ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹങ്ങള്‍ക്കെതിരെ പരാമര്‍ശവുമായി ബിജെപി എംപി സുശീല്‍ മോദി. സ്വവര്‍ഗ ബന്ധങ്ങള്‍ സ്വീകാര്യമാണെങ്കിലും, അത്തരം വിവാഹങ്ങള്‍ അനുവദിക്കുന്നതിലൂടെ വിവാഹമോചനം, ദത്തെടുക്കല്‍ പ്രശ്നങ്ങള്‍ തുടങ്ങിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്ന് അദ്ദഹം പറഞ്ഞു. ഇന്ത്യന്‍ സമൂഹം എന്താണെന്നും ജനങ്ങള്‍ അത് അംഗീകരിക്കാന്‍ തയ്യാറാണോ എന്നും നാം വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്വവര്‍ഗ ബന്ധങ്ങള്‍ ഇന്ന് കുറ്റകരമല്ലാതാക്കിയിരിക്കുന്നു എന്നാല്‍ വിവാഹം ഒരു പവിത്രമായ ആചാരമാണ്. സ്വവര്‍ഗ ദമ്പതികള്‍ ഒരുമിച്ച് താമസിക്കുന്നതും എന്നാല്‍ അവര്‍ക്ക് നിയമപരമായ പദവി നല്‍കുന്നതിലും വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വവര്‍ഗ വിവാഹത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ടെന്നും സുശീല്‍് മോദി അഭിപ്രായപ്പെട്ടു. സ്വവര്‍ഗ വിവാഹം നിയമപരമാക്കുന്നതിലൂടെ ഒരുപാട് നിയമങ്ങളും മാറ്റേണ്ടതായി വരും. വിവാഹമോചന നിയമം, പ്രത്യേക വിവാഹ നിയമം, ദത്തെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആങ്ങനെ ഒരുപാട് പ്രശ്‌നങ്ങളുണ്ട്, അദ്ദേഹം പറഞ്ഞു. കൂടാതെ ഇന്ത്യയെ പാശ്ചാത്യ രാജ്യം പോലെയാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ‘ഇടതുപക്ഷക്കാരും ലിബറല്‍ വാദികളുമായ ആളുകളുമായി എനിക്ക് സംവാദം നടത്താന്‍ കഴിയില്ലെന്നും ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് നാല് സ്വവര്‍ഗ ദമ്പതികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.തുടര്‍ന്നാണ് ഈ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ന്നത്.