തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ നിയമസഭയില്‍ ഹാജരാകാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി. പി.വി. അന്‍വര്‍. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലുടെയാണ് അന്‍വറിന്റെ മറുപടി.
അന്‍വറിന്റെ മറുപടി:
പ്രിയപ്പട്ട പ്രതിപക്ഷ നേതാവേ, അങ്ങയുടെ പ്രസ്താവന ഇന്ന് കാണുകയുണ്ടായി. പി.വി അന്‍വര്‍ നിയമസഭയിലെത്തുന്നില്ല എന്ന അങ്ങയുടെ വിഷമം എന്നെ അതിശയിപ്പിക്കുന്നതാണ്. കഴിഞ്ഞ അഞ്ചര വര്‍ഷക്കാലം ജീവിതത്തിലൊരു കാലത്തും പി.വി അന്‍വര്‍ നിയമസഭയിലെത്തരുത് എന്ന നിലയ്ക്ക് പ്രവര്‍ത്തിച്ച പാര്‍ട്ടിയുടെയും മുന്നണിയുടെയും നേതാവാണ് താങ്കള്‍. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതാക്കന്‍മാരെയും അണിനിരത്തി വ്യക്തിപരമായ എല്ലാ ആരോപണങ്ങളും ഉയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടും എന്നെ പരാജയപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിച്ചില്ല. അന്നെല്ലാം നിങ്ങളുടെ ഉദ്ദേശം ഞാന്‍ നിയമസഭയില്‍ വരരുത് എന്നതായിരുന്നു. ഇപ്പോള്‍ നിയമസഭയില്‍ എന്നെ കാണാത്തതില്‍ അങ്ങേക്ക് സങ്കടം ഉണ്ട് എന്നറിഞ്ഞതില്‍ നല്ല സന്തോഷം തോന്നുന്നു.
പ്രിയപ്പെട്ട പ്രതിപക്ഷ നേതാവിനോട് ചോദിക്കാനുള്ളത് താങ്കളുടെ നേതാവ് രാഹുല്‍ ഗാന്ധി എവിടെയാണ് എന്നാണ്. അദ്ദേഹം ഇന്ത്യ വിട്ട് പോകുമ്പോള്‍ ഏത് രാജ്യത്തേക്കാണ് പോവുന്നത് എന്ന് പോലും ഇന്ത്യയിലെ ജനങ്ങളോടൊ കോണ്‍ഗ്രസ് നേതൃത്വത്തോടൊ പറയാറില്ല. രാജ്യത്തെ ഇന്റലിജന്‍സിന് പോലും അദ്ദേഹം ഏത് രാജ്യത്താണ് എന്നറിയാറില്ല. അങ്ങനെയുള്ള ഒരു നേതാവിന്റെ അനുയായിയാണ് താങ്കള്‍.
സ്വന്തം ഗുരുവിനെ പ്രതിപക്ഷ നേതൃസ്ഥാനത്തിനായി കുതികാല്‍ വെട്ടിയ ധാര്‍മികതയാണ് താങ്കളുടേത്. അതുകൊണ്ട് ധാര്‍മികതയെ കുറിച്ചൊന്നും ദയവായി എന്നോട് പറയരുത് നിയമസഭയില്‍ എപ്പോള്‍ വരണമെന്നൊക്കെ എനിക്ക് നന്നായറിയാം. അതിന് താങ്കളുടെ സഹായം ആവശ്യമില്ല. ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. അത് ഞാന്‍ നിറവേറ്റും.