എഴുത്തച്ഛന്‍ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് എഴുത്തുകാരന്‍ സക്കറിയ നടത്തിയ പ്രഭാഷണത്തില്‍ നിറയെ ഇടതുപക്ഷത്തോടുള്ള യോജിപ്പുകളെ കുറിച്ചാണ്. അതേ സമയം പിണറായി സര്‍ക്കാരിനോട് ഉള്ള വിയോജിപ്പുകളും എന്തുകൊണ്ട് ഈ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു എന്നുള്ള നിലപാട് പ്രഖ്യാപനങ്ങളുമാണ് പ്രസംഗത്തില്‍.
എഴുത്തച്ഛൻ പുരസ്കാരംഏറ്റുവാങ്ങി സക്കറിയനടത്തിയ പ്രസംഗത്തിന്റെപ്രസക്തഭാഗങ്ങൾ
എന്റെ വായനക്കാരും അല്ലാത്തവരുമായ എല്ലാ കേരളീയരോടും എന്റെ അകമഴിഞ്ഞ കൃതജ്ഞത അറിയിക്കുന്നു. അവരാണ് എന്നിലെ എഴുത്തുകാരനെ വളർത്തിയതും ഈ മണ്ണിൽ നിലയുറപ്പിക്കാൻ എനിക്കൊരിടം തന്നതും.അവരുടെ സൂര്യനുകീഴിലാണ് എന്റെ എഴുത്തും ജീവിതവും വേരുപിടിച്ചത്. ഈ പുരസ്കാരം ഏർപ്പെടുത്തിയ ഭരണകൂടം അവരുടെയാണ്. ഈ പുരസ്കാരത്തിന്റെ തുകയാവട്ടെ അവരുടെ ഖജനാവിൽനിന്ന് വന്നതുമാണ്. അവർക്ക് നന്ദി. വളരെ നന്ദി.
ഒരു മലയാളിയായതിൽ പൊതുവിൽ സന്തോഷിക്കുന്ന ഒരുവനാണ് ഞാൻ. ലജ്ജിക്കുന്ന അവസരങ്ങളും ധാരാളമുണ്ട്. ഇത് സന്തോഷിക്കുന്ന നിമിഷമാണ്. ഈ പുരസ്കാരം പ്രഖ്യാപിക്കുകയും ഞാനത് സ്വീകരിക്കുകയും ചെയ്തപ്പോൾ ചിലർ ചോദിച്ചു. അവരിൽ സന്മസ്കരും ദുർബുദ്ധികളും ഉണ്ടായിരുന്നു. ഭരണകൂടത്തെ വിമർശിക്കുന്ന ഒരെഴുത്തുകാരൻ ഭരണകൂടം ഏർപ്പെടുത്തിയ പുരസ്കാരം സ്വീകരിക്കാമോ?പലവിധത്തിലും ഉത്തരമാവശ്യപ്പെടുന്ന ഒരു ചോദ്യമാണത്.
ജനാധിപത്യസംവിധാനത്തിലെ ഒരു പൗരൻ എന്ന നിലയിൽ ഞാൻ ഭരണകൂടമടക്കമുള്ള അധികാരസംവിധാനങ്ങളെ വിമർശിക്കാറുള്ളതിനാലായിരിക്കാം ആ ചോദ്യമുണ്ടായത്. പ്രധാനമായ അഞ്ച് അധികാര കേന്ദ്രങ്ങളാണ് മലയാളികളുടെ ജീവിതങ്ങളെ നിയന്ത്രിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഭരണകൂടം, ജാതി, മതം, മാധ്യമങ്ങൾ, ദൃശ്യവും അദൃശ്യവുമായ സാമ്പത്തികതാത്‌പര്യങ്ങൾ.ജനാധിപത്യത്തിൽ ജീവിക്കുന്ന പൗരൻ എന്ന നിലയിൽ ഈ അധികാരകേന്ദ്രങ്ങളെയെല്ലാം ഞാൻ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ വിമർശിച്ചിട്ടുണ്ട്; മറ്റ് എത്രയോ ലക്ഷം പൗരന്മാരെപ്പോലെമാത്രം. ഞാൻ ഒരെഴുത്തുകാരനായതുകൊണ്ട് എന്റെ ശബ്ദം ഉയർന്നുകേട്ടു എന്നുമാത്രം.
ഒരുപക്ഷേ, എഴുത്തുകാരുടെ പൊതുവിലുള്ള മൗനങ്ങളുടെയും അർധമൗനങ്ങളുടെയും പശ്ചാത്തലത്തിൽ എന്റെ ചെറിയ ശബ്ദംപോലും ഉറക്കെക്കേട്ടു എന്നതുമാകാം.
