Newsathouse

ഇസ്രായേലിൽ നിക്ഷേപതട്ടിപ്പ്; പ്രതി അറസ്‌‌റ്റിൽ

തൃശൂർ-ഇസ്രായേലിൽ അനധികൃതമായി ചിട്ടി നടത്തി കോടികളുടെ നിക്ഷേപതട്ടിപ്പ് നടത്തി ഇന്ത്യയിലേയ്ക്ക് കടന്ന പ്രതിയെ അറസ്റ്റ് ചെയ്‌തു.  പ്രവാസികളായ നൂറു കണക്കിന് മലയാളികളിൽ നിന്നും കോടികണക്കിന് രൂപ തട്ടിയെടുത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ചാലക്കുടി പരിയാരം സ്വദേശി ചിറയ്ക്കൽ ലിജോ ജോർജ് (45 ) ആണ്‌ പിടിയിലായത്‌. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തൃശൂർ യൂണിറ്റ് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് ടി ആർ സന്തോഷാണ്‌ പ്രതിയെ  അറസ്റ്റ് ചെയ്തത്‌.

ഇസ്രായേലിൽ കെയർ ഗിറിംഗ് വിസയിൽ ജോലി ചെയ്തിരുന്ന  ലിജോ നിയമിരുദ്ധമായി പെർഫെക്ട് കുറീസ് എന്ന പേരിൽ ചിട്ടി നടത്തി. ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് എന്നീ സോഷ്യൽ മീഡിയകൾ വഴി പരസ്യം നൽകി ഇസ്രയേലിൽ കെയർ ടേക്കർമാരായി ജോലി ചെയ്തു വരുന്ന നിരവധി മലയാളികളിൽ നിന്നും ഇതരസംസ്ഥാന പ്രവാസികളിൽ നിന്നും കോടികണക്കിന് രൂപയുടെ നിക്ഷേപങ്ങൾ തട്ടിയെടുത്തു. തുടർന്ന്‌  ഇസ്രായേലിൽ നിന്നും ഇന്ത്യയിലേയ്ക്ക് കടക്കുകയായിരുന്നു.  

ചാലക്കുടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് നിലവിൽ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തി വരുന്നത്. പ്രതിയെ ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻറ് ചെയ്തു.

Exit mobile version