Newsathouse

ബി‌എം‌ഡബ്ല്യു 5 സീരിസ് എം കാർബൺ എഡിഷൻ

ബി‌എം‌ഡബ്ല്യു എന്നു പറയുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് പ്രകടനമാണ്, പിന്നാലേ ആഡംബരവും. ഇത് രണ്ടിന്റെയും സമ്മേളനമാണ്‌ ബി‌എം‌ഡബ്ല്യു 5 സീരിസിനെ ഇന്ത്യയിൽ ഏറ്റവും വിജയകരമായ പ്രീമിയം എക്സിക്യൂട്ടീവ് സെഡാൻ ആക്കി മാറ്റിയത്. ഉപയോക്താക്കളെ ത്രസ്സിപ്പിക്കാനായി 5 സീരിസ് എം സ്പോർട്ട്‌ കാർബൺ എഡിഷനുമായി ബി‌എം‌ഡബ്ല്യു വരുന്നു. ബി‌എം‌ഡബ്ല്യു ഗ്രൂപ്പിന്റെ ചെന്നൈയിലെ പ്ലാന്റിൽ മുഴുവനായി നിർമിച്ച കാർബൺ എഡിഷനെ അടുത്തറിയാം.

ബി‌എം‌ഡബ്ല്യു കാറുകളുടെ ഫാമിലി അടയാളം എന്നുപറയുന്ന കിഡ്നി ഗ്രില്ലിനെ വേർതിരിക്കുന്ന ബോർഡറിൽ കാർബൺ ഫൈബർ ഉപയോഗിച്ചിരിക്കുന്നു. അതിലേക്കു ചാഞ്ഞിറങ്ങുന്ന അഡാപ്‌റ്റീവ് ഹെഡ് ലാമ്പ് മുഴുവനായും എൽ‌ഇ‌ഡിയാണ്. റിയർ വ്യൂ മിററും കാർബൺ ഫൈബർകൊണ്ട് പൊതിഞ്ഞിരിക്കുന്നു. പിന്നിൽ സ്പോയിലറിലും കാർബൺ ഫൈബർ കാണാം. 662എം 18 ഇഞ്ച് കറുകറുത്ത ട്വിൻ സ്പോർക് അലോയ് വീൽ മുന്നിൽനിന്നുള്ള നോട്ടത്തെപോലെ വശങ്ങളെയും സ്പോർട്ടി ആക്കുന്നു.  പുറമെയുള്ള കറുത്ത, സ്പഷ്ടമായ മൂലഘടകങ്ങളും ത്രസിപ്പിക്കുന്ന പെട്രോൾ എൻജിൻ പ്രകടനവും ചേർന്നാണ് കാർബൺ എഡിഷനെ വ്യത്യസ്തമാക്കുന്നത്. ആൽപൈൻ വൈറ്റ് എന്ന ഒറ്റ കളറിൽ മാത്രമാണ് കാർബൺ എഡിഷൻ കിട്ടുന്നത്.

