Friday, October 11, 2024
HomeNewshouse'തോന്ന്യാസം ന്യായീകരിക്കാന്‍ ഇല്ല; ചാനല്‍ ചര്‍ച്ചയില്‍ വേണമെങ്കില്‍ രാജേട്ടനെ തന്നെ വിളിച്ചോ'; ക്ഷുഭിതരായി ബിജെപി നേതാക്കള്‍;...

‘തോന്ന്യാസം ന്യായീകരിക്കാന്‍ ഇല്ല; ചാനല്‍ ചര്‍ച്ചയില്‍ വേണമെങ്കില്‍ രാജേട്ടനെ തന്നെ വിളിച്ചോ’; ക്ഷുഭിതരായി ബിജെപി നേതാക്കള്‍; പാര്‍ട്ടിയെ കുഴിയില്‍ കൊണ്ടു ചാടിച്ച രാജഗോപാലിനെതിരെ നടപടിവേണമെന്നും ആവശ്യം

തിരുവനന്തപുരം: കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെ കേരളം കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച ഒ രാജഗോപാലിന്റെ നിലപാടില്‍ ബിജെപി നേതാക്കള്ക്ക് അമര്‍ഷം. നിയമസഭയിലെ വിവാദ സംഭവങ്ങളെ ന്യായീകരിക്കാന്‍ ചാനല്‍ ചര്‍ച്ചയിലേക്ക് തങ്ങളെ വിളിക്കേണ്ടെന്ന് സംസ്ഥാന നേതാക്കള്‍ തന്നെ പ്രതികരിച്ചു. പറഞ്ഞ തോന്ന്യാസം ന്യായീകരിക്കാന്‍ വേണമെങ്കില്‍ രാജേട്ടനെ തന്നെ വിളിച്ചോളൂ എന്നാണ് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞത്.

പ്രമേയത്തെ എതിര്‍ക്കാത്തത് കേരളത്തിന്റെ ജനാധിപത്യ സ്പിരിറ്റിനെ ഓര്‍ത്തിട്ടാണെന്നായിരുന്നു രാജഗോപാല്‍ പ്രമേയം പാസാക്കിയതിന് പിന്നാലെ പ്രതികരിച്ചത്. പൊതുജന അഭിപ്രായം മാനിച്ചാണ് പ്രമേയത്തെ എതിര്‍ക്കാതിരുന്നത്. കേരളത്തിന് ഒരൊറ്റ അഭിപ്രായമാണെന്ന് പുറത്തുവരട്ടെ. ഉന്നത ജനാധിപത്യ സ്പിരിറ്റ് വെച്ചാണ് ഞാന്‍ പ്രമേയത്തെ എതിര്‍ക്കാതിരുന്നത്. നമുക്കിടയില്‍ ഇക്കാര്യത്തില്‍ എതിരഭിപ്രായങ്ങളുണ്ടെന്ന് പുറത്തറിയേണ്ടതില്ലല്ലോയെന്നുമായിരുന്നു നിയമസഭയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്. നേരത്തെ നിയമസഭയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയത്തെ രാജഗോപാല്‍ പ്രസംഗത്തില്‍ എതിര്‍ത്തിരുന്നു. പ്രമേയം അനാവശ്യമാണെന്നും പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് അനുകൂലമാണെന്നും കേരള നിയമസഭയിലെ ഏക ബിജെപി എംഎല്‍എ പറഞ്ഞിരുന്നു.

സംഭവം വിവാദമായപ്പോള്‍ സ്പീക്കര്‍ക്കെതിരെ കുറ്റപ്പെടുത്തലുമായി രാജഗോപാല്‍ രംഗത്തെത്തി. സ്പീക്കര്‍ നിയമത്തെ എതിര്‍ക്കുന്നവര്‍, അനുകൂലിക്കുന്നവര്‍ എന്ന് വേറിട്ട് ചോദിച്ചില്ലെന്നാണ് രാജഗോപാലിന്റെ വിമര്‍ശനം. ‘പ്രമേയത്തെ അനുകൂലിക്കുന്നവര്‍, എതിര്‍ക്കുന്നവര്‍ എന്ന് സ്പീക്കര്‍ വേറിട്ട് ചോദിച്ചില്ല. ഒറ്റചോദ്യത്തില്‍ സ്പീക്കര്‍ അവസാനിപ്പിച്ചത് കീഴ്വഴക്ക ലംഘനമാണ്. സഭയില്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തിരുന്നു. കേന്ദ്ര ബില്ലിനേയോ കേന്ദ്ര സര്‍ക്കാരിനേയോ എതിര്‍ത്തിട്ടില്ല’.

പ്രമേയത്തെ അനുകൂലിച്ചതില്‍ ബിജെപി പ്രവര്‍ത്തകരില്‍നിന്നും വലിയ സൈബര്‍ ആക്രമണമാണ് രാജഗോപാല്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു നീക്കം രാജഗോപാലില്‍ നിന്നും ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ബിജെപിയില്‍ നില്‍ക്കുമ്പോള്‍ ആ പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ പഠിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ചിലര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരണം നടത്തിയത്. ഇതിന് പിന്നാലെയാണ് എംഎല്‍എ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

രാജഗോപാലിന്റെ നീക്കം ബിജെപി നേതൃത്വത്തെയും ഞെട്ടിച്ചിരിക്കുകയാണ്. നിയമത്തെ എന്തുകൊണ്ടാണ് രാജഗോപാല്‍ എതിര്‍ത്തതെന്ന് തനിക്കറിയില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. നിയമങ്ങള്‍ക്കെതിരെ ഇതുവരെ രാജഗോപാല്‍ അതൃപ്തി അറിയിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പ്രതികരണം വിശദമായി പഠിച്ചശേഷം പ്രതികരിക്കാമെന്നും സുരേന്ദ്രന്‍ പറഞ്ഞു. നിലവില്‍ കാര്‍ഷികനിയമത്തിന്റെ കാര്യത്തില്‍ ബിജെപിയ്ക്കുള്ളില്‍ രണ്ടുനിലപാടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രമേയത്തെ ഒ രാജഗോപാല്‍ അനുകൂലിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞത്. കാര്‍ഷികപരിഷ്‌കരണ നിയമങ്ങളെ മുന്‍പ് രാജഗോപാല്‍ അനുകൂലിച്ചിരുന്നതാണ്. എന്തുകൊണ്ടാണ് അദ്ദേഹം ഈ നിലപാടെടുത്തതെന്ന് പരിശോധിക്കുമെന്നും എംടി രമേശ് പറഞ്ഞു.

- Advertisment -

Most Popular