Newsathouse

ഒടുവില്‍ മജീദ്ക്കാനെയും വിളിച്ചു; കെഎം ഷാജിക്കെതിരായ കേസില്‍ കെപിഎ മജീദിനെ വിജിലന്‍സ് ചോദ്യം ചെയ്തു

കോഴിക്കോട് : മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി ഉള്‍പ്പെട്ട പ്ലസ്ടു കോഴക്കേസില്‍  കെ പി എ മജീദ് എംഎല്‍എയെ വിജിലന്‍സ് ചോദ്യംചെയ്തു. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് പൊലീസ് ക്ലബിലായിരുന്നു ചോദ്യം ചെയ്യല്‍. പകല്‍ രണ്ടിന് തുടങ്ങിയ ചോദ്യം ചെയ്യല്‍ ഒരു മണിക്കൂര്‍ നീണ്ടു.    

അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ എംഎല്‍എയായിരുന്ന കെ എം ഷാജി 25 ലക്ഷം കോഴ വാങ്ങിയെന്നാണ് കേസ്. അന്ന്  ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന മജീദിന്   അഴീക്കോട്ടെ പ്രാദേശിക ലീഗ് നേതാവായ നൗഷാദ് പൂതപ്പാറ കോഴ സംബന്ധിച്ച പരാതി   നല്‍കി . നേതൃത്വത്തിന്റെ അറിവോടെയാണ് കെ എം ഷാജി കോഴ വാങ്ങിയതെന്നായിരുന്നു ആക്ഷേപം. കെ എം ഷാജിയെ സംരക്ഷിച്ച ലീഗ് നേതൃത്വം, നൗഷാദിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പരാതി കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് സസ്പെന്‍ഷന്‍ എന്ന് നൗഷാദ് പറഞ്ഞിരുന്നു. ഇക്കാര്യങ്ങളിലാണ് വിജിലന്‍സ്  വിവരം തേടിയത്. എന്നാല്‍, ഇതു മജീദ് നിഷേധിച്ചു. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ നൗഷാദ് ശ്രമിച്ചതായി കെ എം ഷാജി  നല്‍കിയ പരാതിയിന്മേലാണ് നടപടി സ്വീകരിച്ചതെന്നാണ് മജീദ് മൊഴി നല്‍കിയിരിക്കുന്നത്.    

കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി കുഞ്ഞുമുഹമ്മദിനെയും വിജിലന്‍സ് നേരത്തെ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ ലീഗ് നേതാക്കളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. അതേസമയം, തന്നെ ചോദ്യം ചെയ്തില്ലെന്നായിരുന്നു കെപിഎ വാര്‍ത്താലേഖകരോട്  മജീദ് പ്രതികരിച്ചത്.  വിജിലന്‍സ് ഡിവൈഎസ്പിയെ കണ്ടത് സൗഹൃദ സന്ദര്‍ശനമാണെന്ന് പറഞ്ഞ മജീദ് കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി.

ഡിവൈഎസ്പിക്ക് പുറമെ എസ്ഐ പങ്കജാക്ഷന്‍, എഎസ്ഐ വിനോദ്കുമാര്‍ എന്നിവരും ചോദ്യംചെയ്യലിന് നേതൃത്വം നല്‍കി.

Exit mobile version