Saturday, July 27, 2024
Homeവീട് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞു; പഴയ വീട് പൊളിച്ചു; കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചെന്ന പരാതിയുമായി വഴിയാധാരമായ...
Array

വീട് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞു; പഴയ വീട് പൊളിച്ചു; കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചെന്ന പരാതിയുമായി വഴിയാധാരമായ ദളിത് കുടുംബം

പുതിയ വീട് നിര്‍മ്മിച്ച് നല്‍കാമെന്ന വാഗ്ദാനം നല്‍കിയ ശേഷം എംപി ഡീന്‍ കുര്യാക്കോസും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും വഞ്ചിച്ചെന്ന് ദളിത് കുടുംബം. കോണ്‍ഗ്രസ് വഴിയാധാരമാക്കിയെന്ന പരാതിയുമായി പരേതനായ കോതമംഗലം പ്ലാമുടി കൊറ്റമ്പിള്ളി കുമാരന്റെ മകള്‍ ഉണ്ണിമായയും കുടുംബാംഗങ്ങളും വാര്‍ത്താ സമ്മേളനം വിളിച്ചു. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു കൊറ്റമ്പിള്ളി കുമാരന്‍. പുതിയ വീട് നിര്‍മ്മിച്ച തരാമെന്ന് ഉറപ്പ് നല്‍കിയ ശേഷം കോണ്‍ഗ്രസുകാര്‍ നിലവില്‍ താമസിച്ചിരുന്ന വീട് പൊളിച്ചുമാറ്റി. പിന്നീട് ഇക്കാര്യം ചോദിച്ചപ്പോള്‍ ഇപ്പോള്‍ വീട് നിര്‍മ്മിച്ചു നല്‍കില്ലെന്ന് കോണ്‍ഗ്രസ് നേതാവായ മൈതീന്‍ പറഞ്ഞെന്നും ഉണ്ണിമായ പറഞ്ഞു.

അച്ഛന്റെ മരണത്തേത്തുടര്‍ന്ന് സന്ദര്‍ശിച്ചപ്പോഴാണ് എംപി വീട് നിര്‍മ്മിച്ചുനല്‍കാമെന്ന് ഉറപ്പുനല്‍കിയത്. ഡീന്‍ കുര്യാക്കോസ് പീന്നീട് കൈയൊഴിഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ മൈതീന്‍, അനൂപ് കാസിം എന്നിവര്‍ വീട് പൊളിച്ചുകളയാന്‍ നിര്‍ദ്ദേശിച്ചു. അപകടാവസ്ഥയിലായിരുന്ന പഴയ വീട് മൈതീന്‍ എത്തി പൊളിച്ചുമാറ്റി. പുതിയ വീടിന് വാസ്തുപ്രകാരം സ്ഥാനം കണ്ടു. ഇതിനെല്ലാം മൈതീന്‍ തന്നെ പണം ചെലവഴിച്ചു. പക്ഷെ, അതിന് ശേഷം മൈതീന്‍ കൈയ്യൊഴിഞ്ഞു. കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള അടിയാണ് വീട് നിര്‍മ്മാണം മുടങ്ങാന്‍ കാരണമെന്ന് മൈതീന്‍ തന്നെ തുറന്നു പറഞ്ഞു. ഇപ്പോള്‍ കഴിയുന്ന പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കൂര മഴ വന്നാല്‍ തകരുമെന്നും ദളിത് കുടുംബം ചൂണ്ടിക്കാട്ടി. വഴിയാധാരമായ കുടുംബത്തെ സഹായിക്കാന്‍ ഡീന്‍ കുര്യാക്കോസ് എംപിയും കോണ്‍ഗ്രസും തയ്യാറായില്ലെങ്കില്‍ ഉണ്ണിമായയുടെ കുടുംബത്തിന് ജനപങ്കാളിത്തത്തോടെ വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് സിപിഐഎം ഏരിയ കമ്മിറ്റിയംഗം അഷ്റഫ് ചക്കര വ്യക്തമാക്കി.

- Advertisment -

Most Popular