Wednesday, September 11, 2024
Homeചാണ്ടി ഉമ്മന് സെയ്ഫ് സീറ്റ് കൊടുക്കാന്‍ കോണ്‍ഗ്രസ്; ചങ്ങനാശ്ശേരിയും ഇരിക്കൂറും പരിഗണിക്കുന്നു; ഇരിക്കൂറില്‍ നിന്നുള്ള കെസി...
Array

ചാണ്ടി ഉമ്മന് സെയ്ഫ് സീറ്റ് കൊടുക്കാന്‍ കോണ്‍ഗ്രസ്; ചങ്ങനാശ്ശേരിയും ഇരിക്കൂറും പരിഗണിക്കുന്നു; ഇരിക്കൂറില്‍ നിന്നുള്ള കെസി ജോസഫിന്റെ പിന്‍വാങ്ങല്‍ പ്രഖ്യാപനം ചാണ്ടിഉമ്മന് വേണ്ടിയെന്ന് സൂചന

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍യുവ നിരയെ പരീക്ഷിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന് സെയ്ഫ് സീറ്റ് ഒരുക്കാനുള്ള ആലോചനയില്‍. ഉമ്മന്‍ചാണ്ടിയെ പോലൊരാളുടെ മകന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോള്‍ സുരക്ഷിത മണ്ഡലം നല്‍കണമന്നതിനാല്‍ കൊടുക്കാവുന്ന മണ്ഡലങ്ങളുടെ പട്ടിക കോണ്‍ഗ്രസ് നേതൃത്വംതയാറാക്കി. ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളായി ചാണ്ടി ഉമ്മന് പറ്റിയ നിലയില്‍ ചങ്ങനാശ്ശേരിയും ഇരിക്കൂറുമാണ് കണ്ടെത്തിയത്. ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനും എഗ്രൂപ്പിന്റെ മുഖ്യനേതാവും കോണ്‍ഗ്രസ്സിന്റെ നിയമസഭാകക്ഷി ഉപനേതാവുമായ കെസി ജോസഫ് ഇരിക്കൂറില്‍ യുവാക്കള്‍ക്ക് വേണ്ടി വഴിമാറുന്നു എന്ന് പ്രഖ്യാപിച്ചത് അതിന്റെ ഭാഗമായാണെന്ന് ന്യൂസ് അറ്റ് ഹൗസിനോട് കെപിസിസിയിലെ എഗ്രൂപ്പിലെ പ്രമുഖനായ ഒരുനേതാവ് സൂചിപ്പിച്ചു.

ഇരിക്കൂറില്‍ ഇത്തവണ മല്‍സരിക്കാന്‍ താനില്ലെന്ന് കെസി ജോസഫ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. മാത്രമല്ല കോട്ടയത്തേക്ക് രാഷ്ട്രീയ പ്രവര്‍ത്തനം മാറ്റുകയും ഇനിയുള്ള കാലം കോട്ടയത്ത് കഴിയുമെന്നും ആണ് കെസി ജോസഫ് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരിക്കുന്നത്. അതേ സമയം ഇരിക്കൂറില്‍ നിന്ന പിന്‍വാങ്ങിയ കെസി ചങ്ങനാശ്ശേരിയില്‍ മല്‍സരിക്കാനുള്ള താല്‍പര്യവും അറിയിച്ചുകഴിഞ്ഞു. ചങ്ങനാശ്ശേരി കേരളകോണ്‍ഗ്രസ്സിന്റെ സീറ്റാണെന്നതിനാല്‍ ചാണ്ടി ഉമ്മന് വേണ്ടി അതേറ്റെടുക്കുമ്പോള്‍ മറ്റുപല വ്യാഖ്യാനങ്ങളും ഉണ്ടാകുമെന്നതിനാലാണ് ഇരിക്കൂറിലേക്ക് മാറുന്നത്. അതേ സമയം എന്‍എസ്എസ് നേതൃത്വം കോണ്‍ഗ്രസ് ആ സീറ്റ് കേരളകോണ്‍ഗ്രസ്സില്‍ നിന്ന് ഏറ്റെടുക്കുന്നതിനോട് യോജിച്ചുകഴിഞ്ഞു. നേരത്തെ രമേശ് ചെന്നിത്തല ചങ്ങനാശ്ശേരിയില്‍ മല്‍സരിക്കട്ടെയെന്ന നിലപാട് ജി സകുമാരന്‍ നായര്‍ എടുത്തിരുന്നെങ്കിലും മാറിയ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയും കെസി ജോസഫും ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തുകയും സമ്മതം വാങ്ങിക്കുകയും ചെയ്തു എന്നാണ് വിവരം. ചങ്ങനാശ്ശേരിയില്‍ കെസി മല്‍സരിക്കുകയാണെങ്കില്‍ പിജെ ജോസഫും അയഞ്ഞേക്കും.

അതേ സമയം തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സാധ്യത ചാണ്ടി ഉമ്മന്‍ സമ്മതിച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മല്‍സരിക്കുമെന്നും വിമുഖത പറയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. യുവാക്കള്‍ക്കായിരിക്കം ഇത്തവണ 70 ശതമാനം സീറ്റുകള്‍ കോണ്‍ഗ്രസ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മല്‍സരിക്കാന്‍ താല്‍പര്യമുള്ള സീറ്റേതാണെന്ന് വ്യക്തമാക്കിയില്ല. ഇരിക്കൂറില്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്ക് ഇതുസംബന്ധിച്ച് എഗ്രൂപ്പ് നേതൃത്വം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായാണ് സൂചന. സുപ്രിംകോടതി വക്കീലെന്ന നിലയിലുള്ള പരിചയസമ്പത്തും സ്വീകാര്യതയും ഇരിക്കൂറില്‍ പ്രയോജനപ്പെടുത്താമെന്നാണ് സൂചന. അതേ സമയം ഇക്കാര്യം പാര്‍ട്ടിയുട ഔദ്യോഗിക പരിഗണനയിലെത്തിയതിന് ശേഷമായിരിക്കും അന്തിമതീരുമാനം.

- Advertisment -

Most Popular