നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവന്നിരിക്കെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പ്രതിപക്ഷത്തിന്റെ പിന്തുണയോടെ വിവിധ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ വമ്പന്‍ സമരകോലാഹലങ്ങളാണ് നടക്കുന്നത്. നിയമനത്തിന്റെ കണക്ക് വച്ച് താരതമ്യവിശകലനങ്ങളോടെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പറയുന്നുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന സമരങ്ങളാണ് മാധ്യമങ്ങള്‍ നിറയെ. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു സംഭവം ഇന്നുണ്ടായി. കേരളത്തിലെ ഏറ്റവും വലിയ റാങ്ക് ലിസ്റ്റുകളിലൊന്നായ എല്‍ഡിസി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ സര്‍ക്കാരിന് പിന്തുണ അറിയിച്ച് രംഗത്തെത്തി.
കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള എല്‍ ഡി സി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിനിധികള്‍ ഡിവൈഎഫ്‌ഐ ഓഫീസിലെത്തിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്ന യുവജനക്ഷേമനിലപാടുകള്‍ക്ക് പിന്തുണ അറിയിച്ചത്. കഴിഞ്ഞ മന്ത്രിസഭാ യോഗങ്ങളില്‍ സര്‍ക്കാര്‍ എടുത്ത സുപ്രധാന തീരുമാനങ്ങള്‍ ഈ റാങ്ക് ലിസ്റ്റിലുള്ള കൂടുതല്‍ പേര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
ലിസ്റ്റിന്റെ കാലാവധി നീട്ടിയതുള്‍പ്പെടെയുള്ള നടപടികള്‍ സ്വാഗതാര്‍ഹമാണെന്ന് അവര്‍ പറഞ്ഞു. ഇക്കാലയളവില്‍ ഉണ്ടാകുന്ന കൂട്ട വിരമിക്കല്‍ സമയത്തെ ഒഴിവുകള്‍ ഇതോടെ ഈ ലിസ്റ്റില്‍ നിന്നും നികത്താനാകും.കേസില്‍ ഉള്‍പ്പെട്ട് പ്രമോഷന്‍ നടപടികള്‍ വൈകുന്ന പ്രശ്നം കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ പ്രതിനിധികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സുപ്രധാന തീരുമാനവും കൈക്കൊണ്ടു. കേസില്‍ പെട്ട് പ്രമോഷന്‍ വൈകുന്ന സാഹചര്യം ഒഴിവാക്കാന്‍, പ്രൊവിഷണല്‍ പ്രമോഷന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഇതോടെ പ്രമോഷന്‍ എല്ലാം സുഗമമാകും. എന്‍ട്രി കേഡറില്‍ നിയമനം സുഗമം ആകും.
ഇക്കാര്യങ്ങളില്‍ ഡിവൈഎഫ്‌ഐ നടത്തിയ ഇടപെടലുകള്‍ക്ക് എല്‍ ഡി സി പ്രതിനിധികള്‍ നന്ദി പറഞ്ഞു.
എല്ലാ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യാനും, പ്രമോഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും വേഗതയിലാക്കാനും ഡിവൈഎഫ്‌ഐ എല്‍ ഡി സി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒപ്പം ഉണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എഎ റഹീം പറഞ്ഞു. അതേ സമയം റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും കെഎസ് ശബരീനാഥനും സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരസമരം ആരംഭിച്ചിരിക്കുകയാണ്.