Newsathouse

ചായയ്ക്ക് മധുരമില്ലെന്ന് പറഞ്ഞ് തർക്കം; ഹോട്ടലുടമയെ കുത്തിപ്പരിക്കേൽപ്പിച്ചു; വയറിന് പരിക്കേറ്റ മനാഫിൻറെ നില ഗുരുതരം; അക്രമി പിടിയിൽ

മലപ്പുറം: മലപ്പുറം താനൂരിൽ ചായക്ക് മധുരം കുറഞ്ഞതിന്‍റെ പേരിൽ ഹോട്ടലുടമയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഹോട്ടലുടമ മനാഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഹോട്ടലുടമയെ ആക്രമിച്ച സുബൈറിനെ പിന്നീട് കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. താനൂർ വാഴക്കാതെരു അങ്ങാടിയിൽ രാവിലെയാണ് സംഭവം.  ടി എ  റസ്റ്റോറന്‍റിൽ ചായ കുടിക്കാനെത്തിയതായിരുന്നു സുബൈർ.

ചായക്ക് മധുരമില്ലെന്ന പേരിൽ ഹോട്ടലുടമ മനാഫുമായുള്ള തര്‍ക്കം ഒടുവില്‍ ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു. ഇതിന് ശേഷം മടങ്ങിയ സുബൈർ അൽപ്പസമയം കഴിഞ്ഞ്  ഹോട്ടലിൽ തിരിച്ചെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. വയറിന് പരിക്കേറ്റ മനാഫിന്‍റെ നില അൽപം ഗുരുതരമാണ്.

മനാഫിനെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ പിന്നിട്  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവ ശേഷം കടന്നുകളഞ്ഞ സുബൈറിനെ മണിക്കൂറുകൾക്കം പൊലീസ് പിടികൂടി. കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് ഉച്ചയ്ക്ക് ഒരു മണി വരെ താനൂരിൽ വ്യാപാരി ഹർത്താൽ നടത്തി. 

അതേസമയം, വടകരയിലെ വ്യാപാരി രാജന്റെ കൊലപാതകത്തിൽ പ്രതി അറസ്റ്റിലായി. തൃശൂർ സ്വദേശി മുഹമ്മദ് ഷഫീഖാണ് അറസ്റ്റിലായത്. തൃശൂരിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല നടത്തിയത് മോഷണ ശ്രമത്തിനിടെയാണെന്നും രാജനെ പ്രതി പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വഴിയാണെന്നും പൊലീസ് വ്യക്തമാക്കി. രാജനെ കൊലപ്പെടുത്തിയതായി പ്രതി കുറ്റം സമ്മതിച്ചു. തൃശൂർ തിരുത്തള്ളൂർ സ്വദേശിയാണ് പ്രതി മുഹമ്മദ് ഷഫീഖ്. മുമ്പും ഇയാൾ നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ട്. ഷഫീഖിന് 22 വയസാണ്. സോഷ്യൽ മീഡിയ വഴി ആളുകളെ പരിചയപ്പെട്ട് അവരുമായി സൗഹൃദം കൂടി മോഷണം നടത്തുകയാണ് പ്രതിയുടെ രീതി.

Exit mobile version