Wednesday, September 11, 2024
HomeBook houseഏകാന്തതയുടെ ഒറ്റമരങ്ങള്‍; വളച്ചുകെട്ടില്ലാത്ത ജീവിതം; ജീവിതത്തെ തൊട്ടറിഞ്ഞ് അമ്പിളി ദിലീപിന്റെ മായാനിറങ്ങള്‍

ഏകാന്തതയുടെ ഒറ്റമരങ്ങള്‍; വളച്ചുകെട്ടില്ലാത്ത ജീവിതം; ജീവിതത്തെ തൊട്ടറിഞ്ഞ് അമ്പിളി ദിലീപിന്റെ മായാനിറങ്ങള്‍

കിളിരൂര്‍ രാധാകൃഷ്ണന്‍

” അമ്പിളി ദിലീപ് എന്ന എഴുത്തുകാരിയുടെ ആദ്യ കൃതികളായ ‘മായാനിറങ്ങള്‍’ ‘ഒറ്റമരം’ എന്നീ ചെറു നോവലുകള്‍ വായിച്ചപ്പോള്‍ ഇതെഴുതുന്ന ആളിന് തോന്നിയ ചില ചേതോവികാരങ്ങളാണ് ഇനി കുറിക്കുന്നത്. ഈ രണ്ടു കൃതികള്‍ക്കും സ്തുത്യര്‍ഹമാം വിധം പാരായണക്ഷമത ഉണ്ടെന്നുള്ളതാണ് ആദ്യം തന്നെ എടുത്തു പറയേണ്ടത്. ഏതൊരു സാഹിത്യകൃതിക്കും പ്രഥമമായും പ്രധാനമായും വേണ്ട ഗുണം പാരായണ ക്ഷമത ആണല്ലോ? അതില്ലെങ്കില്‍ വായനക്കാരന്‍ മുഖം തിരിക്കും എന്നത് പകല്‍പോലെ പരമാര്‍ത്ഥം.
അമ്പിളിക്ക് കഥ പറയാന്‍ അറിയാം. അത് വളച്ചുകെട്ടൊന്നുമില്ലാതെ ലളിതമായും ആകര്‍ഷകമായും പറയുമ്പോള്‍ വായനക്കാരന്‍ സ്വയം അതില്‍ ലയിച്ചു ചേരുന്നു അയാള്‍ കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നു. പിന്നെ താനറിയാതെ ആ കഥാലോകത്ത് ഒരു സാന്നിധ്യമായി മാറുന്നു. ആദ്യമായി എഴുതുന്ന വ്യക്തി എന്ന നിലയില്‍ ഇത് നോവലിസ്റ്റിനെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹമായ നേട്ടമാണ്
മായാനിറങ്ങള്‍ വായിക്കുന്ന വ്യക്തിക്ക് ഒരു സിനിമ കാണുന്ന അനുഭവം ഉണ്ടായെന്നും വരാം. കാരണം ഫ്രെയിം ബൈ ഫ്രെയിം ആയിട്ടാണ് നോവല്‍ പുരോഗമിക്കുന്നത്. ഒരുപക്ഷേ ഈ കഥ ആരെങ്കിലും സിനിമയോ സീരിയലോ ആക്കുന്ന പക്ഷം അവരുടെ ജോലി വളരെ എളുപ്പം ആകും എന്നു പോലും തോന്നും. മനുഷ്യ ഹൃദയങ്ങളുടെ അവിശ്വസനീയമായ വര്‍ണഭേദങ്ങള്‍ ചിത്രീകരിക്കുന്നതില്‍ അമ്പിളി പ്രശംസനീയമായ വൈദഗ്ധ്യം പ്രദര്‍ശിപ്പിക്കുന്നുണ്ട്.
പലപ്പോഴും സാധാരണ നോവല്‍ എന്നതില്‍ നിന്നും ഒരു അപസര്‍പ്പക നോവലിലേക്ക് മാറി പോകുന്നില്ലേ എന്ന് തോന്നാം. ദൃശ്യം എന്ന സിനിമക്ക് ( ഒന്നാംഭാഗം) പലരും ചൂണ്ടിക്കാട്ടിയ ദോഷം കുറ്റകൃത്യം സമര്‍ഥമായി ഒളിപ്പിക്കാനുള്ള ഒരു സന്ദേശം സമൂഹത്തിന് നല്‍കുന്നു എന്നതായിരുന്നു. അതേ ആരോപണം ഈ നോവലിനെക്കുറിച്ചും ഉയര്‍ന്നേക്കാം. കഥയിലെ പല സന്ദര്‍ഭങ്ങളും കുറച്ചൊക്കെ അവിശ്വസനീയം