Newsathouse

ഇടുക്കി മെഡിക്കൽ കോളേജ്: നിർമ്മാണ പ്രവ‍ർത്തി മാർച്ചിന് മുൻപ് പൂർത്തിയാക്കണം

* മന്ത്രിമാരായ വീണാ ജോർജിന്റേയും റോഷി അഗസ്റ്റിന്റേയും നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

ഇടുക്കി മെഡിക്കൽ കോളേജിൽ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റേയും ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റേയും നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. രണ്ടാം വർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് വേണ്ടി നാഷണൽ മെഡിക്കൽ കമ്മീഷൻ നിർദേശിക്കുന്ന സൗകര്യങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. രണ്ടാം വർഷ എം.ബി.ബി.എസ്. വിദ്യാർത്ഥികളുടെ താമസ സൗകര്യത്തിനായുള്ള ഹോസ്റ്റൽ സൗകര്യം ഒരുക്കണം. മാർച്ചിന് മുമ്പ് നിർമ്മാണം പൂർത്തിയാക്കി മെഡിക്കൽ കോളേജിന് കൈമാറാനും മന്ത്രി നിർദേശം നൽകി.

മെഡിക്കൽ കോളേജിന് വിവിധ ആശുപത്രി ഉപകരണങ്ങൾ സജ്ജമാക്കാൻ 1.95 കോടി രൂപയുടെ ഭരണാനുമതി അടുത്തിടെ നൽകിയിരുന്നു. എത്രയും വേഗം നടപടിക്രമങ്ങൾ പാലിച്ച് ഇവ സജ്ജമാക്കാനും നിർദേശം നൽകി. കൂടുതൽ സ്ഥലം ഏറ്റെടുത്ത് മെഡിക്കൽ കോളേജിന് ആവശ്യമായ സൗകര്യങ്ങളൊരുക്കാനുള്ള നടപടികൾ സ്വീകരിക്കാനും നിർദേശം നൽകി.

മെഡിക്കൽ കോളേജിന് ആവശ്യമായ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ ജല അതോറിറ്റിക്ക് നിർദേശം നൽകി.

Exit mobile version