Newsathouse

ശിശുമരണ നിരക്ക്: കേരളം അമേരിക്കയ്‌‌ക്ക് ഒപ്പം; അഞ്ച് വര്‍ഷത്തിനിടെ നിരക്ക് പകുതിയായി കുറച്ചു

രാജ്യത്തെ ആരോഗ്യ രംഗത്തിന്റെ പ്രധാന സൂചികയായ ശിശുമരണ നിരക്കില്‍ (ഐഎംആര്‍)കേരളത്തിന് അഭിമാന നേട്ടം. അഞ്ച് വര്‍ഷത്തിനിടെ കേരളത്തിലെ ശിശുമരണ നിരക്ക് നിരക്ക് പകുതിയായി കുറഞ്ഞു. 2009– 2014ല്‍ 12 ആയിരുന്ന ശിശുമരണ നിരക്ക് 2019ല്‍ ആറായി കുറക്കാന്‍ സംസ്ഥാനത്തിന്റെ ഇടപ്പെലുകള്‍ മൂലം സാധ്യമായി.

കേരളത്തിന്റെ അഞ്ചിരട്ടിയാണ് ദേശീയ ശരാശരി. നിലവില്‍ കേരളത്തിന്റെ നിരക്ക് സമ്പന്ന രാഷ്ട്രമായ അമേരിക്കയ്ക്ക് തുല്യമാണ്. അതേസമയം ശിശുമരണ നിരക്ക് 42 ഉള്ള മധ്യപ്രദേശ് ദരിദ്ര രാജ്യങ്ങളായ യെമന്‍, സുഡാന്‍ എന്നിവയ്ക്കും താഴെയാണ്. ആയിരം കുട്ടികള്‍ ജനിക്കുമ്പോള്‍ നിശ്ചിത കാലയളവില്‍ ഒരു വയസ്സില്‍ താഴെയുള്ള എത്രകുട്ടികള്‍ മരിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ശിശുമരണ നിരക്ക് കണക്കാക്കുന്നത്.

രാജ്യത്തെ ആകെ ശിശുമരണ നിരക്ക് കുറഞ്ഞിട്ടുണ്ട്. നിലവില്‍ രാജ്യത്തെ ശിശുമരണ നിരക്ക് 30 ആണ്. എന്നാല്‍ 2009–14 കാലഘട്ടത്തില്‍ നേടിയ മികവ് പിന്നീട് രാജ്യത്തിന് തുടരാനായില്ല. 2009ല്‍ 50ആയിരുന്ന നിരക്ക് അഞ്ച് വര്‍ഷം കൊണ്ട് 39 എത്തി. എന്നാല്‍ പിന്നീടുള്ള അഞ്ച് വര്‍ഷത്തില്‍ നിരക്കിലുണ്ടായ കുറവ് ഒമ്പത് മാത്രമാണ്. മധ്യദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ചത്തീഗഢ് സംസ്ഥാനങ്ങളിലുണ്ടായ പിന്നോട്ട് പോക്കാണ് തിരിച്ചടിയായത്.

1971ല്‍ രാജ്യത്തെ ശിശുമരണനിരക്ക് 129 ആയിരുന്നു. 25 വര്‍ഷത്തില്‍ അത് നാലില്‍ ഒന്നായി കുറക്കാനായിട്ടുണ്ട്. ആഗോള തലത്തില്‍ ശിശുമരണ നിരക്ക് രണ്ടുള്ള ഫിന്‍ലാന്‍ഡ്, നോര്‍വേ, ഐസ്ലാന്‍ഡ്, സിങ്കപ്പൂര്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് മുന്നില്‍.

Exit mobile version