തിരുവനന്തപുരം: കിറ്റെക്സ് എംഡി സാബു എം ജേക്കബിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
നിയമവും ചട്ടവും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഒറ്റപ്പെട്ട എന്തെങ്കിലും ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിക്ക് തടസം സൃഷ്ടിക്കാനുള്ള ശ്രമം നല്ലതല്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പരാതികള്‍ വന്നാല്‍ സ്വഭാവികമായി പരിശോധനയുണ്ടാവും. അത് ഏതെങ്കിലും തരത്തിലുള്ള വേട്ടയാടലായി കാണേണ്ട കാര്യമില്ല.
ഏറ്റവും വലിയ നിക്ഷേപസൗഹൃദമെന്ന അഭിപ്രായമാണ് പൊതുവേ കേരളത്തെക്കുറിച്ചുളളത്.
എന്നാല്‍ ഇപ്പോള്‍ വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണങ്ങളാണ് ഉയരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദേശീയ തലത്തില്‍ മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലവിലുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള മാറ്റമാണ് നാം ലക്ഷ്യം വെക്കുന്നത്. അതിനുള്ള നടപടികളാണ് നാം സ്വീകരിച്ചുപോന്നത്.
നീതി ആയോഗ് ഈ മാസം പ്രസിദ്ധപ്പെടുത്തിയ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതാണ്. 75 സ്കോര്‍ നേടിയാണ് നമ്മുടെ സംസ്ഥാനം ഒന്നാമതെത്തിയത്. സൂചികയിലെ പ്രധാന പരിഗണനാവിഷയമായ വ്യവസായ വികസനമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായകമായത്.
നീതി ആയോഗിന്‍റെ തന്നെ മറ്റൊരു സൂചികയായ ഇന്ത്യ ഇന്നവേഷന്‍ സൂചികയില്‍ മികച്ച ബിസിനസ് സാഹചര്യം, മനുഷ്യ മൂലധനം എന്നീ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും മെച്ചപ്പെട്ട നിക്ഷേപ സാഹചര്യങ്ങള്‍ എന്ന വിഭാഗത്തില്‍ നാലാം സ്ഥാനവും കേരളത്തിന് കൈവരിക്കാനായി.
നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് എക്കണോമിക്സ് റിസര്‍ച്ചിന്‍റെ 2018 ലെ നിക്ഷേപ
സാധ്യത സൂചികയില്‍ കേരളം നാലാമതായിരുന്നു. ഭൂമി, തൊഴില്‍, രാഷ്ട്രീയ സ്ഥിരത, ബിസിനസ് അവബോധം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണിത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം 2016 മുതൽ സുപ്രധാനമായ വ്യവസായ നിക്ഷേപാനുകൂല നടപടികള്‍ സ്വീകരിക്കുകയുണ്ടായി. വ്യവസായ തര്‍ക്ക പരിഹാരത്തിനായി സ്റ്റാറ്റ്യൂട്ടറി സ്വഭാവത്തോടെ ജില്ലാതല സമിതികള്‍ ഏര്‍പ്പെടുത്താന്‍ ആദ്യ മന്ത്രിസഭായോഗം തന്നെ തീരുമാനിച്ചു.