ജെയിംസ് കാമറൂണിന്റെ അവതാർ രണ്ടാം ഭാഗം ‘ദി വേ ഓഫ് വാട്ടർ’ കാണുന്നതിനിടയിൽ ഹൃദയാഘാതം സംഭവിച്ച് യുവാവ് മരിച്ചു. ആന്ധ്രാപ്രദേശിലെ കാകിനട ജില്ലയിലാണ് സംഭവം. തിയേറ്ററിൽ സിനിമ കാണുന്നതിനിടയിലാണ് ലക്ഷ്മി റെഡ്ഡി ശ്രീനു എന്നയാൾക്ക് ഹൃദയാഘാതമുണ്ടായത്.
കാകിനടയിലെ പെഡ്ഡപുരത്തുള്ള തിയേറ്ററിൽ സഹോദരനൊപ്പമാണ് ശ്രീനു സിനിമ കാണാനെത്തിയത്. സിനിമ പ്രദർശനം തുടരുന്നതിനിയിൽ ശ്രീനു കുഴഞ്ഞുവീണു. ഉടൻ തന്നെ സഹോദരൻ പെഡ്ഡപുരം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവതാർ കാണുന്നതിനിടയിൽ ആവേശവും ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടായതിനെ തുടർന്നാണ് ഹൃദയാഘാതമുണ്ടായതെന്നാണ് ഡോക്ടർമാർ പറയുന്നത്. ശ്രീനുവിന് നേരത്തേ രക്തസമ്മർദ്ദം ഉണ്ടായിരുന്നതായും സഹോദരൻ ഡോക്ടർമാരെ അറിയിച്ചു.
അവതാർ ആദ്യ ഭാഗത്തിന്റെ പ്രദർശന സമയത്തും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. തായ് വാനിൽ 42 കാരനാണ് അന്ന് തിയേറ്ററിൽ ഹൃദയാഘാതം വന്ന് മരിച്ചത്.
അവതാർ ആദ്യ ഭാഗം ഇറങ്ങി 13 വർഷങ്ങൾക്കു ശേഷമാണ് രണ്ടാം ഭാഗം എത്തുന്നത്. ഏതാനും വർഷങ്ങളായി ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ കാത്തിരുന്ന ചിത്രമാണ് ഡിസംബർ 16 ന് റിലീസ് ചെയ്തത്. 3 മണിക്കൂര്‍ 12 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.
1832 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്.
2009ല്‍ അവതാര്‍ ഇറങ്ങിയപ്പോള്‍ പിറന്നത് വലിയ റെക്കോര്‍ഡ് നേട്ടങ്ങളായിരുന്നു. 237 മില്യണ്‍ യുഎസ് ഡോളര്‍ ചിലവില്‍ വന്ന ചിത്രം ആകെ 2.8 ബില്യണ്‍ യുഎസ് ഡോളറാണ് വാരിക്കൂട്ടിയത്. ജെയിംസ് കാമറൂണിന്റെ തന്നെ ടൈറ്റാനിക് കുറിച്ച റെക്കോര്‍ഡാണ് അവതാര്‍ തകര്‍ത്തത്. സെപ്റ്റംബറില്‍ അവതാര്‍ റീ റീലിസിലൂടെ 2.9 ബില്യണ്‍ ഡോളര്‍ നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചു.