Newsathouse

കപ്പലണ്ടി വിറ്റ് നടന്നവന്‍, ഷൂപോളിഷ് ചെയ്ത് ജീവിച്ചു; ദാരിദ്ര്യത്തെ തോല്‍പ്പിച്ച ഫുട്‌ബോള്‍; പെലെ ഒരിതിഹാസമാകുന്നതിങ്ങനെ

പെലെ മരിക്കുന്നില്ല,
ഒരിക്കലും മരിക്കില്ല
എക്കാലവും ഇവിടെയുണ്ടാകും.

ഇത് പെലെയുടെ തന്നെ വാക്കുകളാണ്. മരണദിനത്തില്‍ ലോകത്തെ വിസ്മയിപ്പിച്ച ആ ജീവിത ചക്രത്തെ കുറിച്ചാണ് ആലോചിക്കുന്നത്.

പെലെയുടെ ജീവിതം -വീഡിയോ കാണാം

ഷൂ പൊളിഷ് ചെയ്ത് വിശപ്പടക്കിയവന്‍ ഫുട്‌ബോള്‍ ഇതിഹാസം|PELE THE LEGEND

ഇതിഹാസതാരത്തിലേക്കുള്ള പെലെയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. 1940 ഒക്ടോബര്‍ 23ന് ആണ് പെലെ ജനിച്ചത്.

ലോകത്തെ മുഴുവന്‍ ഫുട്‌ബോള്‍ പ്രേമികളെയും ആഹ്ലാദത്തിലാഴ്ത്തിയ പെലെയുടെ ജന്മം പക്ഷേ ഇരുണ്ട തെരുവുജീവിതങ്ങള്‍ക്കിടയിലായിരുന്നു. മിനാസ് ഗെയ്‌റസിലെ ട്രെസ് കോറ സോങ്‌സില്‍ നിന്നാണ് ആ ജീവിതം ആരംഭിച്ചത്. അതൊരു മുന്‍സിപ്പാലിറ്റിയാണ്. നഗരങ്ങളെ ഭയമുള്ള പെലെയുടെ അമ്മ മകനെ അങ്ങോട്ടേക്ക് വിടാന്‍ അനുവദിക്കില്ലായിരുന്നു. പൊടിക്കാറ്റ് പതിവായിരുന്ന ട്രെഡ് കൊറോക്കോസില്‍ നിന്ന പെലെയുടെ നാലാംവയസ്സില്‍ കുടുംബം ബൗറുവിലേക്ക് കുടിയേറി. പിന്നീട് ബൗറുവിലെ പ്രകാശമാനമായ അന്തരീക്ഷത്തില്‍ പെലെയുടെ ബാല്യം കുതിച്ചു.

പെലെയുടെ യഥാര്‍ത്ഥ പേര് എഡ്‌സണ്‍ അരാഞ്ചസ് ഡോ നാസിമെന്റോ എന്നാണ്. പെലെയുടെ ജനനശേഷമാണ് നാട്ടില്‍ ആദ്യമായി വൈദ്യുതി എത്തിയത്. അതുകൊണ്ട് വൈദ്യുതി കണ്ടുപിടിച്ച തോമസ് ആല്‍വ എഡിസണിന്റെ പേരില്‍ നിന്ന് പെലെയുടെ അച്ഛന്‍ എഡ്‌സണ്‍ എന്ന പേര് കണ്ടെത്തി. . അമ്മ ഡോണോ സെലസ്‌റ്റെയും അച്ഛന്‍ ഡോഡിഞ്ഞോയുമൊക്കെ പെലെയെ ഡിക്കോ എന്് വിളിച്ചു. സ്‌കളുകളിലും തെരുവിലും കളിക്കുന്നതിനിടെയാണ് പെലെ എന്ന പേര് വീണത്. ഡോഡിഞ്ഞോ, വാസ്‌കോസ് തുടങ്ങിയ ക്ലബ്ബുകള്‍ക്ക് കളിക്കുമ്പോള്‍ ബിലെ എന്ന ഗോളിയുണ്ടായിരുന്നു. ഗംഭീരകളിക്കാരനായ ബിലെയുടെ പേരാണ് ആദ്യകാലത്ത് പെലെയെയും വിളിച്ചത്. അത് പിന്നീട് പീലെ ആയും പെലെ ആയും മാറുകയായിരുന്നു. പീലെ എന്ന വാക്കിന്റെ അര്‍ത്ഥം പൊര്‍ച്ചുഗീസില്‍ കാല്‍ എന്നാണ്. സ്‌കൂളില്‍ നിന്നൊരു കുട്ടി പീലെ എന്ന് വിളിച്ചപ്പോള്‍ പെലെ ആ കുട്ടിയുടെ മൂക്കിടിച്ച് സസ്‌പെന്‍ഷന്‍ വാങ്ങിയ കഥ പിന്നീട് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനായ അച്ഛന്‍ പരിക്ക്മൂലം കളിനിര്‍ത്തിയപ്പോള്‍ ദാരിദ്ര്യം മൂര്‍ദ്ധന്യത്തിലായി.
ബൗറുവിലെ റുവ റൂബന്‍സ് തെരുവില്‍ കപ്പലണ്ടി വിറ്റും സിഗരറ്റ് വിറ്റുമായിരുന്നു പെലെയുടെ ബാല്യം. ഏഴാംവസയ്യില്‍ ഷൂ പോളിഷ് ചെയ്യാനുള്ള കിറ്റുമായി വീടുകള്‍ കയറിയിറങ്ങിത്തുടങ്ങി. ഓരോവാതിലിലും മുട്ടി ഷൂ മിനുക്കാനുള്ള യാചന. ആ ജോലി വിജയിക്കാതായപ്പോള്‍ ബാക് ക്ലബ്ബിന്റെ ഗ്രൗണ്ടില്‍ ഷൂ മിനുക്കാന്‍ പോയി. വാസ്‌കോസിന് വേണ്ടി പെലെയുടെ അച്ഛന്‍ അവിടെ കളിക്കാന്‍ പോകാറുണ്ടായിരുന്ന സ്ഥലം. ഇക്കാലത്തെല്ലാം പെലെ ഫുട്‌ബോള്‍ കളിക്കുമായിരുന്നു. ഒരുകൈയില്‍ പന്തും ഒരുകൈയില്‍ ഷൂപോളിഷ് കിറ്റുമായി നടക്കുന്ന ചെറുക്കനെ കണ്ട് ആളുകള്‍ ന്തംവിട്ടിട്ടുണ്ട്. ഒഴിഞ്ഞ മൈതാനം കണ്ടാല്‍ ആഗ്രഹത്തോടെ പന്തെടുത്ത് കളിക്കാനെത്തും.

പതിനൊന്നാം വയസ്സില്‍ ബൗറു മേയര്‍ സ്‌പോണ്‍സര്‍ ചെയ്ത ബോയ്‌സ് ടൂര്‍ണമെന്റില്‍ പെലെയ്ക്ക് കളിക്കാന്‍ അവസരംകിട്ടി. അവിടെയാണ് ഇതിഹാസതാരത്തിന്റെ യഥാര്‍ത്ഥ പിറവി. പെലെയുടെ ടീം പ്രൊഫഷണല്‍ ക്ലബ്ബായ ബാക്കിനെ തോല്‍പ്പിച്ചത് വലിയ വാര്‍ത്തയായി. പത്രവാര്‍ത്ത കണ്ട് റിയോയിലെ ബാങ്ക് ക്ലബ്ബിന്റെ കോച്ച് സെഞ്ഞോര്‍ ടിം എത്തി. 1938ലെ ലോകകപ്പ് ടീമില്‍ ലിയോണിദാസിനൊപ്പം കളിച്ച താരം. എന്നാല്‍ അമ്മ പെലെയെ കളിക്കാന്‍ വിട്ടില്ല. അങ്ങോട്ട് പോയാല്‍ വഴിതെറ്റുമെന്ന് ഭയന്നുവത്രെ.

അദമ്യമായ ഫുട്‌ബോള്‍ ആവേശം അടങ്ങുന്നതായിരുന്നില്ല. ബ്ലദിമിര്‍ ഡി ബ്രിട്ടോ എന്ന നാല്‍പ്പതുകളിലെ സൂപ്പര്‍താരം പെലെയുടെ ജീവിതത്തെ നിര്‍ണായകമായ വഴിത്തിരിവായി. ബ്രസീല്‍ കിരീടം ചൂടുന്ന കാലത്തിനായ ഡി ബ്രിട്ടോ കാത്തിരുന്നപ്പോഴാണ് പെലെയെ കുറിച്ച് അറിയുന്നത്. പെലെയ്ക്ക് കടുത്ത പരിശീലനം നല്‍കി. അങ്ങനെ സാന്റോസില്‍ പെലെയുടെ സിംഹാസനം ഉറപ്പിച്ചു. ഭാവിയില്‍ ബ്രസീലിലേക്കുള്ള ലോകകപ്പെത്തിക്കുന്ന താരത്തെ നിര്‍മിച്ചു. 1958ലെ ഒരഭിമുഖത്തില്‍ ബ്രിട്ടോ പറഞ്ഞു
ബ്രസീല്‍ ഫുട്‌ബോള്‍ ഇനി പെലെയുടേതാണ്. പെലെ ബ്രസീലിന് ലോലകപ്പ് വരെ എത്തിക്കാന്‍ കെല്‍പ്പുള്ള താരമാണ്. ഇരുപതുകൊല്ലമെങ്കിലും കളിക്കളത്തില്‍ തിളങ്ങാന്‍ പോന്ന മുതലാണ് എന്ന്.

