Newsathouse

ജ്ഞാനഭാരത്തിന്റെ നിഗൂഢതകളിലേയ്ക്ക്, അശ്വതി ഇതളുകള്‍ എഴുതുന്നു

അശ്വതി ഇതളുകള്‍

മലയാള സാഹിത്യ ലോകത്ത് ലാളിത്യമുള്ള ഭാഷയും ആവിഷ്‌കാരവും കൊണ്ട് തന്റെതായ ഇടം കണ്ടെത്തിയ അത് നിലനിര്‍ത്തുന്ന എഴുത്തുകാരില്‍ ഒരാളാണ് സന്തോഷ്‌കുമാര്‍. സമകാലിക സംഭവങ്ങള്‍ കൂടി പരാമര്‍ശിച്ചു എഴുതിയ പുതിയ നോവലാണ് ജഞാന ഭാരം.
പുസ്തകത്തിന്റെ ഉള്ളറകളിലേയ്ക്ക് കടക്കുന്നതിനു മുന്‍പ് പുറന്താള്‍കുറിപ്പ് പരിശോധിക്കാം
ലോകചരിത്രത്തെ മാറ്റിമറിച്ച രണ്ടു മഹായുദ്ധങ്ങളുടെ വിവരങ്ങള്‍പോലും ഉള്‍പ്പെട്ടിട്ടില്ലാത്ത, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ചിന്തകളും ആശയങ്ങളും നിറഞ്ഞ പഴയൊരു വിജ്ഞാനകോശത്തിന്റെ പന്ത്രണ്ടു വോള്യങ്ങളും വായിച്ചു തീര്‍ക്കുക എന്നത് പരമപ്രധാനകര്‍മമായി സ്വീകരിച്ച കൈലാസ് പാട്ടീല്‍. സ്വന്തം വലയില്‍ കുടുങ്ങിപ്പോയ ഒരെട്ടുകാലിയെപ്പോലെ, ഭൂതകാലത്തിലൊരിടത്ത് ജീവിതത്തെ കുത്തിനിര്‍ത്തിയ ആ ജ്ഞാനവൃദ്ധനിലൂടെ മനുഷ്യജീവിതത്തിന്റെ അര്‍ഥവും അര്‍ഥശൂന്യതയും വ്യാഖ്യാനിക്കുന്ന രചന
ഇനി കഥയിലേയ്ക്ക്. എഴുത്തുകാരന്‍ അപ്രതീക്ഷിതമായി പരിചയപ്പെട്ട വ്യക്തിയാണ് കൈലാസ് പാട്ടേല്‍. അദ്ദേഹത്തിന്റെ മരണ വിവരം അറിയിച്ചു കൊണ്ടുള്ള ഫോണ്‍ കാളില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് കൈലാസ് എന്ന മനുഷ്യന്റെ ജീവിതവുമായി ബന്ധപെട്ടു പിന്നീട് കഥ മുന്നോട്ട് പോകുന്നു. അച്ഛന്റെ തീവ്രമായ ആഗ്രഹ പ്രകാരം തന്റെ ജീവിതമേഖല നിയമ മേഖല ആണെന്ന് തിരഞ്ഞെടുത്ത വ്യക്തിയാണ് കൈലാസ്. അദ്ദേഹത്തിന്റെ അച്ഛന്‍ അതി പ്രശ്സ്തനായ ഒരു വക്കീലിന്റെ ഡ്രൈവര്‍ ആയിരുന്നു. തന്റെ മുതലാളിയെ പോലെ തന്റെ മകനും ഉയരങ്ങളിലേയ്ക്ക് എത്തണമെന്ന് ആഗ്രഹിക്കുന്ന യാഥാസ്തിക പിതാവായിരുന്നു കമലേഷ്. ഒരിക്കല്‍ ഭുവന്‍ വക്കീല്‍ ന്റെ കയ്യില്‍ നിന്നും കുറച്ചു പുസ്തകങ്ങള്‍ കമലഷിന് കിട്ടി. അയാള്‍ അതൊരു നിധി പോലെ മകന് കൈമാറി അത് വായിക്കണമെന്നും പഠിക്കണമെന്ന് അദ്ദേഹം വാശി പിടിക്കുകയും ചെയ്തു. ആ പുസ്തകങ്ങള്‍ കൗതുകം ഉണര്‍ത്തുന്ന സംഗതിയാണ്. എല്ലാം വിജ്ഞാനകോശമാണ്. ഈ പുസ്തകങ്ങള്‍ കൈലാസിന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളിലൂടെയാണ് പിന്നെ കഥ വികസിക്കുന്നത്.
‘വിജ്ഞാനകോശം വായിച്ചുതീര്‍ക്കുന്നത് അച്ഛന്റെ ആണ്ടുദിവസത്തോട് അനുബന്ധിച്ച് ഒരു പുണ്യപുസ്തകം വായിക്കുന്നത് പോലെ ആയിരുന്നു. ഒരു ബലിതര്‍പ്പണം’
ഒരു ബലിതര്‍പ്പണം പോലെയാണ് കൈലാസ് ആ പുസ്തകങ്ങള്‍ വായിക്കുന്നത്. അച്ഛന്‍ മകന്‍ ബന്ധത്തിന്റെ ഊഷ്മളത കൂടി ഇവിടെ പ്രകടമാകുന്നുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കടമകളില്‍ ഒന്നായി മകന്‍ ഈ പുസ്തക വായനയെ കാണുന്നു.
ഇനി നോവലിലെ മറ്റൊരു മറ്റൊരു കഥാപാത്രമായ ഭുവന്‍ ദേശായി യെ വിലയിരുത്താം. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ഒരാള്‍. ആള്‍ക്കൂട്ടങ്ങളുടെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശസ്തിയ്ക്ക് വേണ്ടി മാത്രം ഇടപെടുന്ന ഒറ്റപെട്ട മനുഷ്യരെ ചവിട്ടിയരച്ചു കടന്നു പോകുന്ന ഇരു മുഖങ്ങളുള്ള മനുഷ്യന്‍. ചില മനുഷ്യര്‍ ഒരു ബ്രാന്റ് ആകുന്നതും ആ ബ്രാന്റ് നു പിന്നിലെ കള്ളത്തരങ്ങളും പൊയ്മുഖങ്ങളും പിന്നീട് കടന്നു വരുന്നതിനെ കുറിച്ചുള്ള വിമര്‍ശനമുണ്ട്. അച്ഛന്റെ പൊയ്മുഖം അഴിയുന്നത് മകന്റെ വാക്കുകളിലൂടെയാണ് അതിങ്ങനെ..
സത്യത്തില്‍ ചെറിയ മനുഷ്യരുടെ ജീവിതത്തിലൊന്നും എന്റെ അച്ഛന് വലിയ താല്‍പര്യമുണ്ടായിരുന്നില്ല. ദരിദ്രനായ ഒരുത്തനെ അദ്ദേഹം എളുപ്പം അവഗണിക്കും. എന്നാല്‍ ദരിദ്രരുടെ ആള്‍ക്കൂട്ടത്തെ ആദരിക്കും. അവര്‍ക്കു മുന്നില്‍ നടക്കും. ഒരു പാവപ്പെട്ടവന്റെ അടിസ്ഥാനപരമായ അവകാശത്തെപ്പോലും ഞെരിച്ചു കളഞ്ഞെന്നിരിക്കും. എന്നാല്‍ ഒരു ജനതയുടെ മനുഷ്യാവകാശത്തിന് കൊടിപിടിച്ചു മുന്നിലുണ്ടാവും
സ്വയമൊരു ബ്രാന്റ് ആകുക. അതിലൂടെ ഭരണകൂടത്തിലും കോടതിലുമൊക്കെ തന്റെതായ മേല്‍കൊയ്മ ഉണ്ടാക്കുക. അവരെ നിയന്ത്രിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ തന്നെയാണ് വക്കീലിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഇന്നത്തെ കാലഘട്ടത്തില്‍ ഇത്തരത്തില് ചില മനുഷ്യരെയെങ്കിലും കണ്ടെത്താന്‍ കഴിയും എന്നതാണ് വാസ്തവം.
സമകാലിക കാലഘട്ടത്തിന്റെ ചില മാറ്റങ്ങളിലൂടെ നോവല്‍ കടന്നു പോകുന്നുണ്ട്. അതിനു ഉദാഹരണമാണ്
”പഴയതാണെങ്കില്‍ സൂക്ഷിക്കണം ഖുര്‍ഷിദ്, പൊടിയുണ്ടെങ്കില്‍ എനിക്ക് തുമ്മല്‍ വരും. അലര്‍ജിയുണ്ട്. ആളുകള്‍ കൊറോണയായിട്ടെടുക്കും ഞാന്‍ എന്റെ മാസ്‌ക് മൂക്കിനുമേലേക്ക് വലിച്ചിട്ടു ബലം പരിശോധിക്കുന്നതുപോലെ ഒന്ന് പിടിച്ചുനോക്കി
കോവിഡ് മനുഷ്യമാരെ മാസ്‌ക് ധരിപ്പിക്കാന്‍ പഠിച്ചു എന്നതില്‍ കവിഞ്ഞുള്ള മാറ്റങ്ങള്‍ എഴുത്തുകാരന്‍ കാണുന്നില്ല.
