തൊടുപുഴ: മാണി സി കാപ്പനെ വലിക്കാന്‍ യുഡിഎഫ് കിണഞ്ഞുശ്രമിക്കുന്നതിനിടെ കാപ്പന്‍ പോകുമോ എന്ന ആശങ്കയിലായി എല്‍ഡിഎഫ് കേന്ദ്രങ്ങള്‍. പാലാ നിയമസഭാ മണ്ഡലം ജോസ് കെ മാണിക്ക് കൊടുക്കേണ്ടി വരും എന്നുറപ്പായ സാഹചര്യത്തില്‍ കഷ്ടപ്പെട്ട് നേടിയെടുത്ത പാലാ വിട്ടുകൊടുക്കാന്‍ മാണി സി കാപ്പന്‍ തയാറായേക്കില്ല. ഈ സാഹചര്യത്തില്‍ യുഡിഎഫിന്റെ ചാക്കിടല്‍ തന്ത്രം കൂടി ആയതോടെ എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ ആശങ്കയിലായി. ഇടതുമുന്നണിയില്‍ ചേക്കേറിയ ജോസ് കെ. മാണിയോടു വ്യക്തിപരമായും കണക്കുതീര്‍ക്കാനുള്ള പി.ജെ. ജോസഫാണ് ഇതിനു മുന്നിട്ടിറങ്ങിയത്. നിലവില്‍ എല്‍.ഡി.എഫിനു വേണ്ടി പാലായില്‍ വിജയിച്ച എന്‍.സി.പി. നേതാവ് മാണി സി. കാപ്പനെ യു.ഡി.എഫിലെത്തിക്കാനാണു നീക്കം. പാലാ സീറ്റ് വിട്ടുകൊടുക്കാന്‍ തയാറാണെന്നും കാപ്പന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാകുമെന്നാണു പ്രതീക്ഷയെന്നും ജോസഫ് തൊടുപുഴയില്‍ പറഞ്ഞു.
ജോസ് കെ. മാണി പാലായ്ക്കു വേണ്ടി ഇടതുമുന്നണിയില്‍ പിടിമുറുക്കിയതോടെ മണ്ഡലം നഷ്ടമാകുമെന്നു മാണി സി. കാപ്പന് ആശങ്കയുണ്ട്. എന്നാല്‍ ഇതേപ്പറ്റി നിലപാട് വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല. ജോസഫ് പറഞ്ഞതിനെക്കുറിച്ച് അറിയില്ല. നിലവില്‍ താനും എന്‍.സി.പിയും ഇടതുമുന്നണിയിലാണെന്നും കാപ്പന്‍ പറഞ്ഞു. അതേസമയം, പാലാ സീറ്റ് മാണി സി. കാപ്പനു കൊടുക്കുമെന്ന് പറയാനുള്ള അവകാശം പി.ജെ. ജോസഫിന് പാര്‍ട്ടി കൊടുത്തിട്ടുണ്ടാകാമെന്നും അത് ഗൗരവത്തിലെടുക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കാപ്പന്‍ എന്‍.സി.പിയായിത്തന്നെ യു.ഡി.എഫിനു വേണ്ടി മത്സരിക്കുമെന്നാണു ജോസഫ് പറഞ്ഞത്. ഇതു യു.ഡി.എഫ്. നേതൃത്വത്തിന്റെ അറിവോടെയാണെന്നു വ്യക്തം. നേരത്തേ എന്‍.സി.പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന താരിഖ് അന്‍വര്‍ ഇപ്പോള്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയാണ്. ഇത് എന്‍.സി.പിയെ യു.ഡി.എഫിലെത്തിക്കുന്നതിനുള്ള നീക്കങ്ങള്‍ക്കു ശക്തിപകരുമെന്നു കരുതുന്നു. ദേശീയതലത്തില്‍ എന്‍.സി.പി. കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എയുടെ ഭാഗവുമാണ്.
യു.ഡി.എഫും കാപ്പനും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നെന്നാണു വിവരം. പാലായ്ക്കു പുറമേ കുട്ടനാട്, കായംകുളം സീറ്റുകളും മലബാറില്‍ ഒരു സീറ്റും എന്‍.സി.പിക്കു നല്‍കാന്‍ യു.ഡി.എഫ്. തയാറാണ്. കാപ്പന്‍ വരുന്നപക്ഷം സീറ്റ് വിഭജനം യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.
പാലായില്‍ മാണി സി. കാപ്പനും കുട്ടനാട്ടില്‍ സലിം പി. ചാക്കോയ്ക്കും കായംകുളത്ത് സുള്‍ഫിക്കര്‍ മയൂരിക്കും വേണ്ടിയാണ് എന്‍.സി.പി. സീറ്റ് ആവശ്യപ്പെടുന്നത്. ദേശീയ നേതൃത്വത്തിന്റെ പിന്തുണ ലഭിച്ചാല്‍ സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ ഉള്‍പ്പടെ എന്‍.സി.പിയിലെ പ്രബലവിഭാഗം മാണി സി. കാപ്പന്റെ നേതൃത്വത്തില്‍ യു.ഡി.എഫിലെത്തും.
മന്ത്രി എ.കെ. ശശീന്ദ്രന്‍ വിഭാഗം ഇതിനോടു യോജിച്ചിട്ടില്ല. എല്‍.ഡി.എഫ്. വിടില്ലെന്ന് അവര്‍ വ്യക്തമാക്കിയതോടെ എന്‍.സി.പിയില്‍ പിളര്‍പ്പിനുള്ള സാധ്യതകള്‍ പ്രകടമായി. മാണി സി. കാപ്പനൊപ്പം യു.ഡി.എഫിലെത്തിയാല്‍ അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസിന് കുട്ടനാട് സീറ്റ് നല്‍കാനും യു.ഡി.എഫ്. തയാറാണ്.
ജോസ് കെ. മാണി പുറത്തുപോയ സാഹചര്യത്തില്‍ പുതിയ ഘടകകക്ഷികളെ തേടുന്നതിന്റെ ഭാഗമായാണ് എന്‍.സി.പിക്കു വേണ്ടി യു.ഡി.എഫ്. വലയെറിയുന്നത്. ജോസ് കെ. മാണിയുടെ വരവോടെ എന്‍.സി.പിക്ക് ഇടതുമുന്നണിയിലെ പ്രാധാന്യം നഷ്ടമായി. പാലാ സീറ്റും വിട്ടുകൊടുത്ത് തീര്‍ത്തും അപ്രസക്തരാകാന്‍ എന്‍.സി.പിയും കാപ്പനും തയാറാകില്ലെന്ന് യു.ഡി.എഫ്. കരുതുന്നു.