Sunday, May 19, 2024
HomeNewshouse'ഒരു നൂറ്റാണ്ടിന്റെ ശോഭയില്‍ പി കെ വാര്യര്‍ അസ്തമിച്ചു'- ഡോ. കെ ടി ജലീല്‍ എഴുതുന്നു

‘ഒരു നൂറ്റാണ്ടിന്റെ ശോഭയില്‍ പി കെ വാര്യര്‍ അസ്തമിച്ചു’- ഡോ. കെ ടി ജലീല്‍ എഴുതുന്നു

മലബാറിന്റെ ചരിത്രം തിരുത്തിയ രണ്ടു സംഭവങ്ങളാണ് ടിപ്പുവിന്റെ പടയോട്ടവും മലബാര്‍ കലാപവും. രണ്ടും തന്റെ ജീവിതത്തെ സാരമായി ബാധിച്ചുവെന്ന് ആത്മകഥയുടെ ആദ്യവരികളില്‍ പി.കെ. വാര്യര്‍ കുറിച്ചിട്ടുണ്ട്. പടയോട്ടമാണത്രെ അദ്ദേഹത്തിന്റെ പൂര്‍വ്വികരെ കോട്ടക്കലെത്തിച്ചത്. കലാപം നടന്ന 1921 ലാണ് പി.കെ വാര്യര്‍ ജനിച്ചത്. ജയപ്രകാശ്, നെഹ്‌റു, ബോസ് എന്നിവര്‍ ഒത്തുചേര്‍ന്നാല്‍ ഇന്ത്യയായി എന്നു വിശ്വസിച്ച ചെറുപ്പക്കാരനായിട്ടാണ് പി.കെ. വാര്യര്‍ വളര്‍ന്നത്.

 ഹനുമാന്റെയും മണ്ണാന്റെയും ഇരട്ടവേഷമഭിനയിച്ച് രാജാസ് സ്‌കൂളില്‍ നിന്നാണ് ആയുര്‍വേദത്തിന്റെ ഉച്ചിയിലേക്കുള്ള പ്രയാണത്തിന്റെ തുടക്കം. നാട്ടുവൈദ്യത്തിന്റെ അവസാന വാക്കായിരുന്ന വലിയമ്മാമന്‍ പി.എസ് വാരിയരാണ് പി.കെ. വാര്യരുടെ മാര്‍ഗ്ഗദര്‍ശി. നാടകത്തില്‍ അഴിച്ചുവെച്ച മണ്ണാന്‍ വൈദ്യന്റെ വേഷം വീണ്ടുമെടുത്തണിഞ്ഞ് 1940 ല്‍ ആയുര്‍വേദ കോളേജില്‍ ചേര്‍ന്നു. പി.കെ വാര്യര്‍ ആയുര്‍വേദ വൈദ്യബിരുദം നേടുന്നതിന് മുമ്പ് കോട്ടക്കല്‍ ആയുര്‍വേദ കോളേജില്‍ നിന്ന് 141 പേര്‍ ആയുര്‍വേദ ഭിഷഗ്വരന്‍മാരായി പുറത്ത് പോയിരുന്നു.


1934 ല്‍ എ അമ്മുക്കുട്ടി അമ്മ ആദ്യ വനിതയായി  ആര്യവൈദ്യബിരുദം നേടിയപ്പോള്‍ പിന്നോക്ക സമുദായത്തില്‍ നിന്ന് ബിരുദം നേടിയ പ്രഥമന്‍ പൊന്നാനിക്കാരനായ പി. മുഹമ്മദ് അബ്ദുല്‍ റഹ്‌മാനാണെന്ന് പി.കെ വാര്യര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

