ജിനീഷ് കുഞ്ഞിലിക്കാട്ടില്‍
വിലായത്ത് ബുദ്ധ യ്ക്കു ശേഷം നാലഞ്ചു ചെറുപ്പക്കാരുമായി ഇന്ദുഗോപന്റെ പുതിയ നോവലാണ് നാലഞ്ചുചെറുപ്പക്കാര്‍
ഇന്ദുഗോപന്റെ കഥകള്‍ക്കും,നോവലുകള്‍ക്കും ഒരു മിനിമം ഗ്യാരന്റീയുണ്ട്. വായനക്കാരെ പിടിച്ചിരുത്താന്‍ പോന്ന എന്തെങ്കിലുമൊക്കെ അതില്‍ കരുതി വെച്ചിട്ടുണ്ടാകും . ധൈര്യമായി വിശ്വസിച്ചു വായിക്കാം,എന്റര്‍ടെയ്ന്‍മെന്റ് ഉറപ്പാണ്.
വിലായത്ത് ബുദ്ധയ്ക്കു ശേഷമുള്ള നാലഞ്ചു ചെറുപ്പക്കാര്‍ എന്ന ഇന്ദുഗോപന്റെ പുതിയ നോവലിന്റെ അവസ്ഥയും വ്യത്യസ്തമല്ല.
കടപ്പാകടയിലെ ശ്രീലക്ഷി ലോഡ്ജിലെ 501-ാം നമ്പര്‍ മുറിയില്‍ നിന്നും ഇന്ദുഗോപന്‍,കഥയുടെ കെട്ടഴിച്ചു വിടുന്നത് വേറൊരു ലോകത്തേക്കാണ്.
കര്‍ത്താവ് ശര്‍മ,അമല്‍ ,ആന്റോ,മറുത ലാലു,ബാസ്റ്റിന്‍ എന്ന ചെറുപ്പകാരുടെ ഇടയിലേക്ക് പി. പി അജേഷ് എന്ന ചെറുപ്പകാരന്റെ കടന്നു വരവോടെയാണ് കഥയ്ക്ക് ഫസ്റ്റ് ഗിയര്‍ വീഴുന്നത്. കൊല്ലം കടപ്പുറത്തെ സ്റ്റെഫി എന്ന പെണ്ണിന്റെ വിവാഹത്തിന് പറഞ്ഞുറപ്പിച്ച സ്വര്‍ണ്ണം കൊടുക്കാന്‍ പാങ്ങില്ലാത്ത അവസ്ഥയില്‍ ഏതോ ഒരു ജ്വല്ലറിയുടെ ആളായി വന്ന അജേഷ് എന്ന ചെറുപ്പക്കാരന്‍ ആവശ്യമുള്ള സ്വര്‍ണ്ണം കൊടുക്കുന്നു. കല്യാണ പിരിവില്‍ നിന്നും കിട്ടുന്ന വലിയ തുകയില്‍ നിന്നും ആജേഷിന്റെ ഇടപാട് തീര്‍ക്കാം എന്നു കരുതിയെങ്കിലും അവിടെയും പണി പാളി. പണം കിട്ടാത്ത സ്ഥിതിയ്ക്കു തിരിച്ചു കൊടുക്കേണ്ട സ്വര്‍ണ്ണവുമായി അതിരാവിലെ തന്നെ പെണ്ണും ചെക്കനും കടന്നു കളയുകയും ചെയ്യുന്നു.
പി പി അജേഷ് എന്ന ‘പിടിവാശിക്കാരന്‍’ അജേഷ് സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ പയറ്റുന്ന തത്രപ്പാടുകളാണ് പിന്നീട് വായനകാര്‍ക്ക് കാണാനാവുക. നാല്‍പ്പത്തി ഒമ്പത് അദ്ധ്യായങ്ങളുണ്ടെങ്കിലും ഒന്നോ രണ്ടോ പേജിലൊതുങ്ങുന്ന ചെറു അദ്ധ്യായങ്ങളായാണ് നോവല്‍ അവതരിപ്പിച്ചിരിക്കുന്നത്. സീന്‍ ബൈ സീന്‍ പോലെ വായിച്ചു പോകാവുന്ന ,സിനിമയുടെ ഒരു തിരകഥ പോലെ തോന്നി അവതരണം . സംഭാഷണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് നോവല്‍. കഥയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള രൂപകങ്ങളോ പ്രതീകങ്ങളോ ,കടിച്ചാല്‍ പൊട്ടാത്ത ചിന്തകളോ , ഒന്നും തന്നെയില്ല.
വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്ത , ജീവിക്കാന്‍ വേണ്ടി പോരാടുന്ന ഒരു പിടി കഥാപാത്രങ്ങളുടെ കഷ്ടപ്പാടുകളും, അതിജീവന തന്ത്രങ്ങളും ,ഒട്ടും അതിശയോക്തിയില്ലാതെ ,തന്മയത്തത്തോടെ ഈ നോവലില്‍ അവതരിപ്പിച്ചിട്ടുണ്ട് .
ഗൌരവം മുറ്റി നില്‍ക്കുന്ന ഇടങ്ങളില്‍ പോലും നല്ല പൊളപ്പന്‍ ഡയലോഗുകളിലൂടെ ചിരിപ്പിക്കാനും നോവലില്‍ വക തരുന്നുണ്ട് . ആജേഷിന്റെ, ‘ആമ്പിയന്‍സ് പിന്നെ നിന്റെ തന്ത കൊണ്ടു തരുമോടാ’ എന്ന് സ്റ്റെഫിയുടെ ആങ്ങളയായ ബ്രൂണോയോടു പറയുന്ന സന്ദര്‍ഭം തന്നെ ഒരുദാഹരണം.
വഴിമുട്ടി നില്‍ക്കുന്ന ജീവിതത്തില്‍ ഒരിടത്ത് പച്ചത്തുരുത്ത് കണ്ട് ചാടിപ്പിടിച്ചു കിടക്കുന്നവര്‍ക്ക് എന്ത് വ്യവസ്ഥ നോക്കാനാണ്,എന്ത് മാനം നോക്കാനാണ്. അതുകൊണ്ടാണ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് വരുന്ന പള്ളീലെ മണിക്കുട്ടന്‍ അച്ചനോട് പെണ്ണിന്റെ തള്ള ‘വ്യവസ്ഥയൊക്കെ ഒരവസ്ഥ വരെയുള്ളൂ അച്ചോ’ എന്ന ഒറ്റ ഡയലോഗില്‍ ഫ്‌ലാറ്റാക്കി അവരുടെ കാറ്റൂതി വിടുന്നത്. എങ്കിലും അത്തരം അവസ്ഥകളില്‍ നിന്നും ഇടയ്‌ക്കൊക്കെ വ്യവസ്ഥകളിലേക്ക് ഒരു തിരിച്ചു നടത്തം സംഭവിക്കുന്നുമുണ്ട് ഒട്ടു മിക്ക കഥാപാത്രങ്ങള്‍ക്കും.
പുസ്തകത്തിന്റെ ആസ്വാദനകുറിപ്പില്‍ മനീഷ് നാരായണന്‍ പറയുന്നതുപോലെ ഉദ്വേഗപൂര്‍ണ്ണമായ അപ്രതീക്ഷിതത്വത്തിലൂടെയും , ദുരൂഹതകളെ അറകളിലുമാക്കിയാണ് കഥയുടെ സഞ്ചാര ശൈലി.
എന്നു കരുതി എളുപ്പം പിടി തരുന്ന കഥാപാത്രങ്ങളെയല്ല ഇന്ദു ഗോപന്‍ നമ്മുടെ മുന്നിലെക്കിട്ടു തന്നിരിക്കുന്നത്, പിടിച്ചാല്‍ ബ്രാലിനെ പോലെ വഴുതിമാറുന്ന തരം കഥാപാത്രങ്ങളാണ്. വായനക്കാര്‍ക്ക് ഒരിടത്തും പിടി നല്‍ക്കാതെ തുടക്കം മുതല്‍ ഒടുക്കം വരെ അത് സഞ്ചരിക്കുന്നുമുണ്ട് .
എഴുത്തുകാരന്റെ കഥപറച്ചില്‍ രീതി പൊതുവേ നല്ലരീതിയില്‍ സ്വീകരിക്കപ്പെട്ടിട്ടുള്ളതാണല്ലോ. ഈ കഥ പിറന്നതിന്റെ പിന്നാമ്പുറ രഹസ്യം എന്തു തന്നെയായാലും ഒരു ചെറു പരിസരത്തില്‍ നിന്നുകൊണ്ടു തന്നെ മനോഹരമായി കഥയും ,കഥാപാത്രങ്ങളും സൃഷ്ടിക്കാന്‍ ഇന്ദുഗോപന് കഴിഞ്ഞിട്ടുണ്ട് . 152 പേജുകളിലുള്ള , എന്നാല്‍ ചിത്രങ്ങള്‍ ഒഴിവാക്കിയാല്‍ ഒരു പക്ഷേ 100 പേജുകളില്‍ ഒതുങ്ങിയെക്കാവുന്ന ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് മലയാള മനോരമായാണ്. വില 170 രൂപ.
(കടപ്പാട്-എഴുത്തുലോകം ഡോട്ട്‌കോം)