കൊച്ചി: സംസ്ഥാനത്ത് ഡീസൽ വില 100 കടന്നു. ശനി രാത്രി 12ന് ഡീസലിന് 38 പൈസ കൂട്ടിയതോടെ തിരുവനന്തപുരം പാറശാലയിൽ വില 100.09 രൂപയായി. തിരുവനന്തപുരം നഗരത്തിൽ 99.83 രൂപയും കൊച്ചിയിൽ 97.90 രൂപയും കോഴിക്കോട്ട് 98.20 രൂപയുമായി ഉയർന്നു.
പെട്രോളിന് 32 പൈസ വർധിപ്പിച്ചതോടെ തിരുവനന്തപുരത്ത് 106.41 രൂപയും കൊച്ചിയിൽ 104.34, കോഴിക്കോട്ട് 104.63 രൂപയും കൊടുക്കണം. ഈ മാസം ഒമ്പതാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞപ്പോൾ നിർത്തിവച്ചിരുന്ന ഇന്ധനവില കൂട്ടൽ സെപ്തംബർ 24നാണ് കേന്ദ്രം പുനരാരംഭിച്ചത്. അന്നുമുതൽ ഡീസലിന് 17 ദിവസത്തിനുള്ളിൽ 4.49 രൂപയും പെട്രോളിന് 13 ദിവസത്തിനുള്ളിൽ മൂന്നു രൂപയും കൂട്ടി. എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞ സമയത്ത് ഇന്ധനവില കുറയ്ക്കാൻ കേന്ദ്രം തയ്യാറായില്ല. ആറു മാസത്തിനുള്ളിൽ ഡീസലിന് 14.69 രൂപയാണ് കൂട്ടിയത്. കേന്ദ്രം നികുതി കുത്തനെ കൂട്ടിയതോടെയാണ് ഇന്ധനവില റെക്കോഡ് ഉയരത്തിലെത്തിയത്. ഡീസലിന്റെ എക്സൈസ് തീരുവ 15.83 രൂപയായിരുന്നത് കഴിഞ്ഞ വർഷം 31.80 രൂപയായി ഉയർത്തി. പെട്രോളിന് 19.98 രൂപയായിരുന്നത് 32.90 രൂപയുമാക്കി.