താന്‍ ജനിച്ച 1921 ല്‍ ഏറനാട് വള്ളുവനാട് താലൂക്കുകളിലുണ്ടായ മാപ്പിള ലഹളയെക്കുറിച്ച് അദ്ദേഹം തന്റെ ആത്മകഥയുടെ 93-ാം പേജില്‍ രേഖപ്പെടുത്തിയത് ഇങ്ങിനെയാണ്: ”ആ ലഹളയുടെ പേരില്‍ മലബാറില്‍ നടമാടിയ ക്രൂരതയ്ക്ക് ചരിത്രത്തില്‍ സമാനതകളില്ല. മുസ്ലിം സമുദായത്തില്‍പെട്ട പുരുഷന്‍മാരെയെല്ലാം പിടിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. കൊന്നൊടുക്കി. അല്ലാത്തവരെ ആന്‍ഡമാനിലേക്ക് നാടുകടത്തി. അധികപേരും നിരപരാധികളാണ്. വിചാരണയില്ല, വിസ്താരമില്ല. മാപ്പിളയാണെന്ന് കണ്ടാല്‍ മതി, എന്ത് ക്രൂരതയും ചെയ്യാം’. മലബാര്‍ കലാപത്തിനും ഡോ: പി.കെ വാര്യര്‍ക്കും നൂറു തികഞ്ഞതിന്റെ ആഘോഷത്തിമര്‍പ്പിലാണ് വാര്യറുടെ അസ്തമയം.


അദ്ദേഹം അടിമുടി ഒരു ഫാഷിസ്റ്റ് വിരുദ്ധനായിരുന്നു. കമ്യൂണിസത്തെ മനസ്സ്‌കൊണ്ട് വരിച്ച ആയുര്‍വേദ പണ്ഡിതന്‍. യുവാവായിരിക്കെത്തന്നെ ഇ.എം.എസുമായും എ.കെ.ജിയുമായും അടുത്ത ബന്ധം.

പഠനം കഴിഞ്ഞ് അധികം വൈകാതെ 1947 ഒക്ടോബറില്‍ കോട്ടക്കല്‍ ആര്യവൈദ്യശാല ഫാക്ടറിയില്‍ പി.കെ വാര്യര്‍ ജോലിക്ക് കയറി. ഡിസംബറിലാണ് വിവാഹം നടന്നത്. ഭാര്യവീട്ടിലെ രണ്ടുദിവസത്തെ താമസം കഴിഞ്ഞ് കോട്ടക്കല്‍ കൈലാസമന്ദിരത്തിലെത്തി മൂന്നാം നിലയിലെ വടക്കേമുറിയില്‍  വെച്ച് കാഴ്ചകള്‍ കണ്ട് അത്ഭുതം കൂറിനിന്ന സഹധര്‍മ്മിണിയോട് അദ്ദേഹം പറഞ്ഞു;  ഈ വലിയ വീടും കട്ടിലും കണ്ട് പരിഭ്രമിക്കേണ്ട. മാസം 112 രൂപയും 50 പൈസയുമാണ് നമുക്കുള്ളത്. അതുകൊണ്ടുള്ളതൊക്കെ നമുക്കാവാം. അപ്പുറം ഒന്നും വേണ്ടതാനും’.

ആര്യവൈദ്യശാലയുടെ ഭരണത്തോടൊപ്പം ആയുര്‍വേദത്തിന്റെ സമഗ്ര വികസനം ലാക്കാക്കി സ്ഥാപിച്ച മലബാര്‍ ആയുര്‍വേദ വൈദ്യസമാജത്തിലും പി.കെ വാര്യര്‍ സജീവമായി പ്രവര്‍ത്തിച്ചു. ക്ഷേത്രപ്രവേശന വിളംബരം നടക്കുന്നതിന് മുമ്പുതന്നെ നിര്‍മ്മിച്ച നാള്‍ മുതല്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ച ഒരു ക്ഷേത്രമേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂ. പി. എസ് വാരിയര്‍  കോട്ടക്കലില്‍ പണിത വിശ്വംഭര ക്ഷേത്രമാണത്.

 ഈ ജീവിത പരിസരം കൃഷ്ണന്‍ വാര്യരെന്ന പി.കെ വാര്യറെ നവോത്ഥാന മൂല്യങ്ങളുടെ കാവല്‍ക്കാരനാക്കിയത് സ്വഭാവികം. ആര്യവൈദ്യശാലയിലെ തൊഴിലാളികള്‍ക്കിടയില്‍ പുരോഗമന ട്രേഡ് യൂണിയന്‍ ഇന്നും ശക്തമായി നില്‍ക്കുന്നത് പി.കെ. വാര്യരുടെ പരിഷ്‌കരണ മനസ്സിന്റെ ജീവിക്കുന്ന ഉദാഹരണമാണ്.

