Newsathouse

മരണം ഉടനുണ്ടാകും എന്ന് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതാര്?, വെന്റിലേറ്ററിലായപ്പോള്‍ ചാനല്‍ പരസ്യങ്ങള്‍ കിറ്റെക്‌സ് പുനസ്ഥാപിച്ചതെന്തിന്? പരിക്കേറ്റതിന് ശേഷം ആശുപത്രിയിലെത്തിക്കാന്‍ വൈകിയതെന്തുകൊണ്ട്? ദീപുവിന്റെ മരണം ട്വിന്റി ട്വന്റിക്കെതിരെ ഉയര്‍ത്തുന്ന ദുരൂഹ ചോദ്യങ്ങള്‍

കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണവുമായി ബന്ധപ്പെട്ട് ദൂരൂഹത വര്‍ദ്ധിപ്പിച്ചുകൊണ്ട് നാട്ടുകാരുടെ പ്രതികരണം. ഒരു യുവാവിന്റെ മരണത്തെ കിറ്റെക്‌സ് ഉടമ സാബുജേക്കബ് പാര്‍ട്ടി വളര്‍ത്താനും രാഷ്ട്രീയതാല്‍പര്യത്തിനും വേണ്ടി ദുരുപയോഗിക്കുന്നു എന്ന ആരോപണം ശക്തമാക്കിക്കൊണ്ട് പുതിയ വെളിപ്പെടുത്തലുകള്‍.

ട്വന്റി ട്വന്റി ആഹ്വാനം ചെയ്ത വിളക്കണക്കല്‍ സമരവുമായി ബന്ധപ്പെട്ട് സിപിഎംപ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായി എന്നും തര്‍ക്കത്തിനിടെ മര്‍ദ്ദനമേറ്റതിന്റെ തുടര്‍ച്ചയായാണ് ദീപുമരിച്ചതെന്നുമാണ് സാബുജേക്കബും മാധ്യമങ്ങളും ആരോപിക്കുന്നത്. എന്നാല്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചുകൊണ്ട് നാട്ടുകാരുടെയും ദീപുന്റെ സഹപ്രവര്‍ത്തകരുടെയും പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നു. പലരും പരസ്യമായി പറയാന്‍ ഭയക്കുന്നുണ്ടെങ്കിലും ട്വന്റി ട്വന്റിയുടെ ദൂരൂഹമായ ഇടപെടല്‍ ഒരു മരണത്തിലേക്ക് നയിച്ചതാണോ എന്ന പോലും സംശയിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സിപിഎംപ്രവര്‍ത്തകരുമായി വാക്ക് തര്‍ക്കത്തിലായ ദീപുരണ്ടുദിവസം കഴിഞ്ഞാണ് ആശുപത്രിയിലായത്. ആശുപത്രിയില്‍ അഡ്മിറ്റാകുമ്പോള്‍ പോലും ദീപുവിന്റെ ആരോഗ്യപ്രശ്‌നം സിപിഎം പ്രവര്‍ത്തകരുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണെന്ന് ആരോപണം ഉന്നയിച്ചിരുന്നില്ല. അടുത്ത കൂട്ടുകാരോടും തലയ്ക്ക് വയ്യാത്തതാണ് പ്രശ്‌നമെന്ന് ദീപു പറഞ്ഞതായാണ് സുഹൃത്തുക്കളുടെ മൊഴി.

മാത്രമല്ല വിളക്കണക്കല്‍ കഴിഞ്ഞ് രണ്ടാംദിവസം സിപിഎം ഓഫീസില്‍ പോയി സിപിഎം പ്രവര്‍ത്തകരോട് തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും നിര്‍ബന്ധപൂര്‍വ്വം സമരത്തില്‍ പങ്കെടുക്കേണ്ടിവന്നതാണെന്നും ദീപു പറഞ്ഞതായി സിപിഎം പ്രവര്‍ത്തകരും പറഞ്ഞു. പിന്നീട് ആരോഗ്യപ്രശ്‌നമുണ്ടാകുകയും ആശുപത്രിയിലായതിന് ശേഷം ദുരൂഹതവര്‍ദ്ധിപ്പിച്ചുകൊണ്ട് പെട്ടെന്ന് വെന്റിലേറ്ററിലാക്കുകയുമായിരുന്നു.

