എന്റെ ജോലി നഷ്ടപ്പെടാന്‍ കാരണം അജിത്താണ്. അജിത്തിനെ കാണണം… പൊട്ടിക്കരഞ്ഞുകൊണ്ട് യുവതി പറഞ്ഞു. തമിഴ് സൂപ്പര്‍ താരം അജിത്തിന്റെ വീടിനു മുന്നിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിയെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.
സംഭവം ഇങ്ങനെ. നഴ്‌സായ ഫര്‍സാനയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സ്വകാര്യ ആശുപത്രിയിരുന്നു ഫര്‍സാന ജോലി ചെയ്തിരുന്നത്. ഒരിക്കല്‍ ആശുപത്രിയില്‍ അജിത്തും ശാലിനിയും വന്നു. ഇരുവര്‍ക്കുമൊപ്പം നിന്ന് ഫര്‍സാന വിഡിയോ എടുത്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.
വിഡിയോ വൈറലായി. ഇതോടെ ഫര്‍സാനയെ ആശുപത്രി അധികൃതര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ജോലി സ്ഥലത്തെ നിയമങ്ങള്‍ ലംഘിച്ചു എന്ന് ആരോപിച്ചായിരുന്നു നടപടി.
തുടര്‍ന്ന് ഫര്‍സാന ശാലിനിയെ സമീപിച്ച് സഹായം അഭ്യര്‍ഥിച്ചു. അതിനിടെയാണ് ഫര്‍സാന അജിത്തിന്റെ വീട്ടിലേക്ക് എത്തിയത്. താരത്തിന്റെ വീടിന് സുരക്ഷ നല്‍കുന്ന പൊലീസുകാര്‍ തടഞ്ഞു. ഫര്‍സാനയെ സമാധാനിപ്പിച്ച് തിരിച്ചയയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ജോലി നഷ്ടപ്പെടാന്‍ കാരണം അജിത്താണെന്നും അജിത്തിനെ കാണണമെന്നും പറഞ്ഞ് ഇവര്‍ കരയാന്‍ തുടങ്ങി. തുടര്‍ന്നാണ് തീ കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
പൊലിസും നാട്ടുകാരും ചേര്‍ന്ന് ദേഹത്തേക്ക് വെള്ളമൊഴിച്ച് തീയണച്ചു. പൊലിസ് യുവതിയെ അറസ്റ്റ് ചെയ്തു. പിന്നീട് കൗണ്‍സലിങ് നല്‍കി വിട്ടയച്ചു.