1954 മാര്‍ച്ചില്‍ കോട്ടക്കല്‍ വെച്ച് നടന്ന ആയുര്‍വേദ കോണ്‍ഗ്രസിന്റെ  39-ാം സമ്മേളനത്തിന്റെയും ആര്യവൈദ്യശാലയുടെ സുവര്‍ണ്ണ ജൂബിലിയുടെയും മുഖ്യ സംഘാടകന്‍ അദ്ദേഹമായിരുന്നു.  1970 ല്‍ ഒരുമാസക്കാലം ഇന്ത്യന്‍ പ്രസിഡണ്ട് വി.വി ഗിരി ചികില്‍സക്കായി കോട്ടക്കലില്‍ താമസിച്ച ഘട്ടത്തില്‍ ആര്യവൈദ്യശാല രാഷ്ട്രപതിഭവനായ സമയത്ത് പി.കെ. വാര്യരാണ് മുഖ്യ ചികില്‍സകന്റെ റോളില്‍ നിറഞ്ഞുനിന്നത്.

 1979 ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മൊറാര്‍ജിദേശായ് ആര്യവൈദ്യശാല ഫാക്ടറിയുടെ ഉല്‍ഘാടനത്തിയപ്പോഴും അദ്ദേഹത്തിന്റെ നേതൃപാടവം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. 1981 ല്‍ പി.കെ വാര്യര്‍ ആള്‍ ഇന്ത്യാ ആയുര്‍വേദ കോണ്‍ഗ്രസിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

ഒരു വൈദ്യന്റെ ജന്മം സഫലമാക്കുന്ന ”You gave me my life back’ എന്ന വാക്ക് സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നും പലതവണ കേള്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ച ചികില്‍സകനാണ് കാലയവനികക്കുള്ളില്‍ മറഞ്ഞത്. ശാസ്ത്രപഠനം മാത്രം പോരാ; യുക്തിബോധംകൂടി വേണം ചികില്‍സക്കെന്ന് വാര്യര്‍ നിരീക്ഷിച്ചു. 1984 ല്‍ ഇന്‍ഡോനേഷ്യയില്‍ ചേര്‍ന്ന പാരമ്പര്യവൈദ്യ സമ്മേളനത്തിലും പി.കെ വാര്യര്‍ പങ്കെടുത്ത് കേരളത്തിന്റെ യശസ്സ് വാനോളമുയര്‍ത്തി. ഇറ്റലിയില്‍ വെച്ച് നടന്ന Congress on Ayurveda and Yoga യിലും അദ്ദേഹം സജീവമായി പങ്കുകൊണ്ടു.