1957 ജൂലൈ 7 ന് മാരക്കാനയില്‍ അര്‍ജന്റീനയ്ക്കെതിരെ ആയിരുന്നു വെലെയുടെ ആദ്യമത്സരം. അന്ന് 2-1ന് അര്‍ജന്റീനയോട് തോറ്റു. ആ മത്സരത്തില്‍, 16 വര്‍ഷവും ഒന്‍പത് മാസവും പ്രായമുള്ള പെലെ ബ്രസീലിനായി തന്റെ ആദ്യ ഗോള്‍ നേടി, തന്റെ രാജ്യത്തിനായി ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോററായി അദ്ദേഹം തുടരുന്നു.

1958ല്‍ ആദ്യ ലോകകപ്പ് കളിക്കുമ്പോള്‍ പെലെയ്ക്കു പ്രായം 17 വയസ്സ്. സെമി ഫൈനലില്‍ ഹാട്രിക്, ഫൈനലില്‍ 2 ഗോള്‍, ആകെ 4 മത്സരങ്ങളില്‍ നിന്ന് 6 ഗോളുകള്‍. ആ ഫൈനല്‍ മത്സരത്തിനിടെയാണ് കമന്റേറ്റര്‍ വിഖ്യാതമായ വിശേഷണം ചാര്‍ത്തിയത്. ശവപ്പെട്ടിക്കുള്ളില്‍ നിന്ന് പോലും ഗോളടിക്കാന്‍ കഴിയുന്നവന്‍ എന്ന്. കരിയറിലാകെ 1363 കളികളിലായി 1279 ഗോളുകള്‍ നേടിയെന്നാണ് കണക്ക്. ക്ലബ്ബ് കരിയറില്‍ സാന്റോസിനായി മിന്നുന്ന പ്രകടനങ്ങളായിരുന്നു പെലെയുടേത്. 18 വര്‍ഷത്തിനിടെ 1124 മത്സരങ്ങളില്‍ നിന്ന് 1265 ഗോളുകള്‍ നേടി. പെലെ 1000 ഗോള്‍ തികച്ച ദിവസത്തിന്റെ ഓര്‍മയ്ക്കായി സാന്റോസ് നവംബര്‍ 19 പെലെ ദിനമായി കൊണ്ടാടുന്നു.

ബ്രസീലിനായി ഏറ്റവും കൂുടുതല്‍ ഗോള്‍ നേടിയതിന്റെ റെക്കോര്‍ഡും പെലെയ്ക്ക് തന്നെ. 92 കളികളില്‍ 77 ഗോള്‍. 1958, 1962, 1970 ലോകകപ്പില്‍ ബ്രസീലിന് വേണ്ടി കിരീടം. 1962ല്‍ പെലെയെ ബ്രസീല്‍ ദേശീയ സ്വത്തായി പ്രഖ്യാപിച്ചു. ബ്രസീലിന മൂന്ന് തവണ ലോകകപ്പ് നേടിക്കൊടുത്ത ടീമിലംഗമാണെന്നത് ഒരുപക്ഷേ ഇനിയൊരിക്കലും തിരുത്തിക്കുറിക്കാനാകാത്ത ചിത്രമായി അവശേഷിക്കും.

”ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരന്‍ ആരാണ്?” 1970കളുടെ ആദ്യം ഒരു പത്രലേഖകന്‍ ചോദിച്ചപ്പോള്‍ പെലെയുടെ ഉത്തരം വളരെപ്പെട്ടെന്നായിരുന്നു. ”ജര്‍മനിയുടെ ബെക്കന്‍ ബോവര്‍”. രണ്ടാമത്തെ മികച്ച കളിക്കാരന്‍? ”ഇംഗ്ലണ്ടിന്റെ ബോബി ചാള്‍ട്ടന്‍”. മൂന്നാമന്‍? ”ഇറ്റലിയുടെ ലൂയിജി റിവ”. നാലാമന്‍? ”അയര്‍ലന്‍ഡിന്റെ ജോര്‍ജ് ബെസ്റ്റ്”. അഞ്ചാമന്‍? ”ഹോളണ്ടിന്റെ യോഹന്‍ ക്രൈഫ്”. അപ്പോള്‍ പെലെയുടെ സ്ഥാനം? ”ഞാനോ, ഞാനൊരു സാധാരണ ഫുട്ബോള്‍ കളിക്കാരന്‍”
നാടുനീളെ ചക്രവര്‍ത്തിയെന്ന് വിളിച്ചിട്ടും താനൊരു സാധാരണക്കാരനാണെന്ന് വിശ്വിസിക്കാന്ര്‍ പെലെ എപ്പോഴും ശ്രമിച്ചു.
ആരാണ് പെലെയന്ന ചോദ്യത്തിന നമുക്കോരോരുത്തര്‍ക്കും ഉള്ള ഉത്തരം തന്നെയാണ് പെലെയ മഹാനാക്കുന്നതും. നമ്മളെ പോലൊരാള്‍ ..
അയാള്‍ അനിവാര്യമായ കാലത്തിന് കീഴടങ്ങിയിരിക്കുന്നു.

Exit mobile version