Saturday, September 14, 2024
HomeNewshouseപദവി ഒഴിഞ്ഞാല്‍ കമ്മീഷന്‍ പോകും, പണം വരണമെങ്കില്‍ കാലുമാറണം; ഭാര്യയുമായുള്ള സ്വകാര്യ സംഭാഷണം വൈറലായി,കോണ്‍ഗ്രസ് നേതാവായ...

പദവി ഒഴിഞ്ഞാല്‍ കമ്മീഷന്‍ പോകും, പണം വരണമെങ്കില്‍ കാലുമാറണം; ഭാര്യയുമായുള്ള സ്വകാര്യ സംഭാഷണം വൈറലായി,കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

മലപ്പുറം: ഭാര്യയുമായുള്ള സ്വകാര്യ സംഭാഷണം വൈറലായതിന് പിന്നാലെ കോൺഗ്രസിലെ ചൂരപ്പിലാൻ ഷൗക്കത്ത് മലപ്പുറം ചോക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഗ്രാമപ്പഞ്ചായത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിലൂടെ കമ്മീഷൻ കിട്ടുന്നുണ്ടെന്നാണ് ഭാര്യയുമായുള്ള സംഭാഷണത്തിൽ പറയുന്നത്.

ശബ്ദസന്ദേശം വിവാദമായതിനെത്തുടർന്ന് ഡിസിസി പ്രസിഡന്റ് വി എസ് ജോയ്‌ രാജിവെക്കാൻ നിർദേശിക്കുകയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ധാരണപ്രകാരം പ്രസിഡന്റ് പദവി ആദ്യ രണ്ടരവർഷം കോൺഗ്രസിനും അടുത്ത രണ്ടരവർഷം ലീഗിനുമാണ്. ഷൗക്കത്തിന് ആറുമാസംകൂടി കാലാവധിയുണ്ട്.

”പ്രസിഡന്റ് പദവി ഒഴിഞ്ഞാൽ ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന കമ്മീഷൻ നഷ്ടമാകും. വരുമാനം നിലനിർത്തണമെങ്കിൽ കാലുമാറണം, അത് മോശവുമാണ്”- എന്ന് ഭാര്യയോട് ഫോണിൽ ഷൗക്കത്ത് പറഞ്ഞതായാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. ഈ സംഭാഷണം ഷൗക്കത്ത് കൂടി ഉൾപ്പെട്ട പൂർവവിദ്യാർത്ഥികളുടെ ഗ്രൂപ്പിൽ എത്തുകയും അത് നിമിഷനേരംകൊണ്ട് വൈറലാകുകയുംചെയ്തു. അബദ്ധം മനസ്സിലാക്കി ഗ്രൂപ്പിൽനിന്ന് ഇത് പിൻവലിച്ചെങ്കിലും അപ്പോഴേക്കും ചോർന്നുകഴിഞ്ഞിരുന്നു.

ഡിസിസി വൈസ് പ്രസിഡൻറ് കെ സി കുഞ്ഞിമുഹമ്മദ്, ജനറൽസെക്രട്ടറി അജീഷ് എടയാലത്ത് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കോൺഗ്രസ് നേതൃത്വം നടത്തിയ അന്വേഷണത്തിൽ ഷൗക്കത്തിന് തെറ്റുപറ്റിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. പതിനെട്ടംഗ പഞ്ചായത്തിൽ കോൺഗ്രസിന് ഒരു വിമതനടക്കം എട്ട് അംഗങ്ങളാണുള്ളത്. മുസ്ലിം ലീഗിന് മൂന്നും സിപിഎമ്മിന് ആറും അംഗങ്ങളും എസ് ഡി പി ഐയ്ക്ക് ഒരംഗവുമാണുള്ളത്‌.

- Advertisment -

Most Popular