ആര്യവൈദ്യശാലക്ക് സ്വന്തമായി ഒരു പ്രസിദ്ധീകരണ വിഭാഗം തുടങ്ങിയതും ‘ആര്യവൈദ്യന്‍’ എന്ന ത്രൈമാസിക ആരംഭിച്ചതും 1987 ല്‍ പി.കെ വാര്യരുടെ കാര്‍മ്മികത്വത്തിലാണ്. വൈദ്യന്‍, രോഗി, ഔഷധം, പരിചാരകന്‍ എന്നീ നാല് പദങ്ങളാണ് ചികില്‍സക്കുള്ളതെന്നാണ് അദ്ദേഹം സിദ്ധാന്തിച്ചത്. 1994 ല്‍ കാനഡയിലെ ഒട്ടാവയില്‍ വെച്ചുനടന്ന IDRC യുടെ നേതൃത്വത്തിലെ Traditional Health Systems and Public Policy എന്ന വിഷയത്തില്‍ നടന്ന അന്താരാഷ്ട്ര വര്‍ക്ക്‌ഷോപ്പിലും അതേവര്‍ഷം തന്നെ പാരീസില്‍ സംഘടിപ്പിച്ച ഹോളിസ്റ്റിക് കോണ്‍ഫറന്‍സിന്റെ അഞ്ചാം സമ്മേളനത്തിലും 1996 ല്‍ റഷ്യയില്‍ വെച്ചു നടന്ന First International Scientific Practical Conference on Ayurveda യിലും 1998 ഒക്ടോബറില്‍ ന്യൂയോര്‍ക്കില്‍ നടന്ന ആയുര്‍വേദ സമ്മേളനത്തിലും 2002 ല്‍ സ്‌പെയ്‌നില്‍ നടന്ന സമ്മിറ്റിലും 2003 ല്‍ ലണ്ടനില്‍ സംഘടിപ്പിക്കപ്പെട്ട ഗ്ലോബല്‍ കേരള ഫെസ്റ്റിവെലിലും പങ്കെടുത്ത പി.കെ വാര്യര്‍ ആയുര്‍വേദത്തിന്  ഒരു ലോകോത്തര ഭൂമിക സൃഷ്ടിക്കുന്നതില്‍ വഹിച്ച പങ്ക് അനിഷേധ്യമാണ്.

1995 സപ്തംബറില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി സിരിമാവോ ഭണ്ഡാരനായകെ ചികില്‍സക്കായി കോട്ടക്കല്‍ വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. സുരക്ഷാ കാരണങ്ങളാല്‍ തിരുവനന്തപുരം രാജ്ഭവനിലേക്ക് ചികിത്സ മാറ്റേണ്ടി വന്നു. അവരെ ചികിത്സിക്കാന്‍ മുന്നില്‍ നിന്നതും പി.കെ വാര്യരാണ്. 1997 ല്‍ തന്റെ നല്ലപാതി മാധവിക്കുട്ടി പരലോകം പൂകിയത് അദ്ദേഹത്തെ ശരിക്കും പിടിച്ചുലച്ചു. സഹധര്‍മ്മിണിയുടെ വിയോഗത്തെ കുറിച്ച് വാര്യര്‍ അനുസ്മരിച്ചത് ഇങ്ങനെ: ”യാത്രപറയാതെയുള്ള അവരുടെ പോക്ക് ആരുമറിഞ്ഞില്ല. ഞാന്‍ പുലര്‍ച്ചെ 4 മണിക്ക് എഴുനേറ്റ് കുളികഴിഞ്ഞ് നാരായണീയം വായിക്കവെ സുഭദ്രയാണ് ഓടിവന്ന് വിവരം പറഞ്ഞത്.

പലപ്പോഴും മാധവിക്കുട്ടി പറയുമായിരുന്നു; അങ്ങ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ എനിക്കു  മരിക്കണം. അവര്‍ മോഹിച്ചപോലെ സുഖമായി പോയി, എന്നെ തനിച്ചാക്കിയിട്ട്’.

1999 ലെ റിപബ്ലിക്ക് ദിനത്തിന് രണ്ട് ദിവസം മുമ്പ് ഡല്‍ഹിയില്‍ നിന്ന് അദ്ദേഹത്തിന് ഒരു ഫോണ്‍ വന്നു – പദ്മശ്രീ പുരസ്‌കാരം ലഭിച്ചാല്‍ സ്വീകരിക്കില്ലേ എന്നായിരുന്നു ചോദ്യം. സ്വീകരിക്കുമെന്ന്  സന്തോഷപൂര്‍വ്വം അദ്ദേഹം മറുപടി നല്‍കി. ആ വര്‍ഷം രാജ്യം പത്മശ്രീ നല്‍കി പി.കെ വാര്യരെ ആദരിച്ചു. 1999 മെയ് മാസത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന് ഡി.ലിറ്റ് നല്‍കി ബഹുമാനിച്ചു. ആയുര്‍വ്വേദത്തിന്റെ ആദിപുരുഷനെന്ന് കീര്‍ത്തികേട്ട ധന്വന്തരിയുടെ പേരിലുള്ള പുരസ്‌കാരവും 2001 നവംബറില്‍ ബോംബെയില്‍ വെച്ച് ഡോ: പി.കെ. വാര്യര്‍ക്ക് സമ്മാനിച്ചു.

