ഇരിങ്ങാലക്കുട മുരിയാട് ധ്യാനകേന്ദ്രത്തിന് മുന്നിലെ ആള്‍ക്കൂട്ട മര്‍ദ്ദന കേസില്‍ പതിനൊന്ന് സ്ത്രീകളെ കോടതി റിമാന്റ് ചെയ്തു. ചാലക്കുടി കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. വധശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.എംപറര്‍ ഇമ്മാനുവല്‍ സഭയുടെ വിശ്വാസികളാണ് റിമാന്റിലായ സ്ത്രീകള്‍.
മുരിയാട് സ്വദേശി ഷാജിക്കും കുടുംബവുമാണ് മര്‍ദനത്തിന് ഇരയായത്. ആള്‍ക്കൂട്ട മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെയാണ് അറസ്റ്റ്. കാറില്‍ സഞ്ചരിക്കുകയായിരുന്ന മുരിയാട് പ്ലാട്ടോത്തത്തില്‍ ഷാജി, മകന്‍ സാജന്‍, ഭാര്യ ആഷ്‌ലിന്‍, ബന്ധുക്കളായ എഡ്വിന്‍, അന്‍വിന്‍ തുടങ്ങിയവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
സഭാ ബന്ധം ഉപേക്ഷിച്ചതാണ് ആക്രമണ കാരണമെന്ന് പറയപ്പെടുന്നു. സാജന്‍ എംബറര്‍ ഇമ്മാനുവല്‍ സഭയില്‍ നിന്ന് പുറത്തുപോന്ന ശേഷം അവിടത്തെ ഒരു സത്രീയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രം പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് ഒരുകൂട്ടം സ്ത്രീകള്‍ കാറില്‍ സഞ്ചരിച്ചിരുന്ന സാജനെ തടഞ്ഞത്. ഇരു വിഭാഗങ്ങള്‍ക്കെതിരെയും പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അന്‍പതോളം പേര്‍ ആക്രമിച്ചെന്നാണ് ഷാജിയുടെ മൊഴി. ഇരുകൂട്ടരും ആശുപത്രികളില്‍ ചികിത്സ തേടി. ഉപേക്ഷിച്ചു വരുന്നവരും വിശ്വാസികളും തമ്മിലുള്ള അഭിപ്രായ ഭിന്നത മുൻപും ഉണ്ടായിട്ടുണ്ട്. ക്രമസമാധാന പ്രശ്നത്തിലേക്ക് നീങ്ങിയതിനാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് തൃശൂര്‍ റൂറല്‍ പൊലീസ് വ്യക്തമാക്കി.