Newsathouse

നടിയെ ആക്രമിച്ച കേസിൽ എന്തൊക്കെയാണ് പറയാൻ കൊള്ളാത്ത കാര്യങ്ങൾ ?

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നാണം കെട്ട കഥയെന്ന പ്രയോഗം നടത്തി വിവാദത്തിലായ എംഎം മണിയുടെ പ്രസ്താവനയെ അപലപിച്ച് മാധ്യമപ്രവര്‍ത്തക കെകെ ഷാഹിനയുടെ പ്രതികരണം.
(ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്നെടുത്തത്.)

നടിയെ ആക്രമിച്ച കേസിൽ എന്തൊക്കെയാണ് പറയാൻ കൊള്ളാത്ത കാര്യങ്ങൾ ?

അതങ്ങ് പറയണം എം എം മണി . അതിജീവിതയുടെ ഹരജിയിൽ പറഞ്ഞ ഗുരുതരമായ ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് എം എം മണിയുടെ പ്രസ്താവന . അന്വേഷണം പാതി വഴിക്ക് അവസാനിപ്പിച്ച് ചാർജ് കൊടുക്കാനായി രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ട് എന്നാണ് അവരുടെ ഹർജിയിൽ ആരോപിക്കുന്നത് . ‘നല്ല നടനായി ഉയർന്നു വന്ന ആ ആൾക്ക് വേണ്ടി ആരാണ് ഇടപെട്ടത് ? എം എം മണിയാണോ ? എന്താണ് എം എം മണിക്ക് ദിലീപുമായുള്ള ഇടപാട് ?എന്താണ് ഈ കേസിലെ ‘നാണം കെട്ട’ കാര്യങ്ങൾ? ഒറ്റ കാര്യമേ പറയാനുള്ളൂ .വിടുവായത്തമൊക്കെ അങ്ങ് കയ്യിൽ വെച്ചാൽ മതി . മുറിവേറ്റ് നിൽക്കുന്ന പെണ്ണുങ്ങളുടെ നേരെ പ്രയോഗിക്കരുത് . എൽ ഡി എഫിന്റെ രണ്ടാമൂഴം കേരളത്തിലെ സ്ത്രീകളുടെ കൂടി തീരുമാനമായിരുന്നു എന്ന് മറക്കരുത് . അധികാരം തലക്ക് പിടിക്കുമ്പോൾ മറക്കാൻ എളുപ്പമാണ് . ഓർമ്മിപ്പിക്കാൻ അതിലേറെ എളുപ്പമാണ് ജനങ്ങൾക്ക് . കുറച്ച് ദിവസം കാത്തിരിക്കണമെന്നേയുള്ളൂ . ‘ഞങ്ങൾ നടിക്കൊപ്പമാണ്’ എന്ന് ക്ഷീരബല പോലെ ആവർത്തിച്ചിട്ട് കാര്യമൊന്നുമല്ല പാർട്ടി സെക്രട്ടറി .അത് എം എം മണിയെപ്പോലുള്ള മുതിർന്ന നേതാക്കളെ കൂടി ഒന്ന് ബോധ്യപ്പെടുത്തണം തെരഞ്ഞെടുപ്പാണെന്ന് ആലോചിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനും സിപിഎമ്മിനുമാണ് .അതിജീവിതമാർക്കല്ല. സ്ത്രീകളുടെ ജീവിതത്തിനും അഭിമാനത്തിനും വില പേശരുത് സർക്കാർ . നിഷേധ വോട്ട് ചെയ്യാൻ തൃക്കാക്കരയിലെ സ്ത്രീകളെ പ്രേരിപ്പിക്കരുത് .

കടപ്പാട്-കെകെ ഷാഹിന

Exit mobile version