കൊച്ചി: പ്രതിപക്ഷം ആക്ഷേപങ്ങളും ആരോപണങ്ങളും ആവര്‍ത്തിച്ചുന്നയിക്കുമ്പോഴും സെലിബ്രിറ്റികള്‍ക്ക് പ്രിയം പിണറായി സര്‍ക്കാര്‍ തന്നെയെന്ന് വ്യക്തമാക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍. ഏറ്റവും ഒടുവില്‍ സര്‍ക്കാരിന് അനുകൂലമായ പ്രതികരണവുമായി ഗായിക സിതാരയും രംഗത്തെത്തി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച സിതാര ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സമയത്ത് സ്ത്രീയെന്ന രീതിയില്‍ ഉണ്ടായിരുന്ന പ്രതീക്ഷകളോടൊക്കെ വലിയ തരത്തില്‍ നീതി പുലര്‍ത്തിയെന്ന് വ്യക്തമാക്കി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സ്ത്രീകളെ പരിഗണിച്ചുകൊണ്ടുള്ളതായിരുന്നു. .അതില്‍ അഭിമാനിക്കുന്നു.
സ്ത്രീപക്ഷത്ത് നിന്ന് കൊണ്ടുള്ള വലിയ ആത്മവിശ്വാസം നല്‍കുന്ന ഒരുപാട് പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഏതു സമയത്തും സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കുകയും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആയി പ്രത്യേകം ഒരു വകുപ്പ് രൂപീകരിക്കുകയും, ‘എന്റെ കൂട്’ പോലുള്ള പദ്ധതികള്‍, കുടുംബശ്രീയുടെ കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍, സ്ത്രീ സംരഭകര്‍ക്കായി പ്രത്യേകം സഹായം എന്നിങ്ങനെ അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി.
സര്‍ക്കാരിന്റെ മികച്ച രണ്ട് മന്ത്രിമാര്‍ വനിതകളാണെന്നുള്ളത് വളരെ അഭിമാനകരമായിട്ടുള്ള കാര്യമാണ്. അവര്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചുവെന്നും സിതാര പറഞ്ഞു.
സിതാരയുടെ പ്രതികരണത്തിന്റെ വീഡിയോ താഴെ