Newsathouse

22 തരം ബിസ്‌കറ്റുകള്‍; ആഗോള വിപണി ലക്ഷ്യം; വ്യവസായ വകുപ്പിന്റെ മീറ്റ് ദി ഇന്‍വെസ്റ്റര്‍ പരിപാടിയിലെ ആദ്യസംരംഭം;സര്‍ക്കാര്‍ വിശ്വാസം കാത്തുസൂക്ഷിച്ചെന്ന് ക്രേസ് ബിസ്‌കറ്റ് കമ്പനി; ഫാക്ടറി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി

കോഴിക്കോട് നടന്ന പത്രസമ്മേളനത്തിൽ ക്രേസ് ബിസ്ക്കറ്റ്സ് സിഎംഡി അബ്ദുൽ അസീസ് ചൊവ്വഞ്ചേരി സംസാരിക്കുന്നു. ഡയറക്ടർമാരായ അലി സിയാൻ, ഫസീല അസീസ്, ബ്രാൻഡ്- കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റ്, പുഷ് 360 സിഎംഡി വി. എ ശ്രീകുമാർ, ക്രേസ് സിഎഫ്ഒ പ്രശാന്ത് മോഹൻ എന്നിവർ സമീപം.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് ക്രേസ് ബിസ്‌ക്കറ്റ്സ് ഫാക്ടറി ഉദ്ഘാടനം ചെയ്യും. 2022 ഡിസംബര്‍ 17ന് രാവിലെ 10.30ന് നടക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ക്രേസ് ഫാക്ടറി ഉദ്ഘാടനം ചെയ്യുന്നത്. വ്യവസായ- നിയമ മന്ത്രി പി. രാജീവ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ടൂറിസം- പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പുതിയ ബിസ്കറ്റ് വേരിയന്റുകൾ അവതരിപ്പിക്കും. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, ആസ്‌കോ ഗ്ലോബല്‍ ട്രസ്റ്റ് ഉദ്ഘാടനം ചെയ്യും. തുറമുഖം- മ്യൂസിയം- പുരാവസ്തു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍, എം.കെ രാഘവന്‍ എംപി, പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടി, ബാലുശേരി എംഎല്‍എ കെ. എം സച്ചിന്‍ ദേവ്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും. ഒരു ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണത്തിൽ കോഴിക്കോട് കിനാലൂര്‍ കെഎസ്‌ഐഡിസി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ഫുഡ് ആന്‍ഡ് കണ്‍ഫക്ഷനറി ഫാക്ടറിയാണ് പിണറായി വിജയന്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നത്.

ക്രേസ് ബിസ്കറ്റ്സ് ഉദ്ഘാടനം ചെയ്യാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി എത്തുന്നത്, തങ്ങൾക്കു മാത്രമല്ല, കേരളത്തിൽ നിന്ന് സംരംഭങ്ങൾ തുടങ്ങുന്ന മുഴുവൻ പേർക്കും പ്രചോദനമാണെന്ന് ക്രേസ് ബിസ്കറ്റ്സ് സിഎംഡി അബ്ദുൾ അസീസ് ചൊവ്വഞ്ചേരി പറഞ്ഞു. ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാരും ശ്രീ. പി രാജീവിന്റെ നേതൃത്വത്തിലൂള്ള വ്യവസായ വകുപ്പും വലിയ വ്യാവസായിക കുതിപ്പാണ് സംസ്ഥാനത്തിനു നൽകുന്നത്. സംസ്ഥാനത്തിന്റെ മാറിയ വ്യവസായ നയത്തിന്റെ ഗുണഭോക്താവാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സർക്കാരിനെ വിശ്വസിച്ചാണ് ഞാൻ ക്രേസ് ബിസ്കറ്റ്സ് ആരംഭിച്ചത്. ആ വിശ്വാസം പൂർണമായി കാത്തു സൂക്ഷിക്കുന്ന പിന്തുണയാണ് എനിക്ക് സർക്കാരിൽ നിന്നും കെ.എസ്.ഐ.ഡി.സി അടക്കമുള്ള അനുബന്ധ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ചത്. മലയാളികൾക്കെല്ലാം അഭിമാനിക്കാനാവുന്ന നിരവധി ദേശീയ- അന്തർദ്ദേശീയ ബ്രാൻഡുകൾ കേരളത്തിൽ നിന്നുണ്ടാവുമെന്ന് എനിക്കുറപ്പുണ്ട്.”- അബ്ദുൾ അസീസ് ചൊവ്വഞ്ചേരി പറഞ്ഞു.

വ്യവസായ വകുപ്പ് പ്രഖ്യാപിച്ച ‘മീറ്റ് ദ് ഇൻവെസ്റ്റർ’ പരിപാടിയുടെ ഭാഗമായി യാഥാർത്ഥ്യമാവുന്ന ആദ്യ സംരംഭങ്ങളിൽ ഒന്നാണ്, കേരളത്തിൽ നിന്ന് ആഗോളതലത്തിലേയ്ക് വളരാനൊരുങ്ങുന്ന ബ്രാൻഡായ ക്രേസ് ബിസ്കറ്റ്സ്. അഞ്ഞൂറിലധികം തൊഴിലാളികള്‍ക്ക് നേരിട്ടും ആയിരത്തിലധികം പേര്‍ക്ക് പരോക്ഷമായും ക്രേസ് ബിസ്‌ക്കറ്റ്‌സ് തൊഴില്‍ നല്‍കുന്നുണ്ട്. വ്യവസായ- വിദ്യാഭ്യാസ- റവന്യൂ (വഖവ്) പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ് ഐഎഎസ്, കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി എന്നിവരും ചടങ്ങിൽ അതിഥികളായി പങ്കെടുക്കും. പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടിക്കൃഷ്ണന്‍, വാര്‍ഡ് അംഗം ശ്രീമതി. റംല വെട്ടത്ത് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.

കോഴിക്കോട് നടന്ന പത്രസമ്മേളനത്തിൽ ക്രേസ് ബിസ്ക്കറ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുൽ അസീസ് ചൊവ്വഞ്ചേരി, ഡയറക്ടർ അലി സിയാൻ, ഡയറക്ടർ ഫസീല അസീസ്, ബ്രാൻഡ്- കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റ്, സി എം ഡി (പുഷ് 360 ) വി. എ ശ്രീകുമാർ, സി എഫ് ഒ പ്രശാന്ത്, മോഹൻ , ജിഎം സെയിൽസ് & മാർക്കറ്റിങ് ജെൻസൺ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version