Newsathouse

ആയിരത്തിലധിം ഗ്രാമവാസികളെ ഓടിച്ചു; വിശ്വാസികളുടെ ജീവന് സംരക്ഷണമില്ല; ക്രൈസ്തവ വേട്ടയ്ക്കെതിരെ കണ്ണടയ്ക്കുന്നു; ഒടുവിൽ തുറന്നടിച്ച് കാത്തലിക് അസോസിയേഷൻ

ന്യൂഡൽഹി- രാജ്യത്ത്‌ ക്രൈസ്‌തവർക്കെതിരായ കടന്നാക്രമണങ്ങൾ ചെറുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാരും ഒന്നും ചെയ്യുന്നില്ലെന്ന്‌ തുറന്നടിച്ച്‌ ഫെഡറേഷൻ ഓഫ് കാത്തലിക് അസോസിയേഷൻ. എല്ലാവർക്കുമൊപ്പമുണ്ടെന്ന്‌ പറയുന്ന പ്രധാനമന്ത്രി ആക്രമണങ്ങളിൽ നടപടിയെടുത്ത്‌ അത്‌ തെളിയിക്കണം. കേന്ദ്രന്യൂനപക്ഷ മന്ത്രി സ്‌മൃതി ഇറാനി, സഹമന്ത്രി ജോൺ ബെർള തുടങ്ങിയവരെ നേരിട്ടുകണ്ട്‌ വിവിധ ക്രൈസ്‌തവ സംഘടനകൾ നിരവധി തവണ പരാതിയറിയിച്ചു.

എല്ലാ പൗരന്മാർക്കും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പ്‌ നൽകുമെന്നായിരുന്നു കേന്ദ്രവാഗ്‌ദാനം. എന്നാൽ, ഛത്തീസ്‌ഗഢിൽ അരങ്ങേറുന്ന ക്രൈസ്‌തവവേട്ട ഈ  ഉറപ്പുകൾക്ക്‌ കടകവിരുദ്ധമാണ്‌. ഗർഭിണികളും കുട്ടികളുമടക്കം ആയിരത്തിലധികം ആദിവാസികളെ  ഗ്രാമങ്ങളിൽനിന്ന്‌ തുരത്തിയോടിച്ചു. ബലപ്രയോഗത്തിലൂടെ അവരെ ഹിന്ദുക്കളാക്കുന്നു. വിശ്വാസികളുടെ  ജീവനും സ്വത്തിനും സംരക്ഷണം നൽകാന്‍ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും അസോസിയേഷന്റെ ഡൽഹി എൻസിആർ പ്രസിഡന്റ്‌ എ സി മൈക്കിൾ ആവശ്യപ്പെട്ടു.

Exit mobile version