ലോകകപ്പ് തുടങ്ങുമ്പോള്‍ ഇത്തവണ അസാധാരണമായ ഒരുകാര്യം സംഭവിച്ചത് ആപ്പിന്റെ ലോകത്താണ്. ടെലിവിഷനില്‍ സ്‌പോര്‍ട്‌സ് 18ലാണ് ലോകകപ്പിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരുന്നത്. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ആരാധകരെ ത്രില്ലടിപ്പിക്കുന്ന വിധത്തില്‍ ജിയോ സിനിമ ആപ്പിലൂടെയുള്ള സംപ്രേഷണം പ്രഖ്യാപിച്ചു. കളി സമയത്ത് വീട്ടില്‍ കാത്തികെട്ടിയിരിക്കാതെ യാത്രയിലും ജോലി സ്ഥലത്തും നടന്നുകൊണ്ടും കളി കാണാം എന്ന സാധ്യത. അങ്ങനെയാണ് കളിയാരാധാകര്‍ ജിയോ ആപ്പ് പണം കൊടുത്ത് വാങ്ങി കാത്തിരുന്നത്. എന്നാല്‍ ആതിഥേയരായ ഖത്തറിന്റെ ആദ്യമത്സരം മുതല്‍ ബഫറിംഗ് ആരംഭിച്ചു. അഞ്ചുമിനിറ്റ് കളികാണും ഉടന്‍ ദൃശ്യങ്ങള്‍ കറങ്ങിക്കൊണ്ടിരിക്കും. ഈ കളിതുടര്‍ന്നപ്പോള്‍ ആദ്യദിവസങ്ങളില്‍ ആരാധകര്‍ക്ക് നിരാശയായി. കേരളനിയമസഭയില്‍ കോക്കോണിക്‌സിന്റെയും കേരള സംരംഭങ്ങളുടെയും ചര്‍ച്ചകള്‍ക്കിടയില്‍ പ്രതിപക്ഷനേതാവിനോട് വ്യവസായമന്ത്രി പി.രാജീവ് വരെ പ്രശ്‌നം അവതരിപ്പിച്ചു. ജിയോയില്‍ വരെ ബഫറിംഗാണ്. അപ്പോ പന്നെ നമ്മുടെ കേരളത്തിലെ ചെറിയൊരു സംരംഭം ചെറുതായി ബാറ്ററി പ്രശ്‌നങ്ങളൊക്കെ കാണിച്ചാല്‍ ഇത്രവലിയ വിഷയമാക്കണോ എന്ന്.
എന്നാല്‍ പ്രി ക്വാര്‍ട്ടര്‍ ആയതോടെ സംഗതി ചാലുവായി. ട്രെയിനിലും ബസിലും വരെ കളിസുഗമമായി കാണാവുന്ന അവസ്ഥയായി. ഇപ്പോള്‍ ഫൈനലും കഴിഞ്ഞ് കളി കണ്ടവരുടെ കണക്ക് പുറത്തുവന്നിരിക്കുന്നു. ടെലിവിഷന്‍ മേഖലയെ പോലും ഞെട്ടിക്കുന്ന കണക്കാണ്. ലോകകപ്പ് ഫൈനല്‍ കണ്ടവരുടെ എണ്ണം ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണത്തെയും മറികടന്നു.
വേള്‍ഡ് കപ്പില്‍ അര്‍ജന്റീന മുത്തമിടുന്ന നിമിഷങ്ങള്‍ കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ ഏറ്റവുമധികം ഉപയോഗിച്ചത് ജിയോ സിനിമ ആപ്പെന്ന് റിപ്പോര്‍ട്ടുകള്‍.
വയാകോം 18ന്റെ ആപ്പായ ജിയോ സിനിമയിലൂടെ സൗജന്യമായിട്ടാണ് വേള്‍ഡ് കപ്പ് ഫൈനലിന്റെ തത്സമയ ദൃശ്യങ്ങള്‍ ആരാധകര്‍ക്ക് മുന്നിലെത്തിയത്. അതുതന്നെയാണ് ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ വേള്‍ഡ് കപ്പ് കാണാന്‍ ജിയോ സിനിമ ആപ്പ് ഉപയോഗിക്കാനുള്ള പ്രധാന കാരണവും. 110 മില്യണ്‍ അഥവാ 11 കോടി ആണ് ഈ സമയത്ത് ജിയോ സിനിമയ്ക്ക് ലഭിച്ച വ്യൂവര്‍ഷിപ്പ്.
അതുമാത്രമല്ല, ഇതാദ്യമായാണ് ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം സംപ്രേക്ഷണം ടിവി പ്രേക്ഷകരെ മറികടക്കുന്നത്. ഇക്കഴിഞ്ഞ നവംബര്‍ 20 മുതല്‍ ആപ്പിള്‍ ഐഒഎസിലൂടെയും ആന്‍ഡ്രോയ്ഡിലുടെയും ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് എന്ന പ്രത്യേകതയും ജിയോ സിനിമ ആപ്പിന് തന്നെയാണ്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ബംഗാളി എന്നീ ഭാഷകളില്‍ ലൈവ് സ്ട്രീമിംഗ് നടത്താനായി എന്നതാണ് ഈ റെക്കോര്‍ഡുകള്‍ നേടാന്‍ ജിയോ സിനിമ ആപ്പിനെ സഹായിച്ചത്. അതുകൂടാതെ ലൈവ് സ്ട്രീമിംഗ് സമയത്ത് ഹൈപ്പ് മോഡ് സര്‍വ്വീസും ആപ്പിലൂടെ പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നു. ഈ സേവനത്തിലൂടെ മത്സരവും ഹൈലൈറ്റുകളും വ്യത്യസ്ത ആംഗിളില്‍ നിന്ന് കാണാന്‍ കഴിഞ്ഞിരുന്നു.
എന്തായാലും ഈ സാഹചര്യം മുതലെടുക്കാനാണ് ജിയോ സിനിമയുടെ തീരുമാനം. തങ്ങളുടെ ആപ്പിലേക്ക് കയറി വന്ന പ്രേക്ഷകരെ തുടര്‍ന്നും അവിടെ നിലനിര്‍ത്താനുള്ള വിപുലമായ പദ്ധതിയാണത്രെ അവര്‍ ആവിഷ്‌കരിക്കുന്നത്. ടെലിവിഷനേക്കാളും ജനകീയമായിക്കഴിഞ്ഞാല്‍ അടുത്ത നടപടി അനിവാര്യമാണെന്ന് കമ്പനി പറയുന്നു.