അതേ വര്‍ഷം മറ്റുരണ്ടു അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി. ഡോ: പൗലോസ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡും കല്‍ക്കത്തയില്‍ നിന്നുള്ള ആദിസമ്മാന്‍ എക്‌സലന്‍സ് അവാര്‍ഡും.രാജ്യാതിര്‍ത്തിക്കപ്പുറത്ത് നിന്നും അദ്ദേഹത്തിന് അംഗീകാരപ്പതക്കങ്ങള്‍ എത്തി. നേപ്പാളില്‍ നിന്നുള്ള ഭുപാല്‍ മാന്‍സിംഗ് അക്കാദമിയുടെ അവാര്‍ഡാണത്. ഇതേക്കുറിച്ചാണ് വാര്യര്‍ തന്റെ ആത്മകഥയില്‍ പറഞ്ഞത്; ഹൃദയം കൊണ്ട്  ഹിമാലയത്തെ സ്പര്‍ശിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. കാഠ്മണ്ഡുവില്‍ വെച്ചാണ് ആ പതക്കം അദ്ദേഹം ഏറ്റുവാങ്ങിയത്.

2002 ല്‍ ആര്യവൈദ്യശാല നൂറിന്റെ നിറവില്‍ പ്രകാശിച്ച് നിന്നപ്പോള്‍ അവിടെയും പി.എസ് വാര്യര്‍ക്കു താഴെ പി.കെ വാര്യര്‍ ജ്വലിച്ച്‌നിന്നു.

ലാഭക്കൊതി തൊട്ടുതീണ്ടാതെ ആര്യവൈദ്യശാലയെ പൂര്‍വികര്‍ എഴുതിവെച്ച നിയമപ്രകാരം നയിക്കാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് പി.കെ വാര്യര്‍ കണ്ണടച്ചിരിക്കുന്നത്. ചരിത്രം സൃഷ്ടിച്ച് കടന്ന്‌പോയ സാത്വികന്‍മാരില്‍ ഇടംനേടാന്‍ പി.കെ വാര്യര്‍ക്ക് സാധിച്ചു എന്നത് നിസ്സാരമല്ല. ആയുര്‍വേദ ഗവേഷണത്തിന് രാഷ്ട്രത്തിന്റെ പിന്തുണതേടി രാഷ്ട്രപതി ഡോ: എ.പി.ജെ. അബ്ദുല്‍കലാമിനെ അദ്ദേഹം കണ്ട് വിശദമായ ചര്‍ച്ചകള്‍ നടത്തി. ആയുര്‍വേദം കൊണ്ട് ആര്യവൈദ്യശാലയും ആര്യവൈദ്യശാലയിലൂടെ ആയുര്‍വേദവും പരസ്പരം പുഷ്ടിപ്പെടുന്നതിന് വേദിയൊരുക്കിയ ചരിത്രപുരുഷന്‍ എന്ന പേരിലാകും വൈദ്യ ഗണത്തിലെ ഈ കുലപതി കാലത്തെ അതിജയിച്ച് അറിയപ്പെടുക.

ഡോ: പി.കെ വാര്യര്‍ ചലിച്ച മതേതര വഴിയിലൂടെ സോഷ്യലിസ്റ്റ് ആഭിമുഖ്യം മുഖമുദ്രയാക്കി ഫാസിസ്റ്റ് വിരുദ്ധതയെ നെഞ്ചോട് ചേര്‍ത്തുവെച്ച് മുന്നോട്ടു പോകാന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്ക് കഴിയട്ടേ എന്നാണ് ഓരോ മലയാളിയുടെയും ആഗ്രഹവും പ്രാര്‍ത്ഥനയും. ഡോ: പി.കെ വാര്യരെന്ന മഹാമനീഷിക്ക് ഹൃദയത്തില്‍ തൊട്ട പ്രണാമം.

- Advertisment -

Most Popular