പെണ്‍കുട്ടികളെ രാത്രിയായാല്‍ ഹോസ്റ്റലില്‍ പൂട്ടിയിടണമെന്ന ആരോഗ്യസര്‍വകലാശാലയുടെ സത്യവാങ്മൂലത്തിനെതിരായ മാതൃഭൂമി ചര്‍ച്ചയില്‍ കടുത്ത വിമര്‍ശനം. കോടതിയില്‍ നല്‍കിയ വിവാദസത്യവാങ്മൂലത്തിലെ പരാമര്‍ശത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ തന്നെ ചാനല്‍ ചര്‍ച്ചയില്‍ പ്രതിഷേധവുമായി എത്തു. എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല നിലപാടിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
25 വയസുവരെ മസ്തിഷ്‌കവളര്‍ച്ചയെത്താത്തവരാണെന്നും പക്വതയെത്താന്‍ 25 വയസുകഴിയണമെന്നും അതുവരെ നിയന്ത്രണം വേണമെന്നുമുള്ള സര്‍വകലാശാലയുടെ നിലപാട് പൊതുസമൂഹത്തിന് മുന്നിലുള്ള വെല്ലുവിളിയാണ് എന്ന് വിദ്യാര്‍ത്ഥിനി കാവ്യ എകെ പറഞ്ഞു. എംബിബിഎസ് ഡോക്ടര്‍മാരായി പ്രാക്ട്ീസ് ചെയ്തുതുടങ്ങുമ്പോള്‍ 25 വയസേ ആവുകയുള്ളു. അതുകൊണ്ട് അത്തരം ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്ന് എങ്ങനെ രോഗികള്‍ വിശ്വസിച്ച് കഴിക്കും. മസ്തിഷ്‌ക വളര്‍ച്ചയെത്താത്തവരാണ് അവരെങ്കില്‍ അത്തരം ആളുകളെ എങ്ങനെ വിശ്വസിക്കും. ഉത്തരവാദപ്പെട്ട എല്ലാ മേഖലകളിലും ഉദ്യോഗസ്ഥരായി പ്രവര്‍ത്തനം തുടങ്ങുന്നവരൊക്കെ 25 വയസിന് താഴെയായിരിക്കും. അവരൊക്കെ എങ്ങനെ പക്വതയോടെ പ്രവര്‍ത്തിക്കും എന്നും വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു.
അതേ സമയം സത്യവാങ്മൂലം അബ്ദുറഹ്‌മാന്‍ രണ്ടത്താണിയുടെ പ്രസംഗം കേട്ട് തയാറാക്കിയതായിരിക്കുമെന്ന് എസ്എഫ്‌ഐ ്പ്രതികരിച്ചു. ലീഗിന്റെതുപോലുള്ള നിലപാടുകള്‍ സ്വാധീനിച്ചിട്ടുണ്ടോ എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത അഫ്‌സല്‍ ചോദിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ നിലപാട് അനുസരിക്കാത്ത സര്‍വകലാശാലയെ തള്ളിക്കളയാന്‍ സര്‍ക്കാര്‍ തയാറായിട്ടുമില്ല. അതേസമയം സര്‍ക്കാരിന്റെ പൊതുനിലപാട് എന്ന നിലയില്‍ ഇക്കാര്യത്തില്‍ പലപ്പോഴും പിന്തിരിപ്പന്‍ നിലപാടുകാരോട് ലാഘവത്തോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബിന്ദുകൃഷണയും ആരോപിച്ചു.
ന്യൂറോ എവിഡന്‍സുകള്‍ എന്ന പേരില്‍ തലച്ചോറിലെ ന്യൂറോ വിഭാഗങ്ങളെ വര്‍ഗീകരിച്ച് അശാസ്ത്രീയമായ വിശകലനം നടത്തിയാണ് സത്യവാങ്മൂലം തയാറാക്കിയത്. അതുകൊണ്ടാണ് ചര്‍ച്ചയ്ക്കിടെ ഏതോ കേശവമ്മാമന്‍ വാട്‌സാപ് യൂണിവേഴ്‌സിറ്റി വഴി കിട്ടിയ വിവരങ്ങള്‍ വച്ച് തയാറാക്കിയതെന്ന് അഭിലാഷ് മോഹന്‍ പറഞ്ഞത്.
എന്തായാലും ആരോഗ്യസര്‍വകലാശാലയുടെ ഈ തോന്ന്യവാസം തെറ്റാണെന്ന കാര്യത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ലീഗ് നേതാവ് ഷാഫി ചാലിയം ഒഴികെ ആര്‍ക്കും എതിരഭിപ്രായമില്ല.