പക്ഷേ, ദുർബുദ്ധികളുംകൂടി ചേർന്ന് ചോദിച്ച ആ ചോദ്യം ഉപയോഗപ്രദമായ ഒന്നാണ്.കാരണം, ആദ്യം സൂചിപ്പിച്ചതുപോലെ, അത് സ്പർശിക്കുന്നത് എഴുത്തുകാരുടെ രാഷ്ട്രീയത്തെയാണ്.
രാഷ്ട്രീയമാണ് നമ്മുടെ ജീവിതങ്ങളുടെ നിയന്ത്രിതാവ് എന്നതിന് സംശയമില്ല. ഇന്ന് ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതുപോലെ, നാം എന്തുതിന്നണം, എന്തുകുടിക്കണം, എന്തുവസ്ത്രം ധരിക്കണം, ആരെ സ്നേഹിക്കണം, ആരെ വിവാഹംകഴിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് രാഷ്ട്രീയമാണ്. രാഷ്ട്രീയമാണ് ഭരണകൂടങ്ങളെ സൃഷ്ടിക്കുന്നത്. ഇതിന് മറ്റൊരു വശംകൂടിയുണ്ട്. ഇന്ന് അടിയന്തരാവസ്ഥയെക്കാൾ പതിന്മടങ്ങ് സ്വേച്ഛാധിപത്യത്തിന്റെ ബലപ്രയോഗങ്ങൾ ഈ രാഷ്ട്രത്തിന്റെമേൽ നടന്നുകൊണ്ടിരിക്കയാണ്. അതിൽ മേൽപ്പറഞ്ഞ അധികാരകേന്ദ്രങ്ങൾക്കും പങ്കുണ്ട്.
അതുകൊണ്ട് ഭരണകൂടങ്ങളുടെ മാത്രമല്ല, ഈ സമാന്തര അധികാരകേന്ദ്രങ്ങളുടെയും അംഗീകാരങ്ങൾ സ്വീകരിക്കണമോ വേണ്ടയോ എന്ന് ഓരോ എഴുത്തുകാരിയും എഴുത്തുകാരനും അവനവനോട് ചോദിക്കേണ്ടതുണ്ട്.
പിണറായി വിജയൻ നയിക്കുന്ന ഭരണകൂടത്തെപ്പറ്റി എനിക്ക് വിമർശനങ്ങളുണ്ട്. അവയില്ലെങ്കിൽ ഒരു പൗരൻ എന്ന നിലയിൽ ഞാനൊരു മരപ്പാവമാത്രമാണ്. അതേസമയം, ഈ ഭരണകൂടത്തോട് എനിക്ക് യോജിപ്പുകളുമുണ്ട്. അവയും എന്റെ സ്വതന്ത്രമായ വിലയിരുത്തലുകളുടെ ഭാഗമാണ്. ആ യോജിപ്പുകളുടെ വെളിച്ചത്തിലല്ല ഞാൻ ഈ പുരസ്കാരം സ്വീകരിക്കുന്നത്. ഞാനത് ചെയ്യുന്നത് ഈ ഭരണകൂടത്തോടുള്ള വിയോജിപ്പുകളും യോജിപ്പുകളുമടങ്ങിയ എന്റെ രാഷ്ട്രീയത്തിന്റെ വെളിച്ചത്തിലാണ്.എല്ലാ ഭരണകൂടങ്ങൾക്കും സംഭവിക്കുന്ന വീഴ്ചകൾ ഈ ഭരണകൂടത്തിനും സംഭവിക്കുന്നത് കണ്ണുതുറന്ന് കണ്ടുകൊണ്ടാണ്.
പക്ഷേ, എന്നിലെ പൗരന്റെ കാഴ്ചപ്പാടിൽ, ഇന്നത്തെ ഇന്ത്യയിൽ ഈ ഭരണകൂടത്തിന് ഒരു പ്രത്യേക അർഥമുണ്ട്. പ്രത്യേക പ്രസക്തിയുമുണ്ട്. കേരളത്തിലെ ഇടതുപക്ഷഭരണകൂടത്തിന്, ഇന്നത്തെ ഇന്ത്യയിൽ, വർഗീയ ഫാസിസത്തിന് കീഴടങ്ങാത്ത ഒരു ജനതയുടെ ഭരണകൂടം എന്ന വിലമതിക്കാനാവാത്ത പ്രധാന്യമുണ്ട്. മുഴുവൻ ഇന്ത്യയ്ക്കും നാം ഇക്കാര്യത്തിൽ മാതൃകയാണ്.