കാറിനകത്ത് ബി‌എം‌ഡബ്ല്യു ഓപ്പറേറ്റിങ് സിസ്റ്റം 7.0 ഉള്ള ബി‌എം‌ഡബ്ല്യു ലൈവ് കോക്പിറ്റ് പ്രൊഫഷനലിൽ 3ഡി നാവിഗേഷൻ 12.3 ഇഞ്ച് മുഴുവനായും ഡിജിറ്റൽ ഇൻസ്ട്രമെന്റ്‌ ക്ലസ്റ്റർ. 12.3 ഇഞ്ച് ഇൻഫോടൈൻമെന്റ്‌ സിസ്റ്റം ആംഗ്യംകൊണ്ടും സംസാരിച്ചും പ്രവത്തിപ്പിക്കാവുന്നതാണ്. 6 വിധത്തിലുള്ള ഹസ്ത ചലനങ്ങൾ തിരിച്ചറിയാൻ ഇതിന് കഴിയും. വയർലസ്സ് ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിട് ഓട്ടോ വഴി സ്മാർട്‌ഫോൺ ബന്ധിപ്പിക്കാം. ഫീച്ചറുകളിൽ ഇലക്ട്രോണിക് പവർ സ്റ്റീറിങ്‌, ഡ്രൈവർ അസിസ്റ്റന്റ്‌സ് സിസ്റ്റം ആയ റിമോട്ട് കൺട്രോൾ പാർക്കിങ്, ബി‌എം‌ഡബ്ല്യു വെർച്വൽ അസിസ്റ്റന്റ്‌, പാർക്കിങ് അസിസ്റ്റന്റ്‌സ്, റിവേഴ്‌സിങ് അസിസ്റ്റന്റ്‌, 360 ഡിഗ്രി വ്യൂ ക്യാമറ മുതലായവ ഉടമസ്ഥനെ സ്വയം ഡ്രൈവ് ചെയ്യാൻ പ്രേരിപ്പിക്കുന്നവയാണ്.

കുറഞ്ഞ സ്പീഡുകളിലും തനതായ പ്രതികരണശേഷിയുള്ള ബി‌എം‌ഡബ്ല്യു ട്വിൻ പവർ  ടർബോ ടെക്നോളജി 2 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിൻ പുറപ്പെടുവിക്കുന്ന കൂടിയ പവർ 252 ഹോഴ്സ് പവറാണ്. 350 ന്യൂട്ടൻ മീറ്ററാണ് ഈ എൻജിന്റെ ഉയർന്ന ടോർക്. നിന്ന നിൽപ്പിൽനിന്നു 100 കിലോമീറ്റർ പ്രതിമണിക്കൂർ സ്പീഡിൽ എത്താൻ വെറും 6.1 സെക്കൻഡ് മതിയാകും. ഈ എൻജിനെ 8 സ്പീഡ് സ്റ്റേപ്ട്രോണിക് സ്പോർട്ട്‌ ഓട്ടോമാറ്റിക് ഗിയറുമായി ബന്ധിപ്പിച്ചിരിക്കുന്നു. സ്വതന്ത്ര ഡാമ്പിങ്ങുള്ള അഡാപ്ടീവ് സസ്പെൻഷൻ യാത്ര സുഖകരം ആക്കുകയും ചെയ്യുന്നു. ഡാമ്പർ പ്രതികരണം ഡ്രൈവിങ് മോഡ് സെലക്ട് ചെയ്യുന്നതിനനുസരിച്ച് മാറുന്നതായിരിക്കും. സ്പോർട്ട്‌, സ്പോർട്ട്‌ പ്ലസ്, കംഫർട്ട്, എക്കോ പ്രോ, അഡാപ്‌റ്റീവ് എന്നിങ്ങനെ ഡ്രൈവിങ് മോഡുകൾ സെലക്ട് ചെയ്യാം.

സുരക്ഷ ഉറപ്പുവരുത്താനായി 6 എയർ ബാഗുകൾ, ബ്രേക് അസിസ്റ്റ് ഉള്ള എ‌ബി‌എസ്,   ഡൈനമിക് സ്റ്റബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് ഡിഫറെൻഷ്യൽ ലോക്ക് കൺട്രോൾ, കോർനെർണിങ് ബ്രേക് കൺട്രോൾ, ഓട്ടോ ഹോൾഡ് ഉള്ള ഇലക്ട്രിക് പാർക്ക് ബ്രേക് എന്നീ ഫീച്ചറുകൾ 5 സീരിസിൽ ഉണ്ട്. ബി‌എം‌ഡബ്ല്യു 5 സീരിസ് എം സ്പോർട്ട്‌ കാർബൺ എഡിഷന്റെ എക്സ് ഷോറൂം വില 66.3 ലക്ഷം രൂപയാണ്.

Exit mobile version