ഇനി കഥയിലെ കഥാപാത്രങ്ങളെ കുറിച്ച് പറയാം. കഥാപാത്രങ്ങള്‍ അനവധിയൊന്നും ഇവിടെയില്ല. കൈലാസ് എന്ന പ്രധാന കഥാപാത്രവും ഭുവന്‍, കമലേഷ്, നരേന്‍, ജഗത, കമല തുടങ്ങിയ കഥാപാത്രങ്ങളുമാണ് ഇവിടെയുള്ളത്. എല്ലാ കഥാപാത്രങ്ങളെയും കൃത്യമായി അവരുടെ ചെയ്തികള്‍ വരച്ചു കാട്ടാന്‍ എഴുത്തുകാരന്‍ ശ്രമിച്ചിട്ടുണ്ട്. എല്ലാ കഥാപാത്രങ്ങള്‍ക്കും പൂര്‍ണതയുണ്ട്. മുഖ്യ കഥാപാത്രത്തിന്റെ പ്രഭയില്‍ മാത്രമല്ല ഈ നോവല്‍ മികച്ചതാകുന്നത്. മറ്റു കഥാപാത്രങ്ങളിലൂടെ കൂടിയാണ്.
അവതരണം അത് എഴുത്തുകാരന്‍ കഥ പറയുന്നത് പോലെയാണ്. ഇടയ്ക്ക് കുറിപ്പുകളും കത്തും ഫോണ്‍ വിളിയുമൊക്കെ കടന്നു വരുന്നുണ്ട്. വായനയിലേയ്ക്ക് കൂടുതല്‍ പടരാന്‍ ഇത്തരം ഒരു രീതിയ്ക്ക് സാധിച്ചിട്ടുണ്ട്. ആസ്വാദകനെ പിടിച്ചിരുതുന്ന ശൈലി.
വിഷയം പുതുമയുള്ളതാണ്. ബോബയിലും കല്‍ക്കത്തയിലുമൊക്കെയാണ് കഥ വികസിക്കുന്നത്. ലോകത്തിന്റെ കപടതകള്‍ ചില വാക്കുകള്‍ തീരുമാനങ്ങള്‍ മരണങ്ങള്‍ മനുഷ്യനെ എങ്ങനെയാണ് സ്വാധീനിക്കുക എന്നത് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഭാഷ ലളിതമാണ്. ചില ഫിലോസഫിക്കല്‍ എലമെന്റ് കടന്നു വരുന്നുണ്ടെങ്കില്‍ പോലും അതൊന്നും ബോറടിപ്പിക്കുന്നതല്ല. പുനര്‍ വായനയ്ക്ക് കൂടി സാധ്യതയുള്ള പുസ്തകമാണിത്. ഇനിയും ഒരുപാട് വായിക്കേണ്ട വായിക്കപ്പെടേണ്ട പുസ്തകങ്ങളില്‍ ഒന്ന്.
നുണകളെപ്പോലും വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുമോ എന്നാണ് കഥാകൃത്തുക്കള്‍ നോക്കിക്കൊണ്ടിരിക്കുന്നത്. അങ്ങനെ സാധിച്ചാല്‍ കുട്ടിച്ചാത്തന്‍ നായകനായ കഥയാണെങ്കില്‍പോലും ആളുകള്‍ അത് കൈയ്യടിച്ച് സ്വീകരിക്കും. അതേസമയം തികച്ചും വാസ്തവമായ ഒരു ജീവിതത്തെ ആര്‍ക്കും സംശയം തോന്നാനിടയില്ലാത്ത നിലയില്‍ എങ്ങനെ എഴുതും
നോവലിലെ ഒരു വരിയാണ്. ഈ കഥ ചിലപ്പോഴൊക്കെ യാഥാര്‍ഥ്യമായും മറ്റു ചിലപ്പോള്‍ ഭാവനയായും അനുഭവപ്പെടുന്നുണ്ട്..
ഈ പുസ്തകത്തിന്റെ കവര്‍ എടുത്തു പറയേണ്ടതുണ്ട്. നോവല്‍ പറയുന്ന വസ്തുതകളെയെല്ലാം ആ കവര്‍ നമുക്ക് കാണിച്ചു തരുന്നുണ്ട്.
എന്തൊക്കെയായാലും ഈ വര്‍ഷത്തെ വായനയില്‍ ഏറെ പ്രിയപ്പെട്ടതായി ഈ കൃതി മാറുന്നു..
(കടപ്പാട് അശ്വതി ഇതളുകള്‍, ഫെയ്‌സ്ബുക്ക് )

Exit mobile version