Newsathouse

അഴിഞ്ഞാടി ബോൾസനാരോ അനുയായികൾ , പാര്‍ലമെന്റും സുപ്രീംകോടതി മന്ദിരവും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചു; അശാന്തമായി ബ്രസീൽ

ബ്രസീലിയ- ബ്രസീലിൽ ലുല ഡ സിൽവ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പാര്‍ലമെന്റ് സമുച്ചയം കൂട്ടത്തോടെ ആക്രമിച്ച് തീവ്രവലതുപക്ഷ നേതാവായ ജയ്ര്‍ ബോള്‍സനാരോയുടെ അനുയായികള്‍. ഇടതുപക്ഷ വർക്കേഴ്‌സ്‌ പാർടി നേതാവ്‌ ലുല ഡ സിൽവ അധികാരത്തിലേറി എട്ടാം ദിവസമാണ്‌ തോറ്റ മുന്‍പ്രസിഡന്റിനെ അനുകൂലിക്കുന്നവര്‍ പാര്‍ലമെന്റ്, സുപ്രീംകോടതി, പ്രസിഡന്റിന്റെ കൊട്ടാരം എന്നിവ ഉൾപ്പെടുന്ന കെട്ടിട സമുച്ചയം ആക്രമിച്ചത്.

സെനറ്റ്‌ ചേംബറിലും പ്രസിഡന്റിന്റെ കൊട്ടാരത്തിലും അതിക്രമിച്ചു കയറിയവര്‍ കണ്ണിൽ കണ്ടതെല്ലാം തല്ലിത്തകർത്തു. 2021 ജനുവരി ആറിന്‌  യുഎസ് ക്യാപിറ്റോളില്‍ തോല്‍വി അം​ഗീകരിക്കാതെ ഡോണൾഡ്‌ ട്രംപിന്റെ അനുയായികൾ നടത്തിയ ആക്രമണത്തിനു സമാനമാണ് ബ്രസീലിലെ ആക്രമണം. കലാപകാരികൾ കൈയടക്കിയ തന്ത്രപ്രധാന സ്ഥലങ്ങളുടെ നിയന്ത്രണം സൈന്യം തിരിച്ചുപിടിച്ചു. 400 പേരെ അറസ്റ്റ്‌ ചെയ്‌തു.

ബ്രസീൽ ദേശീയപതാകയിലെ മഞ്ഞയും പച്ചയും നിറങ്ങളിലുള്ള വസ്ത്രം ധരിച്ചെത്തിയ ബോൾസനാരോ അനുകൂലികളാണ് ഞായറാഴ്‌ച അക്രമം അഴിച്ചുവിട്ടത്‌. പ്രസിഡന്റ്‌ ലുല ഡ സിൽവ പ്രളയദുരിതം അനുഭവിക്കുന്ന ബ്രസീലിലെ കിഴക്കൻ നഗരമായ അരാരക്വാറ സന്ദർശിക്കുന്നതിനിടെയായിരുന്നു ആക്രമണം. സൈന്യം രംഗത്തിറങ്ങി മൂന്നുമണിക്കൂർ നേരത്തെ ശ്രമങ്ങൾക്കൊടുവിലാണ്‌ സ്ഥിതി നിയന്ത്രണവിധേയമാക്കിയത്‌. ആക്രമണം നടന്ന്‌ ആറുമണിക്കൂറിനുശേഷം ആക്രമണത്തെ അപലപിച്ച്‌ ബോൾസനാരോ ട്വീറ്റ്‌ ചെയ്‌തു. ട്രംപിന്റെ ലാറ്റിനമേരിക്കൻ പതിപ്പെന്ന്‌ വിളിപ്പേരുള്ള ബോൾസനാരോ ട്രംപിനെപ്പോലെ തീവ്രവലത്‌ നയങ്ങളുടെ പ്രചാരകനാണ്‌.

ഒക്ടോബർ 30നു നടന്ന രണ്ടാംവട്ട തെരഞ്ഞെടുപ്പിൽ ലുല ഡ സിൽവ 50.09 ശതമാനം വോട്ടുനേടി ഭൂരിപക്ഷം ഉറപ്പാക്കിയിരുന്നു. എന്നാൽ, വിജയം അംഗീകരിക്കാതെ കലാപം അഴിച്ചുവിടുകയായിരുന്നു ബോൾസനാരോ അനുകൂലികൾ. ജനുവരി ഒന്നിനാണ്‌ ലുല അധികാരമേറ്റത്‌. ഭരണകൈമാറ്റത്തിനു നിൽക്കാതെ ബോൾസനാരോ അമേരിക്കയിലെ ഫ്ലോറിഡയിലേക്കു കടന്നു.

തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്നും സൈന്യം ഇടപെട്ട്‌ ലുലയെ അധികാരത്തിൽനിന്നു പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ്‌  ബോൾസനാരോ അനുയായികൾ ആക്രമണം നടത്തിയത്. ജനാധിപത്യ സർക്കാരിനെതിരായ അട്ടിമറി നീക്കത്തിനെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും രംഗത്തിറങ്ങണമെന്ന്‌ ഇടതുപക്ഷ വർക്കേഴ്‌സ്‌ പാർടി അഭ്യർഥിച്ചു.
ഫാസിസ്റ്റ് ആക്രമണമാണ് രാജ്യത്ത് നടന്നതെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും  പ്രസിഡന്റ് ലുല ഡ സില്‍വ പറഞ്ഞു.
മുൻ പ്രസിഡന്റിന്റെ ആഹ്വാനങ്ങൾ കേട്ട്‌ പ്രചോദിതരായവരാണ്‌ ആക്രമണം അഴിച്ചുവിട്ടത്‌. ആക്രമണത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന്‌ മുൻ പ്രസിഡന്റിനും അദ്ദേഹത്തിന്റെ പാർടിക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും ലുല പറഞ്ഞു.

ബ്രസീലിലെ ജനാധിപത്യ സർക്കാരിനെതിരായ ആക്രമണത്തെ അപലപിച്ച്‌ ലോക നേതാക്കൾ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈ ഡൻ, ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഋഷി സുനക്‌, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിൾ, ഓസ്‌ട്രേലിയന്‍ പ്രസിഡന്റ് അന്റോണി അല്‍ബെനിസ്, ചൈനീസ്‌ വിദേശ വക്താവ്‌ വാങ്‌ വെബിൻ തുടങ്ങിയ  നേതാക്കൾ കലാപത്തെ അപലപിച്ചു.

ബ്രസീലിലെ ഇടതുഭരണത്തിനെതിരായ തീവ്രവലതുപക്ഷത്തിന്റെ നീക്കത്തിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളും ശക്തമായി പ്രതിഷേധിച്ചു.
അർജന്റീന പ്രസിഡന്റ്‌ ആൽബർട്ടോ ഫെർണാണ്ടസ്‌, വെനസ്വേല പ്രസിഡന്റ്‌ നിക്കോളാസ് മഡൂറോ, കൊളംബിയ പ്രസിഡന്റ്‌ ഗുസ്‌താവോ പെത്രോ, ക്യൂബൻ പ്രസിഡന്റ്‌ മിഗേൽ ദിയാസ്‌ കനേൽ, മെക്‌സിക്കൻ പ്രസിഡന്റ്‌ ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രദോർ, ചിലി പ്രസിഡന്റ്‌ ഗബ്രിയേൽ ബോറിക്‌ തുടങ്ങിയവർ പ്രതിഷേധം അറിയിച്ചു.

Exit mobile version