സംസ്ഥാനം കൊവിഡ് മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ജയിച്ചുവന്ന എംഎല്‍എമാര്‍ പൊസിറ്റീവ് പൊളിറ്റിക്‌സിലേക്ക് കടക്കുന്നു. രാഷട്രീയ ഭേദമെന്യേ മിക്ക എംഎല്‍എമാരും അവരവരുടെ മണ്ഡലത്തില്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ്. സ്പീക്കറാകാന്‍ പോകുന്ന എംബി രാജേഷ് തൃത്താലയില്‍ മല്‍സരിക്കാനിറങ്ങിയതുമുതല്‍ സേവനപ്രവര്‍ത്തനം ആരംഭിച്ചതാണ്. ജയിച്ചതിന് ശേഷം സമഗ്രമായ പദ്ധതികളാണ് നടപ്പാക്കുന്നത്. കൊവിഡ് നേരിടാന്‍ ആരോഗ്യമേഖലയില്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഏറ്റവും ഒടുവില്‍ ചെയ്തകാര്യങ്ങളെ കുറിച്ച് എംബിരാജേഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് താഴെ
തൃത്താലയിലെ മുഴുവൻ പഞ്ചായത്തുകളും ഇന്നലെയും ഇന്നുമായി സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ എന്നിവരെ കണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.ഞാൻ വിളിച്ചു ചേർത്ത പന്ത്രണ്ടാം തീയ്യതിയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അവലോകന യോഗ തീരുമാനമനുസരിച്ച് എല്ലാ പഞ്ചായത്തുകളിലും ഡോമിസിലറി കെയർ സെന്ററുകൾ സജ്ജീകരിച്ചു കഴിഞ്ഞു. ചാലിശ്ശേരി, കപ്പൂർ തിരുമ്മിറ്റക്കോട് എന്നിവിടങ്ങളിൽ ആരംഭിക്കുകയും ചെയ്തു. മറ്റിടങ്ങളിൽ സജ്ജീകരണങ്ങൾ ആയെങ്കിലും നഴ്സിംഗ് സ്റ്റാഫിന്റെ ക്ഷാമം മൂലം തുടങ്ങാനായിട്ടില്ല. പഞ്ചായത്തുകൾ സ്റ്റാഫിനെ നിയമിക്കാൻ പത്ര പരസ്യം നൽകിയെങ്കിലും ആരും മുന്നോട്ടു വന്നിട്ടില്ല.യോഗ്യതയുള്ളവർ മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു.ആകെ മണ്ഡലത്തിലുടനീളം 590 ബെഡുകൾ ഡി സി സി കളിൽ സജ്ജീകരിച്ചിട്ടുണ്ട്. സൗകര്യങ്ങൾ നേരിട്ട് പോയി കണ്ട് ഉറപ്പ് വരുത്തിയിട്ടുണ്ട്. ആന്റിജൻ കിറ്റുകൾ,ഓക്സിമീറ്ററുകൾ, പി പി ഇ കിറ്റുകൾ,എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. എം എൽ എ യുടെ ജനകീയ സന്നദ്ധ സേനയുടെ വളണ്ടിയർമാർ പൂർണ്ണ സമയവും സേവനരംഗത്തുണ്ട്. അവർക്കാവശ്യമായ പി പി ഇ കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. അധികമായി 200 പൾസ് ഓക്സിമീറ്ററുകളും ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ യോഗ തീരുമാന പ്രകാരം തദ്ദേശ സ്ഥാപനങ്ങൾക്ക് ആന്റിജൻ കിറ്റ് നേരിട്ട് വാങ്ങുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അന്നത്തെ യോഗത്തിൽ കിറ്റിന്റെ ക്ഷാമം ഉന്നയിക്കപ്പെട്ടിരുന്നു. അത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ പെടുത്തുകയും അന്ന് തന്നെ ജില്ലാ കളക്ടർ ആവശ്യമായ ഉത്തരവിറക്കുകയും ചെയ്തു അതിന്റെ അടിസ്ഥാനത്തിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം രൂപയുടെ ആന്റിജൻ കിറ്റ് വാങ്ങി നൽകി. ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കാൻ ഇത് സഹായിക്കും.പത്തു ലക്ഷത്തോളം രൂപയുടെ സാമഗ്രികൾ യു കെ മലയാളി അസോസിയേഷൻ തൃത്താലയിലേക്ക് ലഭ്യമാക്കാമെന്ന് എനിക്ക് വാഗ്ദാനം നൽകിയിട്ടുണ്ട്.അതിനാവശ്യമായ സാമഗ്രികളുടെ ലിസ്റ്റ് അവർക്ക് കൈമാറിയിട്ടുമുണ്ട്.മരുന്നുകളും ആവശ്യാനുസരണം ലഭ്യമാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച നിലയിലാണ് തൃത്താലയിൽ നടക്കുന്നത്. മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും തദ്ദേശ സ്ഥാപന പ്രതിനിധികൾക്കും വളണ്ടിയർമാർക്കും എന്റെ അഭിനന്ദനങ്ങൾ