Thursday, November 7, 2024
HomeNewshouseലീഗിനെതിരെ ആഞ്ഞടിച്ച് കെടി ജലീല്‍; അഴിമതിയുടെ കേന്ദ്രബിന്ദു ലീഗെന്ന് വിമര്‍ശനം

ലീഗിനെതിരെ ആഞ്ഞടിച്ച് കെടി ജലീല്‍; അഴിമതിയുടെ കേന്ദ്രബിന്ദു ലീഗെന്ന് വിമര്‍ശനം

മലപ്പുറം: മുസ്ലിംലീഗ് അഴിമതിയുടെ കേന്ദ്രബിന്ദുവാണെന്ന് മന്ത്രി കെ ടി ജലീല്‍. എം സി ഖമറുദ്ദീന്‍, വി കെ ഇബ്രാഹിംകുഞ്ഞ്, കെ എം ഷാജി എന്നിവര്‍ക്കെതിരെയുള്ള അഴിമതിക്കഥകള്‍ ഇതിന് തെളിവാണ്. ലീഗിന്റെ രണ്ട് എംഎല്‍എമാര്‍ ജാമ്യംകിട്ടാതെ ജയിലിലാണ്. അധികപ്രസംഗിയായ യുവ ലീഗ് നേതാവ് കണ്ണൂര്‍ ജയിലിലേക്കുള്ള വഴിയില്‍ പാതിയെത്തി നില്‍ക്കുകയാണ്- ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എല്‍ഡിഎഫ് പൊതുയോഗങ്ങള്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.

മുഴുവന്‍ ജാതി-മത വിഭാഗങ്ങളെയും ഒരേ കണ്ണുകൊണ്ട് കാണാന്‍ ബിജെപിക്കും മുസ്ലിംലീഗിനും കഴിയില്ല. പ്രശ്‌നം ഏത് സമുദായത്തിന്റേതാണ് എന്ന് നോക്കിയാണ് ബിജെപിയും ലീഗും വിഷയങ്ങളില്‍ ഇടപെടുന്നത്. ജാതി-മത വിഭാഗങ്ങളുടെ വേര്‍തിരിവില്ലാതെ അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ഇടതുപക്ഷത്തിനേ കഴിയൂ.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച ഇല്ലാതാക്കാനാണ് യുഡിഎഫും – ബിജെപിയും ശ്രമിക്കുന്നത്. കേരള ജനതക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ എല്ലാം ചെയ്യുന്നുണ്ട്. കോവിഡുകാലത്ത് ലോകം മുഴുവന്‍ അടച്ചുപൂട്ടിയപ്പോള്‍ പട്ടിണിയിലേക്കും പരിവട്ടത്തിലേക്കും പോകാതെ സൗജന്യ റേഷനും സൗജന്യ ധാന്യക്കിറ്റും നല്‍കി പിടിച്ചുനിര്‍ത്തിയത് സംസ്ഥാന സര്‍ക്കാരാണ്. പ്രളയകാലത്ത് കേരളത്തെ ഞെക്കിക്കൊല്ലാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എല്‍ഡിഎഫ് അഭിമാനത്തോടെയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കുന്നത്.

ഇടതുപക്ഷ ജനാധിപത്യമുന്നണി നേരിന്റെയും വികസനത്തിന്റെയും മതനിരപേക്ഷതയുടെയും മുന്നണിയാണ്. നാടിന്റെ പുരോഗതിക്കും സമാധാന ജീവിതത്തിനും ദുര്‍ബല ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കണമെന്നും ജലീല്‍ പറഞ്ഞു.

പെരിന്തല്‍മണ്ണ, കൊളത്തൂര്‍, അങ്ങാടിപ്പുറം, തിരുവാലി, നിലമ്പൂര്‍, എടക്കര, പൂക്കോട്ടുംപാടം എന്നിവിടങ്ങളിലായിരുന്നു പൊതുയോഗങ്ങള്‍.

- Advertisment -

Most Popular