ആയിരിക്കാം. എങ്കിലും തികച്ചും വിശ്വസനീയമായി അവതരിപ്പിക്കാന്‍ അമ്പിളി എന്ന കൃതഹസ്തയായ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. സംഭവബഹുലവും, മനുഷ്യന്റെ ക്രൂരതയുടെ കടുത്ത വര്‍ണ്ണപ്പകിട്ടാര്‍ന്നതും, ഒട്ടും അസംഭവ്യം അല്ലാത്തതുമായ ഒരു കഥ, ഭംഗിയായും അടുക്കോടെയും പറഞ്ഞ് ഫലിപ്പിക്കാന്‍ തന്റെ ആദ്യ കൃതിയില്‍ തന്നെ കഴിഞ്ഞു എന്നതില്‍ ഈ പുതുമുഖത്തിന് അഭിമാനിക്കാം.
ഇതിലെ രണ്ടാമത്തെ ചെറു നോവലും ഒരര്‍ത്ഥത്തില്‍ ഒരു ഒറ്റമരം തന്നെയാണ്. പ്രകൃതിയാണ് ഇതിലെ ശക്തമായ കഥാപാത്രം. പ്രകൃതിയുടെ പ്രതിഭാസങ്ങള്‍ക്ക് മുന്നില്‍ തികച്ചും നിസ്സഹായനായി പോകുമ്പോഴും ജീവന്മരണ സമരങ്ങളിലൂടെ അതിനെയെല്ലാം അതിജീവിച്ച്, വിജയ സോപാനത്തില്‍ എത്തിച്ചേരുന്ന ഒരു ചെറുപ്പക്കാരന്റെ സാഹസികമായ ജീവിതകഥ വളരെ ആകര്‍ഷകവും ഹൃദ്യവുമായി വര്‍ണ്ണിക്കുകയാണ് ഒറ്റ മരത്തിലൂടെ അമ്പിളി ദിലീപ്. കേരളത്തില്‍ ഒരു അനുഷ്ഠാനം പോലെ എല്ലാ വര്‍ഷകാലത്തും ആവര്‍ത്തിക്കുന്ന ഭയാനകമായ ഉരുള്‍പൊട്ടലില്‍, സര്‍വ്വവും ഒലിച്ചു പോയിട്ടും ജീവന്‍ മാത്രം ബാക്കിയായ ഒരു അച്ഛനും അമ്മയും കൗമാരക്കാരനായ മകനും ജീവിതത്തിനു മുന്നില്‍ അമ്പരന്ന് നില്‍ക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. അതിജീവനത്തിനായി അവന്‍ എത്തിച്ചേര്‍ന്നത് മറ്റൊരു രൂക്ഷമായ പ്രകൃതിയിലേക്കാണ്. ചുണ്ട് നനയ്ക്കാന്‍ പോലും ഒരു തുള്ളി വെള്ളം ലഭിക്കാത്ത ഒരു മരുപ്രദേശത്ത് അവന്‍ നേരിടുന്ന ഏറ്റവും ദയനീയമായ അനുഭവങ്ങള്‍ വായനക്കാരുടെ ഹൃദയ മഥനക്ഷമമാം വിധം വര്‍ണിച്ചിരിക്കുന്നു.ഒരു മുന്‍വിധി കൂടാതെ ഈ രണ്ട് നോവലുകളും വായിക്കാന്‍ തുടങ്ങുന്ന വായനക്കാരന്‍ ആകാംക്ഷയോടെ, കൗതുകത്തോടെ വായന തുടരും എന്ന കാര്യത്തില്‍ സംശയമില്ല. അത് ഒരു എഴുത്തുകാരിയുടെ വിജയം തന്നെയാണ്. തനിക്കിനിയും സാഹിത്യസംഭാവനകള്‍ സമര്‍പ്പിക്കാന്‍ കഴിയും എന്നൊരു നിശബ്ദ വാഗ്ദാനം കൂടി അമ്പിളി ദിലീപ് നല്‍കുന്നുണ്ട്. ഒരു വീട്ടമ്മയും രണ്ട് കുട്ടികളുടെ മാതാവുമാണ് ഈ നോവലിസ്റ്റ് എന്ന് അറിയുമ്പോഴാണ് ഈ സാഹിത്യസംഭാവനയുടെ മഹത്വം ഏറുന്നത്. അമ്പിളിക്ക് അഭിനന്ദനങ്ങള്‍ ആശംസകള്‍.”

പുസ്തകത്തിനായി ബന്ധപ്പെടുക: ഗിരീഷ്, ദിയ ബുക്ക്‌സ്,9961091581, ഹരീഷ് ആര്‍ നായര്‍ 9495235043

- Advertisment -

Most Popular