Newsathouse

എഴുത്തിലൂടെ ലഹരിയെ പ്രകീർത്തിച്ചിട്ടില്ല: ടി പത്മനാഭൻ

തിരുവനന്തപുരം- തന്റെ കാലത്ത്‌ എഴുതിയ ഒട്ടുമുക്കാൽ സാഹിത്യകാരന്മാരും ലഹരിയെ പ്രകീർത്തിച്ചവരാണെന്നും എന്നാൽ, ഞാനതു ചെയ്‌തിട്ടില്ലെന്നും സാഹിത്യകാരൻ ടി പത്മനാഭൻ പറഞ്ഞു. നാടിനെ ഗ്രസിച്ച മഹാദുർഭൂതമായി ലഹരി മാറി. ഈ സ്ഥിതി തുടർന്നാൽ വരുംതലമുറയുണ്ടാകില്ല. കിട്ടുന്ന സന്ദർഭങ്ങളിലൊക്കെ ലഹരിയെ എതിർത്ത്‌ സംസാരിച്ചിട്ടുണ്ട്‌. അപ്പോഴൊക്കെ പഴഞ്ചനാണെന്ന പഴി കേൾക്കേണ്ടി വന്നു. ലഹരി ഉപയോഗം ഇല്ലാതാക്കാനുള്ള സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൊതുസമൂഹം അകമഴിഞ്ഞ പിന്തുണ നൽകണമെന്ന്‌ നിയമസഭ ലൈബ്രറി പ്രഥമ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന്‌ ഏറ്റുവാങ്ങി അദ്ദേഹം പറഞ്ഞു.

ദാരിദ്ര്യം നിറഞ്ഞുനിന്ന ചെറുപ്പത്തിൽ വായനയിലൂടെയാണ് വിശപ്പടക്കിയിരുന്നത്. ഇന്ന് വായന ലഹരിയാക്കണമെന്ന്‌ പുതുതലമുറയെ ഉദ്‌ബോധിപ്പിക്കുന്നു. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു നിയമനിർമാണ സഭയുടെ ആഭിമുഖ്യത്തിൽ പുസ്‌തകമേള സംഘടിപ്പിക്കുന്നത്‌. ഒരുപക്ഷേ, ലോകത്തുതന്നെ ആദ്യമായും. അതിന്‌ സ്‌പീക്കർക്കും മുഖ്യമന്ത്രിക്കും നന്ദി അറിയിക്കുന്നുവെന്നും പത്മനാഭൻ പറഞ്ഞു.

Exit mobile version