Wednesday, September 11, 2024
HomeFilm house2013ലെ ആ രാത്രിയില്‍ അയാള്‍ മുന്നറിയിപ്പില്ലാതെയാണ് മുറിയിലേക്ക് കയറി വന്നത്; പിന്നെ സംഭവിച്ചത് എന്റെ ജീവിതത്തെ...

2013ലെ ആ രാത്രിയില്‍ അയാള്‍ മുന്നറിയിപ്പില്ലാതെയാണ് മുറിയിലേക്ക് കയറി വന്നത്; പിന്നെ സംഭവിച്ചത് എന്റെ ജീവിതത്തെ തകര്‍ക്കുന്ന പീഡനമായിരുന്നു; ബലാത്സംഗപരാതിയില്‍ വിധി;
ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍ സ്‌റ്റെയ്ന്‍ കുറ്റക്കാരന്‍; 24 വര്‍ഷം വരെ തടവ് ലഭിക്കാം

ലൈംഗികാതിക്രമ കേസില്‍ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയിന്‍ കുറ്റക്കാരനെന്ന് കാലിഫോര്‍ണിയ കോടതി. ഒരു മാസത്തെ വിചാരണയ്ക്കും ഒമ്പത് ദിവസത്തെ ചര്‍ച്ചകള്‍ക്കും ശേഷമാണ് വെയ്ൻസ്റ്റെയിൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. വെയ്ന്‍സ്റ്റീനെതിരെ ഉയര്‍ന്ന നാല് ലൈംഗിക ആരോപണ കേസുകളില്‍ രണ്ടാമത്തേതിലാണ് കോടതി ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്. ഈ കേസിൽ പ്രതിയ്ക്ക് 24 വര്‍ഷം വരെ തടവ് ലഭിച്ചേക്കാം. നേരത്തെ മറ്റൊരു ലൈംഗികാരോപണ കേസിൽ ന്യൂയോര്‍ക്ക് സുപ്രീംകോടതി ഇയാള്‍ക്ക് 23 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോഴത്തെ ശിക്ഷാവിധി.

മീ ടൂ ആരോപണങ്ങളില്‍ ഏറെ ചര്‍ച്ചയായ പേരായിരുന്നു ഹാര്‍വി വെയ്ൻസ്റ്റെയിനിന്റേത്. 2013ലെ ലോസ് ഏഞ്ചല്‍സ് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന സമയത്ത് താന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് ഇയാള്‍ വന്നുവെന്നും തന്റെ സമ്മതമില്ലാതെ ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചെന്നും പീഡനത്തിന് വിധേയരായവരിൽ ഒരാള്‍ ആരോപിച്ചിരുന്നു. ഈ കേസിലാണ് വെയ്ൻസ്റ്റീൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

“2013ല്‍ ആ രാത്രിയില്‍ ഹാര്‍വി വെയ്ന്‍സ്റ്റീന്‍ എന്റെ ജീവിതം നശിപ്പിച്ചു. അതിനി എനിക്ക് ഒരിക്കലും തിരികെ ലഭിക്കില്ല. ക്രിമിനല്‍ വിചാരണ വളരെ ക്രൂരമായിരുന്നു. വെയ്സ്റ്റീന്റെ അഭിഭാഷകര്‍ അത്രയും ക്രൂരമായാണ് വിചാരണ ചെയ്തത്. എന്നാല്‍ ഇതിന്റെ അവസാനം എന്തായിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അത് സാധിച്ചു.” വിധിക്ക് ശേഷം അവര്‍ പറഞ്ഞു. വെയ്ന്‍സ്റ്റീന്‍ ഇനി പുറം ലോകം കാണില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നും ഇര കൂട്ടിച്ചേര്‍ത്തു.

2010ല്‍ ഒരു ഹോട്ടലില്‍ വെച്ച് മസാജ് തെറാപ്പിസ്റ്റിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ നിന്ന് വെയ്ന്‍സ്റ്റീനെ കുറ്റവിമുക്തനാക്കിയിരുന്നു. ഡോക്യുമെന്ററി സംവിധായികയും കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമിന്റെ ഭാര്യയുമായ ജെന്നിഫര്‍ സീബല്‍ ന്യൂസോം ഉള്‍പ്പെട്ട കേസില്‍ ജൂറി വിധി പറഞ്ഞിട്ടില്ല.

“ഹാര്‍വി വെയ്ന്‍സ്റ്റീന് ഒരിക്കലും ഇനി മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ കഴിയില്ല. തന്റെ ജീവിതകാലം മുഴുവന്‍ അദ്ദേഹം ജയിലില്‍ കഴിയേണ്ടി വരും,” സീബല്‍ ന്യൂസോം പ്രസ്താവനയില്‍ പറഞ്ഞു. വിചാരണയിലുടനീളം, അതിജീവിച്ച ഞങ്ങളെ ഭയപ്പെടുത്താനും പരിഹസിക്കാനും വെയ്ന്‍സ്റ്റീന്റെ അഭിഭാഷകര്‍ ശ്രമിച്ചു. ഒരു സമൂഹമെന്ന നിലയില്‍ നമുക്കും ചിലത് ചെയ്യാന്‍ കഴിയുമെന്നതിന്റെ വ്യക്തമായ ഓര്‍മ്മപ്പെടുത്തലായിരുന്നു ഈ വിചാരണ,” അവര്‍ കൂട്ടിച്ചേര്‍ത്തു.

2005ല്‍ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് വെയ്‌സ്റ്റീന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു ആരോപണം. എന്നാല്‍ 12 ജൂറിമാരില്‍ എട്ട് പേര്‍ മാത്രമാണ് വെയ്സ്റ്റീന്‍ കുറ്റക്കാരനാണെന്ന് സമ്മതിച്ചത്.

ഹോളിവുഡിലെ പ്രശസ്ത നിര്‍മ്മാതാക്കളില്‍ ഒരാളാണ് ഹാര്‍വി വെയ്ന്‍സ്റ്റെയ്ന്‍. 2006 ല്‍ മുന്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റിനെ ലൈംഗികമായി പീഡിപ്പിച്ചതിനും 2013 ല്‍ അഭിനേത്രിയെ ബലാത്സംഗം ചെയ്തതിനുമാണ് ഇയാള്‍ക്ക് നേരത്തെ ശിക്ഷ വിധിച്ചിരുന്നത്.

ആഞ്ജലീന ജോളിയും ഗിനത്ത് പാള്‍ട്രൊയും ഉള്‍പ്പെടെ ഹോളിവുഡിലെ പ്രശസ്ത നടിമാരും മോഡലുകളും ഉള്‍പ്പെടെ എണ്‍പതോളം പേര്‍ വെയ്ന്‍സ്റ്റെയ്‌നെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്ത്രീകളുടെ സമ്മതമില്ലാതെ ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചിട്ടില്ലെന്ന നിലപാടുമായാണ് വെയ്ന്‍സ്റ്റീൻ പ്രതിരോധിച്ചിരുന്നത്.

- Advertisment -

Most Popular