അഡ്മിറ്റായി തൊട്ടടുത്ത ദിവസം തന്നെ ദീപു മരിക്കും സിപിഎമ്മുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റതാണെന്ന് ഒരുപ്രമുഖമാധ്യമപ്രവര്‍ത്തകന്‍ എല്ലാ മാധ്യമഓഫീസുകളിലെ റിപ്പോര്‍ട്ടര്‍മാരോടും പറഞ്ഞു. വാര്‍ത്ത ഗൗരവപൂര്‍വ്വം മാറ്റിമറിക്കാന്‍ നിയമസഭയില്‍ ട്വന്റി ട്വന്റിക്ക് വേണ്ടി മല്‍സരിക്കുക കൂടി ചെയ്ത ഈ മാധ്യമപ്രവര്‍ത്തകന്‍ ശ്രമിച്ചതായാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. സാബു ജേക്കബിന്റെ ഓഫീസില്‍ നിര്‍മിക്കപ്പെട്ട വിന്‍വിജയത്തിലെത്തിയ പ്രീപ്ലാന്റ് ന്യൂസ് ആണ് ഇത് എന്നാണ് ട്വന്റി ട്വന്റിയുടെയും എക്‌സിക്യൂട്ടീവുകളുടെ വിലയിരുത്തല്‍. ദീപുവിന്റെ മരണശേഷം കിറ്റെക്‌സിന്റെ ഇമേജില്‍ പൊതുസമൂഹത്തിലുണ്ടായ മെച്ചം സാബുജേക്കബ് തിരിച്ചറിഞ്ഞതായും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സന്തോഷം അറിയിച്ചതായുമാണ് വാര്‍ത്ത.

ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനെ കോര്‍പ്പറേറ്റ് മാധ്യമത്തില്‍ തിരികെ പ്രവേശിപ്പിക്കുന്നതില്‍ നിര്‍ണായക ഇടപെടല്‍ സാബുജേക്കബ് നടത്തിയിരുന്നു. ദീപു വെന്റിലേറ്ററില്‍ കിടക്കുമ്പോള്‍ തന്നെ മലയാളം ചാനലുകള്‍ക്ക് വിലക്കിയിരുന്ന കിറ്റെക്‌സ് പരസ്യങ്ങള്‍ അടിയന്തിരപ്രാധാന്യത്തോടെ പുനസ്ഥാപിക്കുകുയും ചെയ്തു. കിറ്റെക്‌സിന്റെ പ്രത്യേക സ്‌പോണ്‍സര്‍ഷിപ്പോടെയാണ് ഇപ്പോള്‍ ദീപുവിന്റെ മരണം പോലും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. മനോരമ ന്യൂസ് കഴിഞ്ഞ ദിവസം ദീപുവിന്റെ മരണത്തിന് പിന്നില്‍ സിപിഎമ്മോ, ട്വന്റി ട്വന്റിയെ ഇരയാക്കുന്നോ എന്ന വിഷയത്തില്‍ നടത്തിയ കൗണ്ടര്‍പോയിന്റ് ചര്‍ച്ച ആകെതന്നെ സ്‌പോണ്‍സര്‍ ചെയ്തത് കിറ്റെക്‌സാണ്.

ദീപുപരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ കിറ്റെക്‌സിന്റെ പരസ്യം പുനസ്ഥാപിച്ചത് എന്തിന് എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. അതേ സമയം വെന്റിലേറ്ററിലായ ദീപു ഇന്നദിവസം മരിക്കും എന്നതടക്കമുള്ള വിവങ്ങള്‍ എങ്ങനെ മാധ്യമഓഫീസുകളില്‍ എത്തിച്ചു എന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഒപ്പം ട്വന്റി ട്വന്റിയും സ്ഥാനാര്‍ത്ഥിയായിരുന്ന മാധ്യമപ്രവര്‍ത്തകന്റെ ഇടപെടലില്‍ സാബുജേക്കബിന്റെയും കിറ്റെക്‌സിന്റെയും പങ്കെന്ത് എന്ന ചോദ്യവും സിപിഎം കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നു.

ചുരുക്കത്തില്‍ പിവി ശ്രീനിജനും സിപിഎമ്മിനും എതിരായി അപ്രതീക്ഷിതമായി കിട്ടിയ ആയുധം സാബുജേക്കബിന് മനോഹരമായി ഉപയോഗിക്കാന്‍ കഴിഞ്ഞു എന്നതാണ് വാസ്തവം. കിറ്റെക്‌സിലെ തൊഴിലാളികള്‍ ഉത്തരേന്ത്യന്‍ മാതൃകയില്‍ പോലീസ് ജീപ്പ് കത്തിച്ചതും തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ മുഖം നഷ്ടപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ സംഭവം എന്നത് ശ്രദ്ധേയമാണ്.

Exit mobile version