രിട്ടാസിനെ തള്ളുകയായിരുന്നു വഹാബ്. മാത്രമല്ല കുറച്ച് കടത്തിപ്പറഞ്ഞുകൊണ്ട് കേരളത്തിലെ ചില പ്രശ്‌നങ്ങള്‍ മുരളി ചൂണ്ടിക്കാണിക്കുകയാണെന്ന ന്യായീകരണവും നടത്തി.

കേന്ദ്ര മന്ത്രിമാരായ വി. മുരളീധരനെയും രാജീവ് ചന്ദ്രശേഖറിനെയും പ്രശംസിച്ച് രാജ്യസഭയിൽ ആണ് പി വി അബ്ദുൽ വഹാബ് സംസാരിച്ചത്. വി. മുരളീധരൻ ഡൽഹിയിൽ കേരളത്തിന്റെ അംബാസഡറാണെന്ന് രാജ്യസഭയിൽ ധനവിനിയോഗ ബില്ലിൽ നടന്ന ചർച്ചയിൽ വഹാബ് അഭിപ്രായപ്പെട്ടു.

മന്ത്രി രാജീവ് ചന്ദ്രശേഖർ വൈദഗ്ധ്യ വികസനത്തിൽ ചെയ്യുന്നത് പ്രശംസനീയമാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആയിരുന്നു പി വി അബ്ദുൽ വഹാബ് പറഞ്ഞത്. ” താങ്കൾ ഇല്ലായിരുന്നുവെങ്കിൽ കേരളത്തിന്റേത് ശൂന്യമാകുമായിരുന്നുവെന്ന് ” മന്ത്രി മുരളീധരനെ നോക്കി വഹാബ് പറഞ്ഞു. സ്വന്തം പാർട്ടിയുടെ മാത്രമല്ല, കേരളത്തിന്റെ കാര്യവും മന്ത്രി ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ, കേരളത്തിൽ വരുമ്പോൾ ആവശ്യമില്ലാത്ത ചില പരാമർശങ്ങൾ അദ്ദേഹം കേരള സർക്കാറിനെ കുറിച്ച് നടത്താറുണ്ടെന്നും വഹാബ് പറഞ്ഞു.

ഡല്‍ഹിയിലെ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണ് വി മുരളീധരനെന്ന് പിവി അബ്ദുള്‍ വഹാബ് എംപി രാജ്യസഭയില്‍ പറഞ്ഞു. മികച്ച രീതിയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരായ അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.വി. മുരളീധരനെതിരായ ജോണ്‍ ബ്രിട്ടാസ് എം.പിയുടെ പരാമര്‍ശങ്ങള്‍ തള്ളിക്കൊണ്ടായിരുന്നു വഹാബിന്റെ പ്രതികരണം. അദ്ദേഹമില്ലാത്തപ്പോള്‍വല്ലാത്ത ശൂന്യതയുണ്ടാകുന്നുവെന്നും വഹാബ് പറഞ്ഞു.

‘കേരളത്തിന് വേണ്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ് വി. മുരളീധരന്‍. കേരളത്തിന്റെ അംബാസഡറാണ്. കേരളത്തെ അദ്ദേഹം നന്നായി നോക്കുന്നുണ്ട്. എന്നാല്‍ കേരളത്തിനെതിരേ റോഡുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. അതില്‍ വാസ്തവമുണ്ട്’, അബ്ദുള്‍ വഹാബ് പറഞ്ഞു.

കേരളത്തിന്റെ വികസനത്തിന് മുരളീധരന്‍ തടസം നില്‍ക്കുന്നുവെന്നും നോട്ട് അസാധുവാക്കല്‍ സമയത്ത് പറഞ്ഞ കാര്യങ്ങള്‍ പിന്നീട് അദ്ദേഹം മറന്നുപോയെന്നും ജോണ്‍ ബ്രിട്ടാസ് എം.പി. രാജ്യസഭയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വഹാബിന്റെ പരാമര്‍ശം.

വഹാബിന്റെ പരാമര്‍ശത്തിനെതിരെ കെ.മുരളീധരന്‍ രംഗത്തുവന്നതും ശ്രദ്ധേയമാണ്. വഹാബിനെ ലീഗ് ഇടപെട്ട് തിരുത്തണമെന്നും മുരളീധരന്‍ കേരളത്തിന് വേണ്ടി ഒന്നും ചെയ്യുന്ന ആളല്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു. മാത്രമല്ല മുഖ്യമന്ത്രിയുമായി ഉണ്ടെന്ന് പറയുന്ന പ്രശ്‌നങ്ങള്‍ വെറും അഭിനയമാണെന്നും അവര്‍ രഹസ്യമായി പരസ്പരം സഹരായിക്കുന്നവരാണെന്നുമാണ് ഇതുവരെ ഉന്നയിച്ച ആരോപണം.

എന്തായാലും മുസ്ലിംലീഗില്‍ ഇക്കാര്യത്തില്‍ ഉണ്ടാകാനിടയുള്ള ചര്‍ച്ചകളെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ആകാംക്ഷയോടെ നോക്കുന്നത്.

- Advertisment -

Most Popular