എനിക്ക് ഇടതുപക്ഷത്തെപ്പറ്റി പ്രതീക്ഷകളുണ്ട്. ബോധജ്ഞാനവും ആധുനികതയും കൈവരിച്ച ഇടതുപക്ഷം ശക്തിപ്പെടേണ്ടത് കേരളത്തിന്റെ ഭാവിക്ക് അതിപ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു.ഈ പുരസ്കാരം സ്വീകരിക്കുന്നതിലൂടെ ഞാൻ എളിയരീതിയിൽ ചെയ്യുന്നത് പുരോഗമനോമുഖമായ ഇടതുപക്ഷത്തെപ്പറ്റിയുള്ള എന്റെ പ്രതീക്ഷകളോടും വർഗീയതയ്ക്ക് അടിമപ്പെടാൻ വിസമ്മതിക്കുന്ന ഒരു ജനതയുടെ ഭരണകൂടത്തോടുമുള്ള എന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കലാണ്. മറ്റ് വാക്കുകളിൽ പറഞ്ഞാൽ ഞാൻ ഈ പുരസ്കാരം സ്വീകരിക്കുന്നത് ഒരെഴുത്തുകാരന്റെ സുചിന്തിതമായ രാഷ്ട്രീയനിലപാടുകളുടെ വെളിച്ചത്തിലാണ്.
ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ നാമത്തിലുള്ള പുരസ്കാരമാണ് എനിക്ക് നൽകപ്പെട്ടിരിക്കുന്നത്.അദ്ദേഹം സൃഷ്ടിച്ച സാഹിത്യപ്രപഞ്ചങ്ങൾ ഞാൻ അകലെ നിന്നുമാത്രമേ കണ്ടിട്ടുള്ളൂ. അദ്ദേഹത്തിന്റെ രചനകളുമായി പരിചയപ്പെട്ടിട്ടുള്ളത് സ്കൂൾ ക്ലാസുകളിലെ മലയാള പാഠാവലികളിലൂടെ മാത്രമാണ്.ആട് ഇല കടിക്കുംപോലെ ആ പാഠഭാഗങ്ങളിൽനിന്ന് അദ്ദേഹത്തിന്റെ കാവ്യത്തെ രുചിച്ചിട്ടുണ്ട്.
21-ാം നൂറ്റാണ്ടിൽ പ്രവർത്തിക്കുന്ന ഒരെഴുത്തുകാരനായ ഞാൻ അദ്ദേഹത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ നന്ദിപൂർവം കാണുന്നത് എന്നെ എഴുത്തുകാരനാക്കിയ ഭാഷയെ ആധുനികതയിലേക്ക് നയിച്ച കവിയെയാണ്.മലയാളികളുടെ മാതൃഭാഷയ്ക്ക് ഒരു പുതിയ സ്വരൂപം നൽകിയ മഹാനെയാണ്.
എഴുത്തച്ഛനെ ഭക്തകവിയായി വിവരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നും അങ്ങനെ ചെയ്യുന്നവരുണ്ടെന്ന് തോന്നുന്നു. തീർച്ചയായും അദ്ദേഹം മൊഴിമാറ്റത്തിന് തിരഞ്ഞെടുത്ത രണ്ട് കൃതികളിലും ഭക്തിയുടെ ധാരാളം മുഹൂർത്തങ്ങളുണ്ട്. അദ്ദേഹം എഴുതുന്ന കാലത്ത് ഭക്തി ഇന്നത്തെപ്പോലെ വിഷം കുത്തിച്ചെലുത്തിയ ഒരു വികാരമായിരുന്നില്ല എന്നും ഞാൻ സ്മരിക്കുന്നു.
ഞാൻ ഭക്തനല്ലാത്തതുകൊണ്ടാവാം, ഞാനദ്ദേഹത്തെ മനസ്സിലാക്കുന്നത് ഭക്തിയടക്കം എല്ലാ മനുഷ്യവികാരങ്ങളും അനുഭവങ്ങളും കരതലാമലകമായിരുന്ന ഒരു സമ്പൂർണ എഴുത്തുകാരനായാണ്.മനുഷ്യന്റെ അവസ്ഥാനന്തരങ്ങളുടെ അദ്‌ഭുത കഥാകലവറകളായ രാമായണത്തെയും മഹാഭാരതത്തെയും വളർച്ച തേടുകയായിരുന്ന ഒരു ഭാഷയുടെ താക്കോൽ കൊണ്ട് എഴുത്തച്ഛൻ തുറന്നു. ആ നിധികളെ ഉപയോഗിച്ച് മലയാളത്തെ പുതുക്കിപ്പണിയുകയും അതിലെ അതിശയങ്ങളെ സാധാരണക്കാരുമായി പങ്കുവെക്കുകയും ചെയ്തു.
ആ മഹാകവിക്ക്, അദ്ദേഹത്തിന്റെ പാദുകങ്ങൾ സ്പർശിക്കാൻപോലും അർഹതയില്ലാത്ത ഒരെഴുത്തുകാരന്റെ നന്ദി, പ്രണാമം