Newsathouse

വാക്സിൻ വിമുഖത ലക്ഷ്യംതെറ്റിക്കും ; ആദ്യ 
ഡോസെടുക്കുന്നവരുടെ എണ്ണം കുറയുന്നു

തിരുവനന്തപുരം: തെറ്റിദ്ധാരണയും സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണവും  ഒരു വിഭാഗത്തെ വാക്സിൻ എടുക്കാൻ വിമുഖരാക്കുന്നു. 18 വയസ്സിന്‌ മുകളിലുള്ളവരുടെ ജനസംഖ്യയിൽ 18 ലക്ഷത്തോളം പേർ ഒന്നാം ഡോസ്‌ സ്വീകരിക്കാനുണ്ട്‌.

ഇതിൽ പത്ത്‌ ലക്ഷത്തോളം പേർ മൂന്ന്‌ മാസത്തിനിടെ കോവിഡ്‌ ബാധിച്ചവരാണ്‌. ഐസിഎംആർ മാർഗനിർദേശപ്രകാരം കോവിഡ്‌ മുക്തരായവർ മൂന്ന്‌ മാസം കഴിഞ്ഞുമാത്രമെ വാക്സിനെടുക്കാവൂ. ഇവരെ മാറ്റിനിർത്തിയാൽ, എട്ട്‌ ലക്ഷത്തോളംപേർ ഇനിയും വാക്സിനെടുക്കാനുണ്ട്‌. ഒരു വിഭാഗം മാറിനിന്നാൽ സാമൂഹ്യപ്രതിരോധശേഷി ആർജിക്കാനുള്ള സംസ്ഥാനത്തിന്റെ ലക്ഷ്യത്തെ പ്രതികൂലമായി ബാധിക്കും. 

സംസ്ഥാനം കോവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കുമ്പോൾ ആരും കോവിഡ് വാക്‌സിനോട് വിമുഖത കാട്ടരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. എല്ലാ കാലവും സംസ്ഥാനത്തിന് അടച്ചിടാനാകില്ല. ജനങ്ങളുടെ ജീവനും ജീവനോപാധിയും ഒരുപോലെ സംരക്ഷിക്കേണ്ടതുണ്ട്. കോളേജുകൾ തുറന്നു തുടങ്ങി. സ്‌കൂളുകളും അടുത്തമാസം ആദ്യത്തോടെ തുറക്കും. ഈ സാഹചര്യത്തിൽ കുറച്ചുപേർ വാക്‌സിൻ എടുക്കാതെ മാറി നിൽക്കുന്നത് സമൂഹത്തിന്‌ ആപത്താണ്–-മന്ത്രി പറഞ്ഞു. സംസ്ഥാനത്ത്  ആവശ്യത്തിന് വാക്‌സിൻ സ്റ്റോക്കുണ്ട്. 

ഒക്‌ടോബർ ഒന്നുമുതൽ അഞ്ചുവരെ  5,65,432 ഡോസ് വാക്‌സിനാണ് സംസ്ഥാനത്ത്‌ വിതരണം ചെയ്തത്‌. ഇതിൽ ആദ്യ ഡോസ് എടുത്തവർ 1,28,997 മാത്രമാണ്‌. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കാനാകും.

Exit mobile version