Newsathouse

യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച കേസില്‍ ഭര്‍ത്താവിന് 10 വര്‍ഷം തടവും പിഴയും

പത്തനംതിട്ട |  ഭാര്യയുടെ മുഖത്ത് ആസിഡ് എടുത്തൊഴിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവിന് 10 വര്‍ഷം തടവ് ശിക്ഷ. ചെന്നീര്‍ക്കര പ്രക്കാനം വല്യവട്ടം തുണ്ടിയില്‍ വീട്ടില്‍ രതീഷിനെയാണ് പത്തനംതിട്ട അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി പി പി പൂജ 10 വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്.

2016 ജനുവരി 13ന് വൈകിട്ട് 6.50 നാണ് സംഭവം. ഓമല്ലൂര്‍ ചന്തയ്ക്ക് സമീപമുള്ള അക്ഷയ സെന്ററില്‍ ജീവനക്കാരിയായിരുന്ന രഞ്ജുവിന്റെ മുഖത്ത് പ്രക്കാനം ജങ്ഷനില്‍ വച്ചാണ് ഭര്‍ത്താവ് രതീഷ് ആസിഡ് ഒഴിച്ച് പൊള്ളല്‍ ഏല്‍പ്പിച്ചത്. ഹോട്ടലില്‍ ജോലിക്കാരനായിരുന്ന ഇയാളുടെ സംശയരോഗം കാരണം ഇരുവരും പിണക്കത്തിലായിരുന്നു.

ഉപദ്രവം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോകാനിറങ്ങിയപ്പോള്‍, യുവതിയുടെ മുഖത്തേക്ക് പ്രതി ആസിഡ് ഒഴിക്കുകയായിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു തുടര്‍ ചികിത്സ.

എസ് ഐ സുമിത് ജോസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ശാസ്ത്രീയ തെളിവുകളും മറ്റും പരിഗണിച്ച് കോടതി ശിക്ഷ വിധിക്കുകയാണുണ്ടായത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. വി രേഖ അര്‍ നായര്‍ ഹാജരായി.

Exit mobile version