Newsathouse

കശ്മിരിനെ തകർത്ത് കേരളത്തിൻറെ മുന്നേറ്റം; സന്തോഷ് ട്രോഫിയിൽ കേരളം ഫൈനൽ സാധ്യതയിൽ

കോഴിക്കോട്‌- ജമ്മുകശ്മീരിലെ എതിരില്ലാത്ത മൂന്ന് ഗോളിന് തകത്ത് സന്തോഷ് ട്രോഫിയിൽ കേരളത്തിൻറെ മുന്നേറ്റം.

കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന്‌ ജമ്മുകശ്‌മീരിനെ തകർത്ത്‌ കേരളം സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ട്‌ സാധ്യത സജീവമാക്കി. എം വിഘ്‌നേഷ്‌, റിസ്വാൻ അലി എടക്കാവിൽ, നിജോ ഗിൽബർട്ട്‌ എന്നിവർ ഗോളടിച്ചു. നാലു കളി ജയിച്ച്‌ 12 പോയിന്റായി. 19 ഗോളടിച്ച കേരളമാണ്‌ ഗ്രൂപ്പിൽ ഒന്നാമത്‌. 

ആദ്യപകുതിയിൽ കേരളത്തിന്റെ മുന്നേറ്റം കശ്‌മീർ പ്രതിരോധനിര സമർഥമായി തടഞ്ഞു. നിജോ ഗിൽബർട്ടിനെയും എം വിഘ്നേഷിനെയും വരിഞ്ഞുമുറുക്കി.  രണ്ടാംപകുതിയിൽ കേരളത്തിന്റെ രൂപവും ഭാവവും മാറി. നീണ്ട പാസുകളും സെറ്റ്‌പീസുകളുമായി മാറി. കളം നിറഞ്ഞതോടെ കശ്‌മീർ പ്രതിരോധം ഇളകി. 51–-ാംമിനിറ്റിൽ കേരളം ലക്ഷ്യം കണ്ടു. നിജോ ഗിൽബർട്ട്‌ നൽകിയ പാസ്‌ എം വിഘ്‌നേഷ്‌ ഗോളാക്കി. 76–-ാംമിനിറ്റിൽ രണ്ടാംഗോൾ വന്നു. പകരക്കാരനായി ഇറങ്ങിയ വിശാഖ്‌ മോഹൻ നൽകിയ പാസിൽ റിസ്വാൻ അലി ലക്ഷ്യം കണ്ടു. പരിക്കുസമയത്ത്‌, 93–-ാംമിനിറ്റിൽ വിഘ്‌നേഷ്‌ നൽകിയ പാസിൽ നിജോ ഗിൽബർട്ട്‌ പട്ടിക പൂർത്തിയാക്കി.

നാലു കളികളും ജയിച്ചതോടെ നിലവിലെ ചാമ്പ്യരായ കേരളത്തിന്റെ ഫൈനൽ റൗണ്ട്‌ സാധ്യത വർധിച്ചു. നാലു കളിയും ജയിച്ച മിസോറമും ഒപ്പമുണ്ട്‌. ഗോൾ ശരാശരിയിൽ കേരളമാണ്‌ മുന്നിൽ. മിസോറം 13 ഗോളടിച്ചപ്പോൾ മൂന്നെണ്ണം തിരിച്ചുവാങ്ങി. 19 ഗോളടിച്ച കേരളം ഒരു ഗോളാണ്‌ വഴങ്ങിയത്‌. ഞായർ മിസോറമുമായാണ്‌ അവസാന കളി. ജയിക്കുന്നവർ ഗ്രൂപ്പ്‌ ചാമ്പ്യന്മാരായി നേരിട്ട്‌ ഫൈനൽ റൗണ്ട്‌ യോഗ്യത നേടും. കേരളത്തിന്‌ സമനില മതി. ആറ്‌ ഗ്രൂപ്പിലെ മികച്ച മൂന്ന്‌ രണ്ടാംസ്ഥാനക്കാർക്കും ഫൈനൽ റൗണ്ടിലെത്താം.

Exit mobile version