പരസ്യമായി അസാധാരണ പ്രയോഗങ്ങള്‍ നടത്തിയിട്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയത് കേന്ദ്ര ഇടപെടല്‍ കൊണ്ടെന്ന് സൂചന. ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ കടുത്ത നിലപാടുകളെടുക്കുമ്പോഴും ആരിഫ് മുഹമ്മദ്ഖാന്‍ പിണറായി സര്‍ക്കാരിനെ കുരുക്കിലാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോയില്ലെന്നും ചെറിയ വിഷയങ്ങളില്‍ ഇടപെട്ട് സര്‍ക്കാരിനെ രക്ഷിക്കുന്ന തരത്തിലാണ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും കേന്ദ്രവിലയിരുത്തല്‍. സര്‍വകലാശാല വിഷയം മാത്രമാണ് ഇത്രയും നാളുകള്‍ക്കിടയില്‍ പിണറായി സര്‍ക്കാരിനെ കുരുക്കിലാക്കിയ ഏക വിഷയം.
സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നമടക്കം ചൂണ്ടിക്കാട്ടി ബിജെപി നേതൃത്വം തന്നെ പരാതി നല്‍കിയിട്ടും ആഭ്യന്തരവകുപ്പിനെതിരെ ഉചിതമായ ഇടപെടല്‍ നടത്തിയില്ല. അതേ സമയം വാര്‍ത്താസമ്മേളനങ്ങളിലൂടെ ചെറിയ വിഷയങ്ങള്‍ എടുത്തിട്ട് പൊതുസമൂഹത്തില്‍ എല്‍ഡിഎഫിനും സിപിഎമ്മിനും മൈല്‍ക്കൈ കിട്ടും വിധം കുരുക്കുകളുണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്വര്‍ണക്കള്ളക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ ഒരു ഗവര്‍ണര്‍ ഇടപെട്ട് പൊതുസമൂഹത്തില്‍ ഗവര്‍ണറുടെ ഇടപെടലിനെ കുറിച്ച് സംശയമുണ്ടാക്കി.
എന്നാല്‍ കേന്ദ്രം ആഗ്രഹിക്കുംപോലെ കാര്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നുമില്ല. ഏറ്റവും ഒടുവില്‍ സജി ചെറിയാനെ മന്ത്രിസഭയിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിക്കില്ലെന്ന് മട്ടില്‍ നിലപാടെടുത്തു. മാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ നിലപാട് തള്ളി പുതിയ പ്രതിസന്ധിയുണ്ടാക്കുന്നു എന്ന നിലയില്‍ പ്രചാരണത്തിന് ഇട കൊടുത്തു. ഒടുവില്‍ വഴങ്ങേണ്ടി വരികയും ചെയ്തു. ജനാധിപത്യസമ്പ്രദായത്തില്‍ മറ്റുമാര്‍ഗ്ഗങ്ങളില്ലെന്ന അറിയാമായിരുന്നിട്ടും ആരിഫ് മുഹമ്മദ് ഖാന്‍ ഈ നിലപാടെടുത്തത് ശരിയായില്ലെന്നാണ് കേന്ദ്രവിലയിരുത്തല്‍. കോടതി കയറിയാല്‍ തിരിച്ചടി ഉറപ്പാകുമെന്നറിഞ്ഞിട്ടും രാജ്ഭവനില്‍ നിന്ന് ഇത്തരം നിലപാട് സ്വീകരിച്ചത് ഏതുസാഹചര്യത്തിലാണന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരാഞ്ഞു.
ഇത്തരം ചക്കളത്തിപ്പോരിന് നില്‍ക്കാതെ കടുത്ത നിലപാടുകള്‍ പ്രധാനപ്പെട്ട വിഷയങ്ങളില്‍ എടുക്കണം എന്നതാണ് കേന്ദ്രത്തിന്റെ ആഗ്രഹം. അതുകതൊണ്ടാണ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇന്നലെ തന്നെ രാജ്ഭവനില്‍ ബന്ധപ്പെട്ട് മന്ത്രിയുടെ സത്യപ്രതിജ്ഞാ നിര്‍ദേശത്തില്‍ ഉചിതമായത് ചെയ്യണമെന്ന് നിര്‍ദേശിച്ചത്. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് ഇനിയും പിടിച്ചുനില്‍ക്കണമങ്കില്‍ കടുത്ത നടപടികള്‍ കൈക്കൊള്ളേണ്ടിവരും. ഇത്രയും കാലം ചെയ്തതുപോലുള്ള ചെറിയ പ്രശ്‌നങ്ങളിലെ ഇടപെടലുകളും വാര്‍ത്താ സമ്മേളനങ്ങളും കൊണ്ട് കാര്യമില്ലെന്നാണ് വിലയിരുത്തല്‍.